ഹൈദരാബാദ്: രാഷ്ട്രീയരമായ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞതിൻ്റെ പേരിൽ പ്രകാശ് രാജിന് സിനിമയിൽ അവസരങ്ങൾ നഷ്ടമായിട്ടുണ്ടെന്ന് ഭാര്യ പോണി വർമ. ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പോണിയുടെ വെളിപ്പെടുത്തൽ. സ്വന്തം അഭിപ്രായങ്ങൾ തുറന്ന് പ്രകടിപ്പിക്കുന്ന പ്രകാശ് രാജിന്റെ രീതി കുടുംബത്തെ വല്ലാതെ ഭയപ്പെടുത്തിയിരുന്നെന്നും ഗൗരി ലങ്കേഷിന്റെ മരണത്തിന് ശേഷമാണ് ആ ഭയം കുറഞ്ഞ് തുടങ്ങിയതെന്നും അവർ പറഞ്ഞു. സിനിമയിലെ അവസരങ്ങൾക്ക് പുറമേ പരസ്യചിത്രങ്ങളിൽ നിന്നുള്ള അവസരങ്ങളും പ്രകാശിന് നഷ്ടമായെന്നും പല സിനിമകളിലെയും അവസരങ്ങൾ അഡ്വാൻസ് ലഭിച്ച ശേഷമാണ് ഇല്ലാതായതെന്നും അവർ പറഞ്ഞു.
'ആരംഭത്തിൽ ഭയമായിരുന്നു. ഗൗരിയുടെ മരണവാർത്ത കേട്ടതോടെ അദ്ദേഹം ആകെ തളർന്നുപോയി. പ്രകാശിന്റെ രീതികളിൽ ഗൗരിക്കും ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ഗൗരിയുടെ മരണം അദ്ദേഹത്തെ ആകെ ഉലച്ചു. ഞാനും സംസാരിക്കും, ഒരു സ്ത്രീയായ അവൾ തന്റെ നിലപാട് തുറന്നുപറഞ്ഞിരുന്നു എന്നാണ് പ്രകാശ് അന്ന് പറഞ്ഞത്.'- പോണി പറയുന്നു.
എത്രനാൾ ഭയന്ന് പിന്മാറുമെന്നാണ് പ്രകാശ് ചോദിച്ചതെന്നും പോണി പറയുന്നു. അദ്ദേഹം ഭയമില്ലാത്ത വ്യക്തിയാണ്. തെലുങ്ക് സിനിമയിൽ നിന്ന് പലതവണ അദ്ദേഹത്തിന് വിലക്കേൽപ്പെടുത്തി. എന്നാൽ സ്വന്തം നിലപാടിൽ അദ്ദേഹം ഉറച്ച് നിന്നു. ചില കാര്യങ്ങളിൽ അദ്ദേഹം വിശ്വസിക്കും, അത് നൂറു ശതമാനം ആത്മവിശ്വാസത്തോടെ പ്രാവർത്തികമാക്കുകയും ചെയ്യുമെന്നും അവർ പറഞ്ഞു.
തുറന്നുപറച്ചിലുകൾ മൂലം സിനിമാ മേഖലയിലെ പല ആളുകളുമായുള്ള അദ്ദേഹത്തിന്റെ വ്യക്തിബന്ധത്തിന് വിള്ളൽ വീണിട്ടിട്ടുണ്ടെന്നും പോണി വെളിപ്പെടുത്തി. തന്നോട് അടുത്ത സൗഹൃദം സൂക്ഷിക്കുന്ന പലരുമായി പ്രകാശിന് അത്രനല്ല സൗഹൃദമല്ലെന്നും പലർക്കും പല അഭിപ്രായങ്ങൾ ഉള്ളതിനാൽ അദ്ദേഹത്തെ ഇഷ്ടപ്പെടാൻ സുഹൃത്തുക്കളെ നിർബന്ധിക്കാറില്ലെന്നും പോണി പറഞ്ഞു. പലരും ഒരു അഭിനേതാവെന്ന നിലയിൽ മാത്രമല്ല, സ്വന്തം നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനും പ്രകാശിനെ ഇഷ്ടപ്പെടുന്നുണ്ടെന്നും പോണി പറയുന്നു. അതേസമയം വ്യാപകമായ വിമർശനങ്ങളും ആരോപണങ്ങളും നേരിടേണ്ടി വരുന്നുണ്ടെങ്കിലും ആരോടും ദേഷ്യമോ പരിഭവമോ സൂക്ഷിക്കുന്ന പ്രകൃതമല്ല പ്രകാശിനെന്നും പോണി വ്യക്തമാക്കി. ഡൽഹി പ്രക്ഷോഭത്തിനിടയിൽ ലാത്തിചാർജ്ജും പെല്ലറ്റ് വെടിവെയ്പ്പും ആശങ്ക ഉണ്ടാക്കിയെന്നും പോണി പറഞ്ഞു.
Content Highlights: Prakash Raj's wife said the actor lost several opportunities because of his political views. She added that he was not willing to live in fear