ന്യൂഡല്‍ഹി: SIR സംബന്ധിച്ച സംവാദത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ ആഭ്യന്തരമന്ത്രി അമിത് ഷായെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. SIRമായി ബന്ധപ്പെട്ട ചര്‍ച്ചകളെ കുറിച്ച് അമിത് ഷാ നടത്തിയ പരസ്പര ബന്ധമില്ലാത്ത പ്രസ്താവനകളുടെ വീഡിയോകള്‍ പങ്കുവച്ച് കൊണ്ടായിരുന്നു രാഹുലിന്റെ വെല്ലുവിളി.
'അമിത് ഷാ ജീ, മോദി ജിയെ കണ്ഫ്യൂസ് ആക്കരുത്. എന്നോടൊപ്പം ഒരു തുറന്ന സംവാദത്തിന് അദ്ദേഹത്തെ കണ്‍വീന്‍സ് ചെയ്യിക്കൂ. എവിടെ വേണമെങ്കിലും ഏത് സമയത്തും തയ്യാര്‍. വെറുതെ ഭയപ്പെടല്ലേ'- ദൃശ്യങ്ങൾ രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
രാഹുല്‍ പങ്കുവച്ച വീഡിയോകളില്‍ ഒന്നിൽ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 10ന് അമിത് ഷാ SIR ചർച്ചയെ കുറിച്ച് പറഞ്ഞ പ്രസ്താവനയാണുള്ളത്. ഇതില്‍ വോട്ട് ചോരിയെ കുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിന്, SIR ചര്‍ച്ചകള്‍ പാര്‍ലമെന്റില്‍ നടക്കില്ലെന്നും സ്വതന്ത്രസ്ഥാപനമായ ഇലക്ഷന് കമ്മീഷന് കീഴിലാണ് ഈ വിഷയം വരികയെന്നുമായിരുന്നു ഷായുടെ വിശദീകരണം. എന്നാല്‍ SIRനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കാമെന്നാണ് കഴിഞ്ഞ ദിവസം അമിത് ഷാ പറഞ്ഞത്. ഇതിന്റെ ദൃശ്യങ്ങളും രാഹുലിന്റെ എക്സ് പോസ്റ്റിലുണ്ട്.
'രാഹുല്‍ ഗാന്ധിയുടെ ആശങ്കയില്‍ എന്തെങ്കിലും സത്യമുണ്ടെങ്കില്‍, പാര്‍ലമെന്റിനുള്ളില്‍ ചര്‍ച്ച ചെയ്യാം. നേര്‍ക്കുനേര്‍ തന്നെ നേരിടാം. പക്ഷേ നിങ്ങള്‍ക്ക് മറുപടി കൈകാര്യം ചെയ്യാന്‍ കഴിയാതെ ഓടിപോകേണ്ടി വരും'.- എന്നാണ് ഹരിയാനയിലെ കര്നാളില് നടന്ന ഒരു റാലിയില്‍ അമിത് ഷാ കഴിഞ്ഞദിവസം പറഞ്ഞത്. അതേസമയം തുറന്ന സംവാദത്തിൽ അഞ്ച് നിമിഷങ്ങള്‍ക്കൊണ്ട് മോദി ഒരു രാജ്യദ്രോഹിയാണെന്ന് തനിക്ക് തെളിയിക്കാൻ കഴിയുമെന്നും രാഹുൽ വെല്ലുവിളിച്ചിട്ടുണ്ട്.
Content Highlights: Rahul Gandhi challenged Union Home Minister Amit Shah to a debate on the Special Intensive Revision (SIR) process. He urged Shah to convince Prime Minister Narendra Modi on the issue rather than confuse him