ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇന്ത്യയിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷ ഉപേക്ഷിക്കണമെന്ന് അദ്ദേഹം സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ 40 വർഷത്തിനിടെ ഒൻപത് വ്യത്യസ്ത സംസ്ഥാനങ്ങളിൽ കോൺഗ്രസിന് അധികാരത്തിലെത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ആഭ്യന്തരയുദ്ധത്തിന് സാഹചര്യമൊരുക്കാനാണ് ഗാന്ധി കുടുംബം ശ്രമിക്കുന്നതെന്നും ഗിരിരാജ് സിങ് ആരോപിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനങ്ങളുടെ ശബ്ദം അടിച്ചമർത്തിയ അതേ കോൺഗ്രസ് പാർട്ടിയിൽ നിന്നാണ് ഇപ്പോൾ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
രാഹുൽ ഗാന്ധിയെ പരാമർശിച്ചുകൊണ്ട്, മകനെ രാഷ്ട്രീയത്തിൽ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തി സോണിയ ഗാന്ധി മടുത്തുവെന്നും ഗിരിരാജ് സിങ് പരിഹസിച്ചു. സോണിയ ഗാന്ധിക്കെതിരെ ഗുരുതരമായ ആരോപണങ്ങളും ഗിരിരാജ് സിങ്ങ് ഉന്നയിച്ചു. 12 വർഷത്തോളം ഇന്ത്യൻ പൗരത്വമില്ലാതെ രാജ്യത്ത് താമസിച്ചെന്നും നിയമവിരുദ്ധമായി വോട്ട് ചെയ്തെന്ന ആരോപണം നേരിടുന്നുണ്ടെന്നുമായിരുന്നു സോണിയ ഗാന്ധിക്കെതിരെയുള്ള ഗിരിരാജ് സിങ്ങിൻ്റെ ആരോപണം. രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
"സോണിയ ഗാന്ധിക്ക് ദൈവം ദീർഘായുസ് നൽകട്ടെ. മകനെ രാഷ്ട്രീയത്തിൽ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തി നിങ്ങൾ മടുത്തിരിക്കുകയാണ്. നിങ്ങൾ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നോ? നിങ്ങൾക്ക് ലജ്ജ തോന്നണം. 12 വർഷത്തോളം പൗരത്വമില്ലാതെയാണ് ഈ രാജ്യത്ത് താമസിച്ചത്. അതിനിടെ വോട്ട് ചെയ്തെന്നും ആരോപണമുണ്ട്. നിങ്ങളുടെ മകന്റെ പൗരത്വത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട് എന്നായിരുന്നു ഗിരിരാജ് സിങ്ങിൻ്റെ പ്രതികരണം. ഈ മോഹങ്ങളെല്ലാം ഉപേക്ഷിക്കുക. പത്ത് വർഷത്തിനുള്ളിൽ അധികാരത്തിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ പോലും വേണ്ട. ഈ രാജ്യത്ത് കോൺഗ്രസ് ഇനി ഒരിക്കലും അധികാരത്തിൽ തിരിച്ചെത്തില്ല. കഴിഞ്ഞ 40 വർഷമായി ഒൻപത് വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിങ്ങൾക്ക് അധികാരത്തിലെത്താൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ ആഭ്യന്തരയുദ്ധത്തിന് സാഹചര്യമൊരുക്കാനാണ് ഗാന്ധി കുടുംബം ശ്രമിക്കുന്നതെന്നും ഗിരിരാജ് സിങ് ആരോപിച്ചു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനങ്ങളുടെ ശബ്ദം അടിച്ചമർത്തിയ അതേ കോൺഗ്രസ് പാർട്ടിയിൽ നിന്നാണ് ഇപ്പോൾ ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. 'നിങ്ങളും നിങ്ങളുടെ മകനും ഇന്ത്യയിൽ ആഭ്യന്തരയുദ്ധം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ആ മോഹവും ഒരിക്കലും സഫലമാകില്ലെ'ന്നും ഗിരിരാജ് സിങ് പറഞ്ഞു.
