ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് നുണ പറയുന്നത് നിര്‍ത്തണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മോദി പ്രധാനമന്ത്രിയായതും തുടരുന്നതും വിദേശ സഹായത്താലാണെന്നും ഏത് സമയത്തും ഏത് വേദിയിലും വിഷയത്തില്‍ സംവാദം നടത്താന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
'മിസ്റ്റര്‍ മോദി, ഈ രാജ്യത്തോട് കള്ളം പറയുന്നത് നിര്‍ത്തൂ. വിദേശ സഹായം കൊണ്ടാണ് നിങ്ങള്‍ പ്രധാനമന്ത്രിയായത്. വിദേശ സഹായം കൊണ്ടാണ് നിങ്ങള്‍ പ്രധാനമന്ത്രിയായി തുടരുന്നത്. നിങ്ങളുടെ സമ്പത്ത് പൂര്‍ണ്ണമായും നിയന്ത്രിക്കുന്നതും പിന്തുണയ്ക്കുന്നതും വിദേശികളാണ്. വിദേശ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമങ്ങള്‍ മോദിക്ക് ശക്തമായ പിന്തുണ നല്കുന്നു. ഇതിനെക്കുറിച്ച് തുറന്ന സംവാദത്തിന് ഏത് ഘട്ടത്തിലും, ഏത് സമയത്തും ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു. ധൈര്യമുണ്ടെങ്കില്‍ വരൂ. നിങ്ങള്‍ ധൈര്യപ്പെടില്ല, കാരണം നിങ്ങളെക്കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങള്‍ നിങ്ങളെ ഭയപ്പെടുത്തുന്നു', രാഹുല്‍ കുറിച്ചു.
രാജ്യത്തെ അസ്ഥിരപ്പെടുത്താൻ പ്രതിപക്ഷ പാർട്ടികൾ വിദേശ സഹായം തേടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് രാഹുലിന്റെ പ്രതികരണം. രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളെ പ്രതിപക്ഷ പാർട്ടികൾ തടസ്സപ്പെടുത്തുന്നുവെന്നും ചില ശക്തികൾ നുണകളും അഭ്യൂഹങ്ങളും പ്രചരിപ്പിച്ച് രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും മോദി ആരോപിച്ചിരുന്നു.
ഇൻഡ്യ സഖ്യത്തിന്റെ രാം ലീല മൈതാനിയിലെ റാലിയ്ക്കെതിരെ രാഹുൽ ഗാന്ധിക്കെതിരെ അതിരൂക്ഷ വിമർശനമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നയിച്ചത്. വോട്ടർ പട്ടികയിൽ നിന്ന് വെട്ടിപ്പോയ മൂന്ന് കോടി വോട്ടുകൾ ബംഗ്ലാദേശി നുഴഞ്ഞു കയറ്റക്കാരുടേതാണെന്നും ഇൻഡ്യ സഖ്യത്തിന്റെ റാലി നുഴഞ്ഞു കയറ്റക്കാർക്ക് വേണ്ടിയാണെന്നുമായിരുന്നു അമിത് ഷാ ആരോപിച്ചത്.
Content Highlights: rahul gandhi asks narendra modi to stop lying to the nation