കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി. വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മമതയെ വെല്ലുവിളിച്ച അദ്ദേഹം സംസ്ഥാനത്ത് പ്രതിപക്ഷത്തിന് രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടെന്നും നിലനിൽപ്പിനായി കോൺഗ്രസിനെയും സിപിഐഎമ്മിനെയും ആശ്രയിക്കേണ്ട അവസ്ഥയിലാണെന്നും ആരോപിച്ചു. കോൺഗ്രസിൽനിന്ന് വേർപിരിഞ്ഞ് തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച മുൻ മുഖ്യമന്ത്രി ഇപ്പോൾ താൻ ഉപേക്ഷിച്ച അതേ പാർട്ടിയുടെ കാലിൽ വീണ് രാഷ്ട്രീയ പ്രസക്തി വീണ്ടെടുക്കാൻ ശ്രമിക്കുകയാണെന്ന് മമതയുടെ പേര് പരാമർശിക്കാതെ സുവേന്ദു അധികാരി പരിഹസിച്ചു.
'നിങ്ങൾ ഡൽഹിയിലേക്ക് പോകണം. പശ്ചിമ ബംഗാളിൽ നിങ്ങൾക്ക് ഇനി ഒന്നും ചെയ്യാനില്ല. കൊൽക്കത്തയിൽ തുടരുന്നതിനുപകരം ഇപ്പോൾ ഡൽഹിയിലേക്കാണ് പോകുന്നത്. കോൺഗ്രസുമായും സിപിഐഎമ്മുമായി സഹകരിച്ച് അവിടെ രാഷ്ട്രീയമായി കാലുറപ്പിക്കാനാണ് ശ്രമം. രാഷ്ട്രീയ പ്രസക്തി നിലനിർത്താൻ ഇപ്പോൾ കോൺഗ്രസിന്റെ കാലിൽ വീഴുകയാണ്' എന്നായിരുന്നു ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ ബറുയിപുരിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് കൊണ്ട് സുവേന്ദു അധികാരി വ്യക്തമാക്കിയത്. ബംഗാളിലെ മമതയുടെ രാഷ്ട്രീയ വെല്ലുവിളിയെക്കുറിച്ച് പരാമർശിച്ച അധികാരി തിരഞ്ഞെടുപ്പുകളിൽ രണ്ടുതവണ മമതയെ പരാജയപ്പെടുത്തിയിട്ടുണ്ടെന്നും വീണ്ടും മത്സരിച്ചാൽ ഒരിക്കൽക്കൂടി തോൽപ്പിക്കുമെന്നും പ്രഖ്യാപിച്ചു. 'ധൈര്യമുണ്ടെങ്കിൽ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കൂ. നിങ്ങളെ രണ്ടുതവണ ഞാൻ തോൽപ്പിച്ചിട്ടുണ്ട്. മമത ബാനർജിയെ ഒരിക്കൽക്കൂടി തോൽപ്പിക്കും' എന്നായിരുന്നു സുവേന്ദു അധികാരിയുടെ വെല്ലുവിളി. മമതയുടെ അനന്തരവനും ഡയമണ്ട് ഹാർബർ എം.പിയുമായ അഭിഷേക് ബാനർജിയെയും സുവേന്ദു അധികാരി വെല്ലുവിളിച്ചു. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തനിക്കെതിരെ മത്സരിക്കാനായിരുന്നു വെല്ലുവിളി. 'അഭിഷേക്, നിങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ഞാൻ നിങ്ങളെ തോൽപ്പിക്കും. നിങ്ങൾക്ക് ലഭിച്ച വോട്ടുകളുടെ ഭൂരിപക്ഷത്തേക്കാൾ കുറഞ്ഞത് ഒരു വോട്ടെങ്കിലും അധികം നിങ്ങൾക്കെതിരായ പരാജയത്തിന്റെ ഭൂരിപക്ഷമായി ഉറപ്പാക്കും. ബംഗാളിൽ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താൻ നിങ്ങൾ അനുവദിച്ചിരുന്നില്ല. ധൈര്യമുണ്ടെങ്കിൽ 2029ൽ മത്സരിക്കൂ' എന്നായിരുന്നു അഭിഷേക് ബാനർജിയോടുള്ള സുവേന്ദു അധികാരിയുടെ വെല്ലുവിളി.
ദക്ഷിണ 24 പർഗാനാസ് ജില്ലയിൽ അഭിഷേക് ബാനർജിക്കുള്ള സ്വാധീനത്തെയും മുഖ്യമന്ത്രി വിമർശിച്ചു. ജില്ലയെ സ്വന്തം ജന്മിത്തമായി കണക്കാക്കിയ അഭിഷേക് സ്വതന്ത്രമായ പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ നടക്കുന്നത് തടഞ്ഞുവെന്നാണ് അധികാരിയുടെ ആരോപണം. നിങ്ങളുടെ അനന്തരവൻ ദക്ഷിണ 24 പർഗാനാസിലെ ജന്മിയെന്ന പോലെയാണ് പെരുമാറിയിരുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ സ്വതന്ത്രമായി നടക്കാൻ അദ്ദേഹം അനുവദിച്ചില്ല എന്നും സുവേന്ദു അധികാരി വിമർശിച്ചു. പശ്ചിമ ബംഗാളിൽ അധികാരമാറ്റമുണ്ടായതിനെത്തുടർന്ന് ബിജെപി സർക്കാരും തൃണമൂൽ കോൺഗ്രസും തമ്മിൽ തുടരുന്ന രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്കിടയിലാണ് അധികാരിയുടെ പരാമർശങ്ങൾ എന്നതാണ് ശ്രദ്ധേയമാണ്.
