ന്യൂഡൽഹി: ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മിന്റോ റോഡ്–കനോട്ട് പ്ലേസ് ജങ്ഷനിൽ നിന്ന് ഇന്ത്യാ സഖ്യത്തിന്റെ മാർച്ച് ആരംഭിക്കുമെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇൻസ്റ്റഗ്രാമിൽ നടത്തിയ 'ആസ്ക് മീ' സെഷനിലാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടാണ് ഇൻഡ്യ സഖ്യം രാംലീല മൈതാനിയിൽ 'ചലോ ഡൽഹി' റാലി സംഘടിപ്പിക്കുന്നത്. നേരത്തെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റിൽ മാർച്ചിന്റെ റൂട്ട് മാപ്പ് രാഹുൽ ഗാന്ധി ഉൾപ്പെടുത്തിയിരുന്നു. മിന്റോ റോഡ് ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് അജ്മേരി ഗേറ്റ് വഴി രാംലീല മൈതാനിയിലെത്തുമെന്നാണ് മാപ്പിൽ വ്യക്തമാക്കുന്നത്. ഇതിനിടെ ഇൻഡ്യ സഖ്യത്തിൻ്റെ ദില്ലി ചാലോ റാലിയിൽ സിജെപി പങ്കെടുക്കില്ല. സ്വതന്ത്ര നിലനിൽപ്പ് കാത്തുസൂക്ഷിക്കാനാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്നാണ് വിശദീകരണം.
വിവിധ രാഷ്ട്രീയ നിലപാടുകൾ പുലർത്തുന്നവരോടും വിദ്യാർഥികളോടും ഉൾപ്പെടെ ഇൻഡ്യ സഖ്യത്തിന്റെ 'ചലോ ഡൽഹി' റാലിയിൽ പങ്കെടുക്കണമെന്ന് നേരത്തെ രാഹുൽ ഗാന്ധി പ്രത്യേകം പങ്കുവെച്ച റീലുകളിലൂടെ അഭ്യർഥിച്ചിരുന്നു. പൊലീസിനെയും അവരുടെ ലാത്തികളെയും ഭയപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കിയിരുന്നു. ബിജെപിക്ക് തങ്ങളുടെ തന്ത്രങ്ങൾ പ്രയോഗിക്കാനുള്ള ധൈര്യമുണ്ടാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ജനാധിപത്യം സംരക്ഷിക്കുക, വോട്ട് മോഷണത്തിന് അറുതിവരുത്തുക എന്നിവയാണ് മാർച്ചിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതിഷേധത്തിന് എത്തുന്നവർ ഡൽഹിയിലെ ചെറുകിട വ്യാപാരികളെ പിന്തുണയ്ക്കാൻ രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രതിഷേധ റാലി നടത്താം, ഒപ്പം സാധനങ്ങളും വാങ്ങാമെന്നായിരുന്നു രാഹുലിന്റെ ആഹ്വാനം. രാംലീല മാർച്ചിനെത്തുന്ന പ്രവർത്തകരോടാണ് രാഹുലിന്റെ ആഹ്വാനം. മാർച്ചിനും പ്രതിഷേധങ്ങൾക്കുമൊപ്പം സാധനങ്ങൾ കൂടി വാങ്ങാൻ പ്രവർത്തകർ തയ്യാറാകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഉത്സവ സീസണിൽ റാലി വ്യാപാരികളെ ബാധിക്കുമെന്ന വാദം തെറ്റാണെന്നും ബിജെപിയുടെ ഭയമാണ് വ്യാജപ്രചാരണങ്ങൾക്ക് പിന്നിലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ഇൻഡ്യാ സഖ്യം സംഘടിപ്പിക്കുന്ന രാംലീല മൈതാനിയിലെ പ്രതിഷേധ റാലിക്ക് ഉപാധികളോടെ ഡൽഹി പൊലീസ് നേരത്തെ അനുമതി നൽകിയിരുന്നു. റാലിക്ക് മുന്നോടിയായി കർശന നിബന്ധനകളും നിർദേശങ്ങളുമാണ് ഡൽഹി പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നിയമങ്ങളും ചട്ടങ്ങളും കൃത്യമായി പാലിക്കണമെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കാനും അച്ചടക്കം ഉറപ്പാക്കാനും പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശമുണ്ട്. വൈകിട്ട് അഞ്ചുമണിക്ക് മുൻപ് റാലി അവസാനിപ്പിക്കണമെന്നും ഡൽഹി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. തന്ത്രപ്രധാനമായ എല്ലാ സ്ഥലങ്ങളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും പൊലീസ് പറയുന്നു. റാലിയിൽ പങ്കെടുക്കുന്നവരുടെ സുരക്ഷയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനാണ് നിർദേശങ്ങളെന്നാണ് ഡൽഹി പൊലീസിന്റെ വിശദീകരണം.
തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നവംബർ ഒന്നിന് രാംലീല മൈതാനിയിൽ ഇന്ത്യാ സഖ്യം സംഘടിപ്പിക്കുന്ന 'ചലോ ഡൽഹി' റാലിക്ക് ഡൽഹി പൊലീസ് അനുമതി നൽകിയിട്ടുണ്ടെങ്കിലും കനോട്ട് പ്ലേസിൽ നിന്ന് രാംലീല മൈതാനിയിലേക്കുള്ള മാർച്ചിന് അനുമതി തേടിയിട്ടില്ലെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. കനോട്ട് പ്ലേസിൽ നിന്ന് രാംലീല മൈതാനിയിലേക്കുള്ള മാർച്ചിന് അനുമതി തേടി ന്യൂഡൽഹി, സെൻട്രൽ ജില്ലകളിലെ പൊലീസ് അധികൃതരെ ആരും സമീപിക്കുകയോ ഇക്കാര്യം അറിയിക്കുകയോ ചെയ്തിട്ടില്ലെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന മോക്ക് പാർലമെൻ്റിൽ ഗ്യാനേഷ് കുമാറിനെ ഇൻഡ്യ സഖ്യം പ്രതീകാത്മകമായി പുറത്താക്കിയിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ആരംഭിച്ച മോക്ക് പാർലമെന്റിൽ ഇൻഡ്യ മുന്നണി നേതാക്കളും വിദ്യാർത്ഥി നേതാക്കളും പൗര സമിതി പ്രതിനിധികളും പങ്കെടുത്തിരുന്നു. മുൻ ലോക്സഭാ സ്പീക്കർ മീരാ കുമാറാണ് പാർലമെന്റിനെ നിയന്ത്രിച്ചത്. ആദ്യം സഭയിൽ സംസാരിച്ച് അധ്യക്ഷ മീര കുമാർ വോട്ടർ പട്ടികയിൽ നിന്ന് ജനങ്ങളുടെ പേരുകൾ വെട്ടിമാറ്റിയെന്ന് കുറ്റപ്പെടുത്തി. കമ്മീഷനോടുള്ള ചോദ്യങ്ങൾ മറുപടി നൽകാൻ അവർക്കായില്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവ് വോട്ടർ പട്ടികയാണെന്നും സഭാധ്യക്ഷ പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തെ ലോകം നോക്കുകയും മാതൃകയാക്കുകയും ചെയ്യുമ്പോഴാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നതെന്നും മീര കുമാർ കൂട്ടിച്ചേർത്തു.
ഇതിന് പിന്നാലെയാണ് മല്ലികാർജുൻ ഖർഗെ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയാവതരണം നടത്തിയത്. വോട്ട് പൗരന്റെ എറ്റവും വലിയ ശക്തിയാണെന്നും പോരാട്ടം ജനങ്ങളുടെ അധികാരം നിലനിർത്താനാണെന്നും ഖർഗെ പ്രമേയത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. ആറ് കുറ്റങ്ങളാണ് പ്രമേയത്തിൽ ഖർഗെ ഗ്യാനേഷിനെതിരെ മുന്നോട്ട് വെച്ചത്. വോട്ട് വെട്ടാൻ ഗൂഢാലോചന നടത്തി, 13.2 കോടി വോട്ടുകൾ വെട്ടി, പാർലമെന്റ് അറിയാതെ ഫോം 6 ൽ മാറ്റം വരുത്തി, ECINET ഏകപക്ഷീയമായി പിടിച്ചെടുത്തു, രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ അവഗണിച്ചു, മോദി - അമിത് ഷാ എന്നിവർക്ക് വേണ്ടി പ്രവർത്തിച്ചു എന്നിവയാണ് കുറ്റങ്ങളായി വിശദീകരിച്ചത്. ഭരണഘടന വിരുദ്ധ നടപടികളുടെ പേരിൽ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും ഗ്യാനേഷ് കുമാറിനെ ക്രിമിനൽ നിയമപ്രകാരം വിചാരണ ചെയ്യണമെന്നും പ്രമേയത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
മോദിയും അമിത്ഷായും തന്നെ സംരക്ഷിക്കുമെന്നാണോ ഗ്യാനേഷ് കുമാർ കരുതുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് ഇവർ മനസിലാക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. രാജ്യത്തെ ജനങ്ങളുടെ വികാരം ഗ്യാനേഷ് മനസിലാക്കണം. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ആയുധങ്ങളിലൂടെ രാജ്യത്തെ ജനങ്ങളുടെ വികാരം ഗ്യാനേഷ് കുമാറിന് അറിയേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു. നിങ്ങൾക്ക് നിങ്ങളുടെ പ്രവർത്തനങ്ങൾ തുടരാമെന്ന് പറഞ്ഞ രാഹുൽ എന്നാൽ എല്ലാകാലത്തേക്കും നിലനിൽക്കുന്ന പ്രതിഭാസമാണ് ഇത് എന്ന് കരുതരുതെന്നും ചൂണ്ടിക്കാട്ടി. ഇത് ഒരു ഗുരുതരായ പ്രശ്നമാണെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ അടിസ്ഥാന തത്വങ്ങളേയും ആത്മാവിനേയും ഗ്യാനേഷും കൂട്ടാളികളും വേട്ടയാടിയെന്ന് ജനങ്ങളുടെ സമരശക്തിയിൽ നിന്ന് രക്ഷപെടാൻ അവർക്ക് ആകില്ലെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കിയിരുന്നു.
Content Highlights: The INDIA bloc will hold its 'Chalo Delhi' rally at Ramlila Maidan in Delhi today, demanding the resignation of Chief Election Commissioner Gyanesh Kumar