ഡല്‍ഹിയിൽ കെട്ടിടം തകർന്ന് വീണ സംഭവം: മൂന്ന് തൊഴിലാളികളെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തി

അപകടത്തില്‍ ഇതുവരെ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

ന്യൂഡൽഹി: ഡല്‍ഹിയിലെ ചാവ്രി ബസാറിലെ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മൂന്ന് തൊഴിലാളികളെ കൂടി കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ നിന്ന് കണ്ടത്തി. അപകടത്തില്‍ ഇതുവരെ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാല് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കെട്ടിടത്തിന്റെ നിര്‍മാണം നിയമ വിരുദ്ധമാണെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ കെട്ടിട ഉടമയ്‌ക്കെതിരെയും കരാറുകാരനെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ സംഭവത്തെ തുടര്‍ന്ന് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ എന്‍ജിനീയറെയും അസിസ്റ്റന്റ് എന്‍ജിനീയറെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ 9.50ഓടെയാണ് അപകടമുണ്ടായത്. ചാവ്രി ബസാര്‍ മെട്രോ സ്റ്റേഷന് സമീപമുള്ള ഗലി സിതാരയിലാണ് കെട്ടിടം തകര്‍ന്നുവീണത്. സംഭവത്തെ തുടര്‍ന്ന് ആറ് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. വാട്ടര്‍ ടെന്‍ഡറുകളും രക്ഷാപ്രവര്‍ത്തന വാഹനങ്ങളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് സ്ഥലത്തെത്തിച്ചത്. രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി നിര്‍മാണം നടന്നുവരുന്ന കെട്ടിടത്തില്‍ ആരും താമസിച്ചിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അപകടസമയത്ത് തൊഴിലാളികള്‍ മാത്രമാണ് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. കെട്ടിടത്തിന്റെ ഉടമ കുടുംബത്തോടൊപ്പം മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്. ഡല്‍ഹിയിലെ സത്യ നികേതനില്‍ പേയിങ് ഗസ്റ്റ് താമസസൗകര്യമായിരുന്ന അഞ്ച് നില കെട്ടിടം തകര്‍ന്ന് ഏഴ് പേര്‍ മരിച്ച് രണ്ട് മാസത്തോളം പിന്നിടുമ്പോഴാണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. സെപ്റ്റംബര്‍ ആറിനായിരുന്നു സത്യ നികേതനിലെ അപകടം.

Content Highlights: Three workers have been found in the debris following a building collapse in Delhi. Rescue operations are underway at the site.

To advertise here,contact us