ന്യൂഡല്‍ഹി: ടെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തില്‍ ഭര്‍ത്താവ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് അറിഞ്ഞ നിമിഷം താന്‍ പകച്ചുപോയെന്ന് ഭാര്യ സോണല്‍ മച്ചാര്‍. എങ്ങനെ പ്രതികരിക്കണമെന്ന് പോലും അറിയാത്ത അവസ്ഥയിലായിരുന്നുവെന്നും സോണല്‍ പറഞ്ഞു. ഒരു വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു സോണലിന്റെ പ്രതികരണം.
സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒപ്പമുണ്ടായിരുന്നതും ഇന്ത്യന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച വിവരങ്ങളും ആശ്വാസം നല്കി. ഭര്‍ത്താവ് സുരക്ഷിതനാണെന്നും ആരോഗ്യനില മെച്ചപ്പെട്ടതായും ഉടന്‍ വിവരം ലഭിച്ചതായും സോണല്‍ പറഞ്ഞു. വ്യാഴാഴ്ച അബുദാബിയിലെ ആശുപത്രിയില്‍ സ്മിത് മച്ചാറിനെ നേരില്‍ കണ്ടതോടെയാണ് ആശങ്ക മാറിയത്. യുഎഇയിലെ ഡോക്ടര്‍മാരുടെയും സൈനിക ഡോക്ടര്‍മാരുടെയും മികച്ച പരിചരണത്തിലാണ് അദ്ദേഹം കഴിയുന്നത്. അദ്ദേഹം എത്രയും വേഗം വീട്ടിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹം വേഗത്തില്‍ സുഖം പ്രാപിക്കുന്നതിന് സാധ്യമായതെല്ലാം ഞാന്‍ ചെയ്യുമെന്നും സോണല്‍ പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ക്യാപ്റ്റന്‍ സ്മിത് മച്ചാറുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചും സോണല്‍ പ്രതികരിച്ചു. ഭര്‍ത്താവ് ആരോഗ്യനില വീണ്ടെടുത്ത ശേഷം നെതന്യാഹുവുമായി നേരിട്ട് സംസാരിക്കും.
ഇന്ന് ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ആക്രമണത്തിന് പിന്നാലെ താന്‍ നിലത്ത് വീണതും വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞതും അദ്ദേഹം പ്രധാനമന്ത്രിയോട് വിവരിച്ചു. 17 വര്‍ഷത്തെ വിമാനപറത്തല് പരിചയം കൊണ്ട് വിമാനം താഴേക്ക് പതിക്കുകയാണെന്ന് വേഗത്തില്‍ മനസിലാക്കാന്‍ സഹായിച്ചു. സ്വന്തം സുരക്ഷ പ്രധാനമാണെങ്കിലും യാത്രക്കാരുടെ ജീവന് അപകടത്തിലാക്കാനാവില്ലെന്ന് ഉള്ളില്‍ അറിയാമായിരുന്നു. സ്മിത് മച്ചാര്‍ പറഞ്ഞു. ക്യാപ്റ്റന്റെ ധൈര്യത്തെയും ക്ഷമയെയും മനസാന്നിധ്യത്തെയും അഭിനന്ദിച്ച പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പ്രവര്‍ത്തനം രാജ്യത്തിന് അഭിമാനകരമാണെന്ന് പറഞ്ഞു.
സെപ്റ്റംബര്‍ 30നാണ് ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ സഹപൈലറ്റും ക്യാപ്റ്റനും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഒമാനി സഹപൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആക്രമിച്ചതിനെ തുടര്‍ന്ന് വിമാനം ഏകദേശം രണ്ട് മിനിറ്റിനുള്ളില്‍ 16,000 അടി താഴേക്ക് പതിച്ചു. തുടര്‍ന്ന് ഹൈജാക്ക് ഡിസ്ട്രസ് സിഗ്നല്‍ കൈമാറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ ആക്രമണത്തെ പ്രതിരോധിച്ചു. ഇതിനിടയില്‍ കോക്പിറ്റ് വാതില്‍ തുറക്കാന്‍ സാധിച്ചതിനാല്‍ വിമാനത്തിലെ ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് കോക്പിറ്റില്‍ പ്രവേശിച്ച് ആക്രമണകാരിയെ നിയന്ത്രണത്തിലാക്കിയതോടെ ജീവനക്കാര്‍ക്ക് വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാനായി. തുടര്‍ന്ന് വിമാനം സൗദി അറേബ്യയിലെ തബൂക്കില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 180 പേരും സുരക്ഷിതമായി പുറത്തിറങ്ങി. സഹപൈലറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അറസ്റ്റിലായ ഇയാളെ യുഎഇയിലേക്ക് മാറ്റി.
Content Highlights: Sonal Machchhar recalls her shock after learning about the attack on her husband, Captain Smit Machchhar, aboard a flydubai flight and says she is hopeful about his recovery after meeting him at an Abu Dhabi hospital