'അടുത്തതായി കൊല്ലപ്പെടുക അദ്ദേഹമായിരിക്കുമെന്നായിരുന്നു എൻ്റെ ആശങ്ക': രാജീവ്, ഇന്ദിര വധം ഓർമ്മിച്ച് സോണിയ

ഇന്ദിര ​ഗാന്ധിയുടെ മൃതദേഹം ആശുപത്രിയിൽ ഉള്ളപ്പോഴാണ് പ്രധാനമന്ത്രിയുടെ ചുമതല ഏറ്റെടുക്കാൻ ആവശ്യപ്പെട്ടതായുള്ള വിവരം രാജീവ് തന്നെ അറിയിച്ചതെന്നും സോണിയ അനുസ്മരിക്കുന്നുണ്ട്

ന്യൂഡൽഹി: ഇന്ദിര ​ഗാന്ധിയെ അം​ഗരക്ഷകർ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം സോണിയാ ​ഗാന്ധി ദി ​ഗാർഡിയന് നൽകിയ അഭിമുഖത്തിൽ അനുസ്മരിച്ചു. വെടിയേറ്റ ഇന്ദിരയയെ താങ്ങിയെടുത്ത് ആശുപത്രിയിലേയ്ക്ക് കാറിൽ കയറ്റിയത് സോണിയ ആയിരുന്നു. 'എവിടെയും രക്തമായിരുന്നു. എന്റെ ചോദ്യങ്ങൾക്ക് അവർ മറുപടി നൽകുന്നില്ലെന്ന് എനിക്ക് മനസ്സിലായി. അവർ ഇതിനകം മരിച്ചുകഴിഞ്ഞിരിക്കാമെന്ന് തോന്നി. വീട്ടിൽനിന്ന് ആശുപത്രിയിലേക്കുള്ള യാത്ര അതീവ വേദനാജനകമായിരുന്നു. റോഡിൽ വലിയ തിരക്കൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും യാത്ര വളരെ പതുക്കെയാണെന്ന് തോന്നി. അവർ സംസാരിക്കുന്നില്ലാത്തതിനാൽ എല്ലാം അവസാനിച്ചുവെന്ന് എനിക്കറിയാമായിരുന്നു' എന്നായിരുന്നു സോണിയ ആ സമയത്തെക്കുറിച്ച് ​ദി ​ഗാർഡിയനോട് വെളിപ്പെടുത്തിയിരിക്കുന്നത്. 'ഞാൻ അതേക്കുറിച്ച് സംസാരിക്കാറില്ല. ആരെങ്കിലും ചോദിച്ചാൽ മാത്രമാണ് പറയാൻ ശ്രമിക്കുന്നത്. അതും വളരെ പ്രയാസപ്പെട്ടാ'ണെന്ന് ചൂണ്ടിക്കാണിച്ച് ആ അനുഭവത്തിലെ ചില കാര്യങ്ങൾ ഇപ്പോഴും തുറന്നുപറയാൻ കഴിയില്ലെന്നും സോണിയ വ്യക്തമാക്കുന്നുണ്ട്.

ഇന്ദിര ​ഗാന്ധിയുടെ മൃതദേഹം ആശുപത്രിയിൽ ഉള്ളപ്പോഴാണ് പ്രധാനമന്ത്രിയുടെ ചുമതല ഏറ്റെടുക്കാൻ ആവശ്യപ്പെട്ടതായുള്ള വിവരം രാജീവ് തന്നെ അറിയിച്ചതെന്നും സോണിയ അനുസ്മരിക്കുന്നുണ്ട്. രാഷ്ട്രീയത്തിലേക്ക് വരരുതെന്ന് താൻ രാജീവിനോട് അപേക്ഷിച്ചിരുന്നുവെന്നും ആ സംഭാഷണം ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കുന്നതുപോലെ അനുഭവപ്പെട്ടുവെന്നും സോണിയ ഓർമ്മിച്ചു. ഇന്ദിരയുടെ മരണത്തിനുശേഷം സോണിയ കടുത്ത മാനസികാഘാതത്തിലേക്കും വിഷാദത്തിലേക്കും വീണു. 'ജീവനില്ലാത്ത ഒരു പ്രേതത്തെപ്പോലെയായിരുന്നു തന്റെ ജീവിത'മെന്നാണ് അവർ ഓർമ്മിച്ചെടുത്തത്. ഇന്ദിരയുടെ മരണശേഷം രാജീവ് ​ഗാന്ധി അനുഭവിച്ച വേദനയെക്കുറിച്ചും സോണിയ ഓർമ്മിക്കുന്നുണ്ട്. 'രാജീവ് ഒരിക്കലും തന്റെ വേദന പുറത്തുകാണിച്ചിരുന്നില്ല. അമ്മയുടെ പഠനമുറിയിൽ, അവർ ഇരിക്കാറുണ്ടായിരുന്ന കസേരകളിലൊന്നിൽ അദ്ദേഹം ഇരുന്ന് കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ പൊതുസമൂഹത്തിന് മുന്നിൽ ആ വേദന മറച്ചുവെക്കേണ്ടതുണ്ടെന്ന് അദ്ദേഹത്തിന് തോന്നിയിരുന്നു' എന്നായിരുന്നു സോണിയയുടെ പ്രതികരണം.

