ന്യൂഡല്‍ഹി: ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരം വിജയം. വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ സര്‍വകലാശാല അംഗീകരിച്ചതിന് പിന്നാലെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനമായത്. 2027 മേയ് 15നകം വിദ്യാര്‍ത്ഥി യൂണിയന് ഭണഘടന രൂപീകരിക്കും എന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്. അടുത്ത അധ്യയനവര്‍ഷം ആരംഭിച്ച് ആറാഴ്ചയ്ക്കകം തെരഞ്ഞെടുപ്പ് നടത്താമെന്നും സര്‍വകലാശാല ഉറപ്പ് നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥി യൂണിയന് പുനഃസ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് 18 ദിവസമായി വിദ്യാര്‍ത്ഥികൾ സമരത്തിലായിരുന്നു. വിദ്യാര്‍ത്ഥി സമരം കടുത്ത സാഹചര്യത്തില്‍ ക്യാമ്പസ് അടച്ചിടുകയും ക്ലാസുകള്‍ ഓണ്‍ലൈന്‍ ആക്കുകയും ചെയ്തിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ സമരം തുടരുന്ന സാഹചര്യമാണ് ഉണ്ടായത്. ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ ഗൂഗിള്‍ മീറ്റിന്റെ പ്രൊഫൈല്‍ ചിത്രങ്ങള്‍ സമര മുദ്രാവക്യങ്ങളാക്കി മാറ്റിയും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു.
ജാമിയ മില്ലിയ ഇസ്ലാമിയ സ്റ്റുഡന്റ്സ് യൂണിയന് പുനഃസ്ഥാപിക്കണമെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ഒക്ടോബര്‍ 12-നാണ് വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭം ആരംഭിക്കുന്നത്. 2006-ലാണ് ഈ യൂണിയന് പിരിച്ചുവിടുന്നത്. അതിനുശേഷം തെരഞ്ഞെടുപ്പുകളൊന്നും ക്യാമ്പസില്‍ നടന്നിട്ടില്ല. യൂണിയന് ഭരണഘടനയ്ക്ക് അംഗീകാരം ലഭിച്ച് 15 ദിവസത്തിനുള്ളില്‍ വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. സമരത്തിനിടെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ചുമത്തിയ സസ്പെന്ഷനുകളും നല്കിയ 'ഷോ-കോസ്' (വിശദീകരണം) നോട്ടീസുകളും പിന്‍വലിക്കാമെന്നും, സുരക്ഷാ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തെക്കുറിച്ച് അന്വേഷണം നടത്താമെന്നും അധികൃതര്‍ സമ്മതിച്ചിരുന്നു.
എന്നാല്‍, ഭരണഘടനയ്ക്ക് അംഗീകാരം നല്‍കുന്നതിനോ തെരഞ്ഞെടുപ്പ് നടത്തുന്നതിനോ കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരക്കാര്‍ ഈ നിര്‍ദ്ദേശങ്ങള്‍ തള്ളിയിരുന്നത്. ഓണ്‍ലൈന്‍ ക്ലാസുകളിലേക്കുള്ള മാറ്റത്തെയും ക്യാമ്പസ് സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിലുള്ള നിയന്ത്രണങ്ങളെയും അവര്‍ എതിര്‍ത്തു. സര്‍വകലാശാലാ അധികൃതരും ഡല്‍ഹി പൊലീസും ചേര്‍ന്ന് വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ആരോപിച്ചതോടെ, ഈ തര്‍ക്കം വലിയ രാഷ്ട്രീയ ശ്രദ്ധയും നേടിയിരിരുന്നു. പൊലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തുകയും, ക്യാമ്പസ് കവാടങ്ങള്‍ ബാരിക്കേഡുകള്‍ വെച്ച് അടയ്ക്കുകയും, സര്‍വകലാശാലയ്ക്കുള്ളിലും പരിസരത്തുമായി വിദ്യാര്‍ത്ഥികളെ തടഞ്ഞുവെക്കുകയും ചെയ്തുവെന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു.
Content Highlights: The 18-day student protest at Jamia Millia Islamia has ended after the university accepted key demands raised by students seeking restoration of the student union. The university has promised to frame the union constitution by May 15, 2027, and hold elections within six weeks of the start of the next academic year. The protest had led to the campus being closed and classes shifting online. Students continued their demonstrations during online classes by using Google Meet profile pictures to display protest slogans.