ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ (ഐസ) നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ വന്‍ പ്രതിഷേധം. ഐസ നേതാവ് നേഹ ബോറയുടെ നേതൃത്വത്തിലാണ് പ്രതിഷേധം അരേങ്ങേറിയത്. പ്രതിഷേധം കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹത്തെയും കേന്ദ്ര സേനയേയും ജന്തര്‍ മന്തര്‍ പരിസരത്ത് വിന്യസിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍, അഭിഭാഷകരായ നിത്യ രാമകൃഷ്ണന്, പല്ലവ് സിസോദിയ, പ്രശാന്ത് ഭൂഷണ്, യോഗേന്ദ്ര യാദവ് എന്നിവര്‍ സമരത്തിന് പിന്തുണയുമായി എത്തി. പ്രതിഷേധം കനത്തതോടെ നേഹ ബോറ, കപില്‍ സിബല്‍, യോഗേന്ദ്ര യാദവ് അടക്കമുള്ളവരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടാം തീയതി വന്‍ പ്രക്ഷോഭത്തിനായിരുന്നു രാജ്യം സാക്ഷ്യംവഹിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് ഐസയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. പട്ടേല്‍ ചൗക്കില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചു. ഐസയുടെ പ്രവര്‍ത്തകര്‍ അടക്കം ആയിരത്തോളം പേര് പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. കപില്‍ സിബല്‍, യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷണ് അടക്കമുള്ളവര്‍ മാര്‍ച്ചിന്റെ ഭാഗമായി. പ്രതിഷേധ മാർച്ച് ജന്തർ മന്തറിന് പരിസരത്ത് വെച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. നേഹ ബോറ അടക്കമുള്ളവർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. യോഗേന്ദ്ര യാദവ്, കപില്‍ സിബല്‍, പ്രശാന്ത് ഭൂഷണ് അടക്കമുള്ളവരെയും അറസ്റ്റ് ചെയ്തു. ഇതോടെ ഐസ പ്രവര്‍ത്തകര്‍ അടക്കം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഇതിനിടെ മാര്‍ച്ചില്‍ പങ്കെടുത്ത ചിലര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയും ചെയ്തു. ഇതോടെ പൊലീസ് ഇടപെട്ടു. സ്ഥലത്തുണ്ടായിരുന്ന പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കിയ ശേഷം കുഴഞ്ഞുവീണവരെ വലിച്ചിഴച്ച് നീക്കി. ഇതോടെ പ്രതിഷേധം ശക്തമായി. എന്നാല്‍ കൂടുതല്‍ പൊലീസും കേന്ദ്ര സേനയും സ്ഥലത്തെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. മൂന്നരയോടെയാണ് സമരം അവസാനിച്ചത്.
Content Highlights- AISA led a protest at Jantar Mantar demanding the resignation of Gyanesh. The demonstration brought the issue back to the protest site, with participants raising their demand through a public protest.