ഉപതെരഞ്ഞെടുപ്പിന് ശേഷം പിഎംകെ വിജയ്‌യ്‌ക്ക് കൈകൊടുക്കുമോ?; അഭ്യൂഹം തള്ളി സഖ്യകക്ഷിയായ വിസികെ

ടിവികെയുമായി സഖ്യമുണ്ടാക്കുമെന്നും അതുകൊണ്ടാണ് ഉപതെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയെ പിന്തുണയ്ക്കാതെ നിഷ്പക്ഷ നിലപാട് പിഎംകെ സ്വീകരിച്ചതെന്നുമാണ് അഭ്യൂഹങ്ങളുടെ അടിസ്ഥാനം

ചെന്നൈ: ഒക്ടോബർ ആറിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുകൾക്ക് ശേഷം പിഎംകെ ഭരണകക്ഷിയായ തമിഴക വെട്രി കഴകം (ടിവികെ) നേതൃത്വം നൽകുന്ന സഖ്യത്തിലേക്ക് നീങ്ങുമെന്ന റിപ്പോർട്ട്. എന്നാൽ പിഎംകെ-ടിവികെ സഖ്യസാധ്യത സംബന്ധിച്ച റിപ്പോർട്ടുകൾ തള്ളി വിടുതലൈ ചിരുതൈഗൾ കക്ഷി (വിസികെ) അധ്യക്ഷൻ തോൽ തിരുമാവളവൻ രം​ഗത്ത് വന്നു. ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ ‘കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ’ പ്രചരിപ്പിക്കുന്നതാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ടിവികെ-പിഎംകെ സഖ്യത്തെ സംബന്ധിച്ച അഭ്യൂഹം ടിവികെയുടെ പ്രധാന സഖ്യകക്ഷികളിലൊന്നായ വിസികെയിൽ രാഷ്ട്രീയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ടെന്ന വാർത്തകൾക്കിടെയാണ് തോൽ തിരുമാവളൻ്റെ പ്രതികരണം എന്നതാണ് ശ്രദ്ധേയം.

പിഎംകെയെയോ ബിജെപിയെയോ ഉൾപ്പെടുത്തിയുള്ള ഒരു സഖ്യത്തിന്റെ ഭാഗമാകില്ലെന്ന പാർട്ടിയുടെ ദീർഘകാല നിലപാട് വിസികെ അധ്യക്ഷൻ തോൽ തിരുമാവളവൻ ആവർത്തിച്ചു. ഫേസ്ബുക്ക് ലൈവിലൂടെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയായിരുന്നു തിരുമാവളവൻ്റെ പ്രതികരണം. കഴിഞ്ഞ 15 വർഷമായി പിഎംകെയോ ബിജെപിയോ ഉൾപ്പെടുന്ന ഒരു സഖ്യത്തിലും വിസികെ ഉണ്ടാകില്ലെന്ന് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. പിഎംകെ ടിവികെയുമായി സഖ്യമുണ്ടാക്കുമെന്നും അതുകൊണ്ടാണ് എഐഎഡിഎംകെയെ പിന്തുണയ്ക്കാതെ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതെന്നും അവർ പറയുന്നു. ഉപതെരഞ്ഞെടുപ്പിന് ശേഷം ടിവികെ സഖ്യത്തിൽ ചേരുമെന്നും ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്നും വരെ പ്രചരിപ്പിക്കുന്നു. വിസികെ പ്രവർത്തകരെ ആശയക്കുഴപ്പത്തിലാക്കുകയും ഉപതെരഞ്ഞെടുപ്പുകളിലെ അവരുടെ ആവേശം കുറയ്ക്കുകയും ടിവികെയിലേക്ക് പോകേണ്ട വിസികെ വോട്ടുകൾ പൂർണമായി കൈമാറുന്നത് തടയുകയുമാണ് അവരുടെ ലക്ഷ്യമെന്നുമായിരുന്നു തിരുമാവളവൻ്റെ പ്രതികരണം.

ഇരുവരുടെയും നിയമസഭയിലെ പ്രാതിനിധ്യത്തിൻ്റെ എണ്ണത്തിലും നിലവിലെ ചർച്ചകളിൽ പ്രധാന്യമുണ്ട്. നിലവിൽ പിഎംകെക്ക് നാല് എംഎൽഎമാരും വിസികെയ്ക്ക് രണ്ട് എംഎൽഎമാരുമാണുള്ളത്. 234 അംഗ തമിഴ്നാട് നിയമസഭയിൽ ഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമായിരിക്കെ ടിവികെക്ക് നിലവിൽ 107 എംഎൽഎമാരാണുള്ളത്. അഞ്ച് സീറ്റുകൾ കൂടി ഒഴിഞ്ഞുകിടക്കുകയാണ്. തെരഞ്ഞെടുപ്പ് ഹർജികൾ കോടതികളിൽ പരിഗണനയിലുള്ളതിനാൽ ഈ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ വൈകുകയാണ്. ടിവികെ സഖ്യത്തിന് കൂടുതൽ ശക്തി പകരുന്നതിന് പുറമെ പിഎംകെ ടിവികെയുമായി ചേരുന്നത് എഐഎഡിഎംകെ സഖ്യത്തെ ദുർബലപ്പെടുത്തുന്നതും ടിവികെയെ സംബന്ധിച്ചിടത്തോളം പ്രധാന രാഷ്ട്രീയ ലക്ഷ്യമാണെന്ന് വിലയിരുത്തലുകളുണ്ട്.