ഇന്ദിരയുടെ മരണശേഷം ഭയം ജീവിതത്തെ കീഴടക്കിയെന്നും സോണിയ അനുസ്മരിച്ചു. 'ഭയം യാഥാർഥ്യമായിരുന്നു. അടുത്തതായി കൊല്ലപ്പെടുക അദ്ദേഹമായിരിക്കുമെന്നായിരുന്നു എന്റെ എക്കാലത്തെയും ആശങ്ക' എന്നാണ് ആ ഘട്ടത്തെ സോണിയ ഓർമ്മിച്ചെടുത്തത്. രാജീവ് ​ഗാന്ധിയുടെ മരണശേഷം സോണിയ കടന്നുപോയ മനോനിലകളെക്കുറിച്ച് ഒപ്പമിരുന്ന പ്രിയങ്കയാണ് ഓർമ്മിച്ചെടുത്തത്. രാജീവിന്റെ മരണശേഷം സോണിയ പകൽ മുഴുവൻ ഇരുട്ടുമുറിയിൽ ചെലവഴിക്കുകയും മൊസാർട്ടിന്റെ റെക്വിയം സംഗീതം കേട്ടുകൊണ്ടിരിക്കുകയും ചെയ്തിരുന്നുവെന്ന് പ്രിയങ്ക അനുസ്മരിച്ചു. ദുഃഖത്തിനൊപ്പം കടുത്ത രോഷവും അമ്മയിലുണ്ടായിരുന്നുവെന്നും പ്രിയങ്ക ഓർമ്മിച്ചു. 'അമ്മ അദ്ദേഹത്തോട് ദേഷ്യപ്പെട്ടിരുന്നു. കരയുമ്പോൾ ‘എന്നെ തനിച്ചാക്കി അദ്ദേഹം എങ്ങനെ പോയി? എന്തിനാണ് അദ്ദേഹം എന്നെ വിട്ടുപോയത്?’ എന്ന് ചോദിച്ച് നിലവിളിക്കുമായിരുന്നു' എന്നായിരുന്നു പ്രിയങ്ക ഓർമ്മിച്ചത്. സഹോദരി ഇറ്റലിയിലേക്ക് മടങ്ങാൻ നിർബന്ധിച്ചെങ്കിലും അതിനെക്കുറിച്ച് ചിന്തിക്കാൻപോലും അവർക്ക് കഴിഞ്ഞില്ലെന്നും സോണിയ ഓർമ്മിച്ചു. 'ഇന്ത്യയായിരുന്നു എന്റെ വീട്. എന്റെ മക്കളുടെ വീടും ഇന്ത്യ തന്നെയായിരുന്നു' എന്നായിരുന്നു ആ ക്ഷണം നിരസിച്ചതിനെക്കുറിച്ച് പ്രിയങ്ക ഓർമ്മിച്ചത്.

രാജീവിനെതിരായ വധഭീഷണികൾ ആക്രമണത്തിന് മുമ്പ് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരുന്നുവെന്ന് പിന്നീട് സോണിയ അറിഞ്ഞു. ശ്രീലങ്കൻ ആഭ്യന്തരയുദ്ധത്തിൽ ഇന്ത്യ ഇടപെട്ടതിനെത്തുടർന്ന് പ്രകോപിതരായ തമിഴ് പുലികളായിരുന്നു ഭീഷണി ഉയർത്തിയിരുന്നത്. എന്നാൽ അധികാരത്തിലെത്തിയ പുതിയ സർക്കാർ ഈ മുന്നറിയിപ്പുകൾ അവഗണിക്കുകയും രാജീവിന്റെ ഉയർന്ന സുരക്ഷാ പരിരക്ഷ പിൻവലിക്കുകയും ചെയ്തുവെന്നാണ് സോണിയയുടെ ആരോപണം. രാജീവ് ഗാന്ധിയുടെ വധത്തിനു പിന്നിലെ വലിയ ഗൂഢാലോചനയുടെ യാഥാർഥ്യം ഇപ്പോഴും പുറത്തുവന്നിട്ടില്ലെന്നാണ് അവരുടെ വിശ്വാസം. ഈ കൊലപാതകം അന്വേഷിക്കാൻ നിയോഗിച്ച ഏറ്റവും പുതിയ കമ്മിഷനെ മോദി സർക്കാർ പിരിച്ചുവിട്ടതായും അവർ പറയുന്നു.

Content Highlights: Sonia Gandhi recalls the assassinations of Indira Gandhi and Rajiv Gandhi, revealing her fears that Rajiv could be the next target amid the family's political turmoil

To advertise here,contact us