തൃണമൂൽ കോൺഗ്രസിൻ്റെ രാഷ്ട്രീയ സ്വാധീനം കുറഞ്ഞുവരുന്നതായും മമത ബാനർജി പരിഹസിച്ചു. മമതയ്ക്കും അഭിഷേക് ബാനർജിക്കും ഇപ്പോൾ പൊതുപരിപാടികളിലേക്കും മതപരമായ ആഘോഷങ്ങളിലേക്കും ക്ഷണം ലഭിക്കുന്നില്ലെന്നും അധികാരി ചൂണ്ടിക്കാണിച്ചു, മുൻപ് ഏകദേശം 400 ദുർഗാപൂജാ ആഘോഷങ്ങളിലേക്ക് ഭരണകക്ഷിക്ക് ക്ഷണം ലഭിച്ചിരുന്നപ്പോൾ പ്രതിപക്ഷ നേതാക്കൾക്ക് 20 ഇടങ്ങളിൽ മാത്രമായിരുന്നു ക്ഷണമുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ അമ്മായിയെയും അനന്തരവനെയും ആരും ക്ഷണിച്ചിട്ടില്ലെന്നും സുവേന്ദു അധികാരി പരിഹസിച്ചു. മമതയെയും അഭിഷേക് ബാനർജിയെയും രാഷ്ട്രീയ ബാധ്യതകളെന്ന് വിശേഷിപ്പിച്ച സുവേന്ദു അധികാരി അഴിമതിക്കേസുകളിൽ ആരോപണവിധേയരായവർക്കെതിരെ സർക്കാർ നടപടിയെടുക്കുമ്പോൾ ജനങ്ങൾ ക്ഷമയോടെ കാത്തിരിക്കണമെന്നും ആവശ്യപ്പെട്ടു. 'വലിയ കള്ളനെ എപ്പോഴാണ് ജയിലിലടയ്ക്കുകയെന്ന ചോദ്യമാണ് നിങ്ങൾക്കെല്ലാവർക്കുമുള്ളതെന്ന് എനിക്കറിയാം. വിഷമിക്കേണ്ട, അത് ഉടൻ സംഭവിക്കും. കുറച്ചുകൂടി ക്ഷമയോടെ കാത്തിരിക്കൂ' എന്നായിരുന്നു സുവേന്ദു അധികാരി പ്രതികരിച്ചത്. തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികളെക്കുറിച്ചും അധികാരി സംസാരിച്ചു. ഇതുവരെ പൊലീസിൽ പരാതി നൽകാത്ത ഇരകൾ പരാതി നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ പരാതി നൽകാത്തവർ ഇപ്പോൾ പരാതി നൽകണം. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയിൽ ഈ കുറ്റവാളികളെ ജയിലിലടയ്ക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചുപിടിച്ച് പാവപ്പെട്ടവർക്ക് വിതരണം ചെയ്യുമെന്നും അധികാരി വാഗ്ദാനം ചെയ്തു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ടവർക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അന്നപൂർണ യോജന പദ്ധതിയുടെ ആനുകൂല്യങ്ങൾ യഥാർഥത്തിൽ അർഹരായവർക്ക് ലഭിക്കുന്നുണ്ടെന്നും സുവേന്ദു അധികാരി അവകാശപ്പെട്ടു. മാനദണ്ഡങ്ങൾ പാലിക്കുന്ന മറ്റുള്ളവർക്കും സഹായം ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന കന്നുകാലി അറവുശാലകൾ അടച്ചുപൂട്ടുമെന്ന സർക്കാരിന്റെ നിലപാടും മുഖ്യമന്ത്രി ആവർത്തിച്ചു. അനുമതിയില്ലാത്ത ഒരു സ്ഥാപനത്തെയും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും സുവേന്ദു അധികാരി വ്യക്തമാക്കി. സിപിഐഎമ്മിനെയും പാർട്ടിയുടെ അനുയായികളെയും ജനാധിപത്യപരമായ മാർഗങ്ങളിലൂടെ നേരിടാൻ ബിജെപി പ്രവർത്തകരോട് ആഹ്വാനം ചെയ്തുകൊണ്ടാണ് അധികാരി പ്രസംഗം അവസാനിപ്പിച്ചത്.
Content Higligts: Suvendu Adhikari claims Mamata Banerjee has lost her political relevance in West Bengal and says he would defeat her if she contests elections again