ഇതിനിടെ ബിജെപി സർക്കാരിനെതിരായ സോണിയ ഗാന്ധിയുടെ പരാമർശങ്ങൾക്ക് പിന്തുണയുമായി കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ രംഗത്തെത്തി. ബിജെപി ഭരണത്തിൽ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ പലവിധത്തിൽ അട്ടിമറിക്കപ്പെടുകയാണെന്ന ആശങ്കയാണ് സോണിയ ഗാന്ധി ഉയർത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം താഴേക്ക് പോയെന്നും തെരുവുകളിൽ ജെൻ സി വിഭാഗം മുതൽ സൈനികർ വരെ പ്രതിഷേധിക്കേണ്ട സാഹചര്യമുണ്ടെന്നും പ്രിയങ്ക് ഖാർഗെ ചൂണ്ടിക്കാട്ടി. ഐ ടി, ഇ ഡി, സിബിഐ തുടങ്ങിയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ഭരണഘടനയെ പലവിധത്തിൽ അട്ടിമറിക്കുകയാണെന്നും സംവരണ വിഷയത്തിൽ കൂടുതൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി വരുതിയിലാക്കിയെന്നും സംസ്ഥാനങ്ങളിലും ദേശീയ തലത്തിലും രാഷ്ട്രീയ നേട്ടത്തിനായി തിരഞ്ഞെടുപ്പ് ഫലങ്ങൾ കൃത്രിമമായി സൃഷ്ടിക്കുകയാണെന്നും പ്രിയങ്ക് ഖാർഗെ ആരോപിച്ചു. ബിജെപിയുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഭരണസംവിധാനം തന്നെ ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും ഭരണഘടന മാറ്റണമെന്ന ആഗ്രഹം ബിജെപി നേതാക്കൾ തന്നെ പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് എംപി പ്രമോദ് തിവാരിയും സോണിയ ഗാന്ധിയുടെ പരാമർശങ്ങളെ പിന്തുണച്ചു. അവരുടെ വാക്കുകൾ സത്യത്തിൽ അധിഷ്ഠിതവും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതും ചരിത്രപരമായ പശ്ചാത്തലമുള്ളതുമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപിയും അതിന്റെ മുൻരൂപമായ ഭാരതീയ ജനസംഘും ഭരണഘടനയിലെ തുല്യപദവി ഉറപ്പാക്കുന്ന വ്യവസ്ഥകളെ നിരന്തരം ലക്ഷ്യമിട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഭരണഘടനയിലെ 15 മുതൽ 25 വരെയുള്ള അനുച്ഛേദങ്ങൾക്കും 26, 27 അനുച്ഛേദങ്ങൾക്കും നേരെയാണ് ബിജെപി ഏറ്റവും ശക്തമായ ആക്രമണം നടത്തിയിട്ടുള്ളതെന്ന് പ്രമോദ് തിവാരി പറഞ്ഞു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകർക്കുകയും വിദേശനയത്തെ ദുർബലപ്പെടുത്തുകയും ചെയ്ത ബിജെപി, അതിനേക്കാളുപരി രാജ്യത്തിന്റെ സാമൂഹിക ഐക്യവും കെട്ടുറപ്പും തകർത്തുവെന്നും അദ്ദേഹം വിമർശിച്ചു.
1975-ൽ പ്രഖ്യാപിച്ച 21 മാസം നീണ്ട അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യ അവകാശങ്ങൾ നിയന്ത്രിക്കപ്പെട്ടിരുന്നുവെങ്കിലും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സാഹചര്യം തിരിച്ചറിഞ്ഞിരുന്നുവെന്ന സോണിയ ഗാന്ധിയുടെ പരാമർശങ്ങളാണ് രാഷ്ട്രീയ വിവാദത്തിന് തുടക്കമിട്ടത്. 1977 മാർച്ചിൽ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥക്കാലത്ത് നടന്ന അതിക്രമങ്ങളിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നുവെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlights: Union Minister Giriraj Singh has criticised Sonia Gandhi, calling it ironic that the Congress leader speaks about democracy, triggering fresh political criticism of the party