അതേസമയം, ഉടൻ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകൾക്കും വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. മധുരാന്തകവും ധാരാപുരവും സംവരണ മണ്ഡലങ്ങളാണ്. ഏതാനും മാസങ്ങൾക്ക് മുമ്പ് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ രണ്ട് സീറ്റുകളും എഐഎഡിഎംകെയാണ് നേടിയിരുന്നത്. എന്നാൽ പിന്നീട് ഈ മണ്ഡലങ്ങളിലെ എഐഎഡിഎംകെ എംഎൽഎമാർ രാജിവച്ച് ടിവികെയിൽ ചേർന്നു. തുടർന്ന് ടിവികെ ഇവരെ തന്നെ വീണ്ടും സ്ഥാനാർഥികളാക്കി. രണ്ട് മണ്ഡലങ്ങളിലും ടിവികെ സ്ഥാനാർഥികൾക്ക് പിന്തുണയുമായി വിസികെ ശക്തമായ സംഘടനാ പ്രവർത്തനം നടത്തുകയാണ്. അതിനാൽ ഈ ഉപതെരഞ്ഞെടുപ്പുകളിൽ വിസികെയുടെ പിന്തുണ ടിവികെയ്ക്ക് പ്രധാനമാണ്.

എന്നാൽ പിഎംകെ എംഎൽഎയും പാർട്ടി അധ്യക്ഷൻ അൻപുമണി രാമദാസിന്റെ ഭാര്യയുമായ സൗമ്യ അൻപുമണി ഈ റിപ്പോർട്ടുകളെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഇത്തരം അഭ്യൂഹങ്ങൾക്ക് മാധ്യമപ്രവർത്തകർ പ്രാധാന്യം നൽകരുതെന്ന് ഞാൻ അഭ്യർഥിക്കുന്നു എന്നായിരുന്നു അവരുടെ പ്രതികരണം. ഉപതെരഞ്ഞെടുപ്പിന് ശേഷം പിഎംകെ ടിവികെ സഖ്യത്തിൽ ചേരുമെന്നും സൗമ്യ അൻപുമണി ഉപമുഖ്യമന്ത്രിയാകുമെന്നും പ്രചരിക്കുന്ന റിപ്പോർട്ടുകളെക്കുറിച്ചുള്ള ചോദ്യത്തോടായിരുന്നു അവരുടെ പ്രതികരണം.

എന്നാൽ പിഎംകെ-ടിവികെ സഖ്യസാധ്യത സംബന്ധിച്ച് ടിവികെ നേതൃത്വം ജാ​ഗ്രതയോടെയാണ് പ്രതികരിക്കുന്നത്. പുതിയ സഖ്യകക്ഷികളെ സംബന്ധിച്ച തീരുമാനം കൂട്ടായാണ് എടുക്കുകയെന്നുമായിരുന്നു ടിവികെ നേതാവും വിദ്യാഭ്യാസ മന്ത്രിയുമായ രാജ് മോഹൻ്റെ പ്രതികരണം. എന്നാൽ ജാതി അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ വിഭജനങ്ങളെ മറികടക്കുന്ന വിശാലമായ സഖ്യം രൂപീകരിക്കുകയെന്നതാണ് ടിവികെയുടെ വലിയ രാഷ്ട്രീയ കണക്കുകൂട്ടലെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

എഐഎഡിഎംകെയുടെ സഖ്യകക്ഷിയായിരുന്ന പിഎംകെ ഒക്ടോബർ ആറിന് മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയ്ക്കായി പ്രചാരണം നടത്താതെ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കാൻ തീരുമാനിച്ചതാണ് ടിവികെ സഖ്യം എന്ന അഭ്യൂഹത്തിന് കാരണമായിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പിന് ശേഷം പിഎംകെ ടിവികെയുമായി രാഷ്ട്രീയ ധാരണയിലെത്താനുള്ള സാധ്യത സംബന്ധിച്ച ചർച്ചകൾക്ക് വഴിവെച്ചത പിഎംകെയുടെ ഈ നിലപാടാണ്. പിഎംകെയും വിസികെയും ചരിത്രപരമായി കടുത്ത രാഷ്ട്രീയ എതിരാളികളാണ്. വണ്ണിയാർ സമുദായത്തിന്റെ രാഷ്ട്രീയ താൽപര്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് പിഎംകെയുടെ പ്രധാന രാഷ്ട്രീയ അടിത്തറ. അതേസമയം ദളിത് രാഷ്ട്രീയ പ്രാതിനിധ്യത്തിനായി പ്രവർത്തിക്കുന്ന പാർട്ടിയാണ് വിസികെ. ദളിതർക്കെതിരായ ജാതി അടിസ്ഥാനത്തിലുള്ള അടിച്ചമർത്തലുകൾക്ക് മതിയായ പരിഹാരം കാണുന്നതിൽ പിഎംകെ പരാജയപ്പെട്ടുവെന്ന് വിസികെ പലതവണ ആരോപിച്ചിട്ടുണ്ട്. എന്നാൽ പിഎംകെ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.

Content Highlights: VCK has dismissed reports of a possible post-bypoll alliance between PMK and Vijay-led TVK, reiterating its opposition to joining an alliance that includes PMK.

To advertise here,contact us