ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഇ ഡി ഹര്‍ജി: ന്യൂസ് ക്ലിക്കിനും പുരകായസ്തയ്ക്കും സുപ്രീം കോടതി നോട്ടീസ്

കള്ളപ്പണം വെളുപ്പിക്കല്‍ കേസും എഫ്‌ഐആറും റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്

ന്യൂഡല്‍ഹി: ഡിജിറ്റല്‍ വാര്‍ത്താ പോര്‍ട്ടലായ ന്യൂസ് ക്ലിക്കിനും എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായസ്തയ്ക്കും സുപ്രീം കോടതി നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസും എഫ്‌ഐആറും റദ്ദാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. നാല് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാന്‍ ന്യൂസ് ക്ലിക്കിനോടും പ്രബീര്‍ പുരകായസ്തയോടും സുപ്രീം കോടതി നിര്‍ദേശിച്ചു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഇ ഡിയുടെ അപ്പീല്‍ പരിഗണിച്ചത്. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിന്റെ അസാന്നിധ്യം ചൂണ്ടിക്കാട്ടി ഇഡി അഭിഭാഷകന്‍ കേസ് മാറ്റിവെക്കാനും നാല് ആഴ്ചത്തെ സമയം അനുവദിക്കാനും ആവശ്യപ്പെട്ടു. ഈ സമയത്ത്, ഇഡി സമര്‍പ്പിച്ച അപ്പീല്‍ 'വിശ്വാസ്യത പകരുന്നില്ല' (does not inspire confidence) എന്ന് ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു.

അടിസ്ഥാന കുറ്റകൃത്യവുമായി ബന്ധപ്പെട്ട എഫ്‌ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഡല്‍ഹി പൊലീസും അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഇഡി കോടതിയെ അറിയിച്ചു. വിധി പ്രസ്താവിക്കുന്നതില്‍ അഞ്ച് മാസത്തെ കാലതാമസം ഉണ്ടായെന്നും, കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ശരിയായി പരിശോധിക്കാതെയാണ് ഹൈക്കോടതി എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് (ഇസിഐആര്‍) റദ്ദാക്കിയതെന്നും ഇഡി വാദിച്ചു. വിദേശ നിക്ഷേപ നിയമങ്ങള്‍ മറികടക്കാന്‍ പ്രത്യേക ഘടനയുണ്ടാക്കി 9.59 കോടി രൂപ വിദേശ നിക്ഷേപം സ്വീകരിച്ചുവെന്നും, ബാങ്കുകള്‍ക്കും അധികാരികള്‍ക്കും തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും ഇഡി ആരോപിച്ചു.

2026 മെയ് 29ന് ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ ഡല്‍ഹി പൊലീസിന്റെ ഇക്കണോമിക് ഒഫന്‍സ് വിങ്ങിന്റഎ (ഇഒഡബ്ല്യു) എഫ്‌ഐആറും ഇഡിയുടെ ഇസിഐആറും റദ്ദാക്കിക്കൊണ്ട് പുരകായസ്തയ്ക്കും ന്യൂസ് ക്ലിക്കിനും അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു

ഡല്‍ഹി പൊലീസിന്റെ ഇക്കണോമിക് ഒഫന്‍സ് വിങ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറുമായി മുന്നോട്ട് പോകുന്നത് 'നിയമനടപടികളുടെ നഗ്‌നമായ ദുരുപയോഗമല്ലാതെ മറ്റൊന്നുമല്ല' എന്ന് ഹൈക്കോടതി നിരീക്ഷിച്ചു. അടിസ്ഥാന കുറ്റകൃത്യത്തിലെ എഫ്‌ഐആര്‍ റദ്ദാക്കപ്പെടുമ്പോള്‍, അതില്‍ നിന്നും രൂപപ്പെട്ട ഇഡിയുടെ ഇസിഐആറും അവസാനിപ്പിക്കാന്‍ ബാധ്യസ്ഥമാണെന്ന് കോടതി വ്യക്താക്കി.

വഞ്ചനാക്കുറ്റം (IPC 420) നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. യുഎസ് കമ്പനിയായ വേള്‍ഡ് വൈഡ് മീഡിയ ഹോള്‍ഡിങ്‌സ് എല്‍എല്‍സി (Worldwide Media Holdings LLC) 1.5 മില്യണ്‍ യു.എസ് ഡോളര്‍ (9.59 കോടി രൂപ) ന്യൂസ് ക്ലിക്കില്‍ നിക്ഷേപിച്ചുവെങ്കിലും, തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി അവര്‍ പരാതിപ്പെട്ടിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 'വഞ്ചനാക്കുറ്റം ചുമത്തണമെങ്കില്‍ തങ്ങളുടെ വിലപ്പെട്ട സ്വത്ത് നഷ്ടപ്പെട്ട അല്ലെങ്കില്‍ വഞ്ചിക്കപ്പെട്ട ഒരു വ്യക്തി ഉണ്ടായിരിക്കണം' എന്ന് നിരീക്ഷിച്ച കോടതി, അന്വേഷണ റിപ്പോര്‍ട്ടില്‍ അങ്ങനെ വഞ്ചിക്കപ്പെട്ടതായി ആരും ഉയര്‍ന്നുവന്നിട്ടില്ലെന്നും പ്രത്യേകം ചൂണ്ടിക്കാട്ടിയിരുന്നു.

വിശ്വാസവഞ്ചന (IPC 406), ക്രിമിനല്‍ ഗൂഢാലോചന (IPC 120B) എന്നീ വകുപ്പുകളും നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത് ഓഹരി നിക്ഷേപവും വാങ്ങലുമായി ബന്ധപ്പെട്ട ബിസിനസ് ഇടപാട് മാത്രമാണെന്നും, ഒരു തരത്തിലും ഇത് വിശ്വാസവഞ്ചനയോ ഫണ്ട് വകമാറ്റലോ ആയി വ്യാഖ്യാനിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വിലയിരുത്തി. കക്ഷികള്‍ തമ്മില്‍ ഒരു കരാറില്‍ ഏര്‍പ്പെട്ടു എന്നതുകൊണ്ട് മാത്രം ഗൂഢാലോചനയാകില്ലെന്നും കോടതി വ്യക്തമാക്കി. അതിനു പിന്നിലെ നിയമവിരുദ്ധ ലക്ഷ്യമോ നിയമവിരുദ്ധ മാര്‍ഗങ്ങളോ വ്യക്തമാക്കാന്‍ ഇഡിക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

2020 ഓഗസ്റ്റില്‍ ഡല്‍ഹി പോലീസിന്റെ ഇഒഡബ്ല്യു, ന്യൂസ് ക്ലിക്കിന്റെ മാതൃ കമ്പനിയായ പിപികെ ന്യൂസ് ക്ലിക് സ്റ്റുഡിയോ പ്രൈവറ്റ് ലിമിറ്റഡ് (PPK NewsClick Studio Pvt Ltd), പ്രബീര്‍ പുരകായസ്ത എന്നിവര്‍ക്കെതിരെ ഐപിസി 406, 420, 120ആ വകുപ്പുകള്‍ പ്രകാരം എടുത്ത കേസാണ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നത്. 2018-19 കാലയളവില്‍ വിദേശ നിക്ഷേപ നിയമങ്ങള്‍ ലംഘിച്ച് ഓഹരികളുടെ മൂല്യം കൃത്രിമമായി വര്‍ധിപ്പിച്ച് വിദേശ ധനസഹായം കൈപ്പറ്റിയെന്നായിരുന്നു ആരോപണം.

ഇതേത്തുടര്‍ന്ന് ഇ.ഡി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം (പിഎംഎല്‍എ) കേസെടുക്കുകയും ന്യൂസ് ക്ലിക്ക് ഓഫീസുകളില്‍ റെയ്ഡ് നടത്തുകയും ചെയ്തു. 2021 ജൂലൈയില്‍ പ്രബീര്‍ പുര്‍കായസ്തയ്ക്ക് അറസ്റ്റില്‍ നിന്ന് ഹൈക്കോടതി ഇടക്കാല സംരക്ഷണവും 2025 ജൂലൈയില്‍ മുന്‍കൂര്‍ ജാമ്യവും അനുവദിച്ചിരുന്നു.

Content highlight: The Supreme Court has issued notices to digital news portal NewsClick and its Editor-in-Chief, Prabir Purkayastha. The notices were issued on a petition filed by the Enforcement Directorate (ED) challenging the Delhi High Court's verdict quashing the money laundering case and the FIR. The Supreme Court has directed NewsClick and Prabir Purkayastha to submit their responses within four weeks.

To advertise here,contact us