ഛണ്ഡിഗഢ്: ഹോക്കി ഇതിഹാസവും എംഎൽഎയുമായ പർഗത് സിംഗിനെ പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായി നിയമിച്ചു. അമരീന്ദർ സിംഗ് രാജ വാറിംഗിന് പകരക്കാരനായാണ് പർഗത് സിംഗ് ചുമതലയേൽക്കുന്നത്. രണ്ട് ദിവസം മുമ്പാണ് വാറിംഗ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവച്ചത്. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് കോൺഗ്രസിന്റെ നേതൃത്വത്തിൽ നിർണായക മാറ്റമുണ്ടാകുന്നത്. സംസ്ഥാന കോൺഗ്രസിലെ വിഭാഗീയത രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ അധ്യക്ഷനെ പാർട്ടി നിയമിച്ചിരിക്കുന്നത്. 2012 മുതൽ ജലന്ധർ കന്റോൺമെന്റ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ കൂടിയാണ് പർവീന്ദർ സിംഗ്.
പർഗത് സിംഗ് പാർട്ടിക്കുള്ളിൽ പൊതുവെ നിഷ്പക്ഷ നിലപാടുള്ള നേതാവായാണ് കണക്കാക്കപ്പെടുന്നത്. നേരത്തെ ശിരോമണി അകാലിദളിനൊപ്പമായിരുന്ന അദ്ദേഹം പത്ത് വർഷം മുമ്പാണ് കോൺഗ്രസിൽ ചേർന്നത്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മുൻ കേന്ദ്രമന്ത്രി വിജയ് ഇന്ദർ സിംഗ്ലയുടെ പേരും പരിഗണിച്ചിരുന്നു. മുൻ ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ സിംഗ് രൺധാവ, റാണ കെ.പി. സിംഗ്, സുഖ്ബിന്ദർ സിംഗ് സർക്കാരിയ എന്നിവരുടെ പേരുകളും ചർച്ചയിലുണ്ടായിരുന്നു. ജാതി-സാമുദായിക സമവാക്യങ്ങളും സംസ്ഥാന കോൺഗ്രസിലെ വിഭാഗീയതയും കണക്കിലെടുത്താണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ നടന്നത്. രാജ വാറിംഗും പർഗത് സിംഗും ജാട്ട് സിഖ് വിഭാഗത്തിൽപ്പെട്ടവരാണ്. പഞ്ചാബ് കോൺഗ്രസിലെ പ്രധാന നേതാക്കളിലൊരാളായ മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി നേതൃത്വം നൽകുന്ന വിഭാഗത്തിന് അമരീന്ദർ സിംഗ് അധ്യക്ഷനായി തുടരുന്നതിൽ എതിർപ്പുണ്ടായിരുന്നു. നിലവിൽ പാർട്ടിയുടെ പ്രചാരണ സമിതി അധ്യക്ഷനാണ് ചരൺജിത് സിംഗ് ചന്നി.
അമരീന്ദർ സിംഗ് വാറിംഗ് തന്നെ സംസ്ഥാന അധ്യക്ഷനായി തുടരുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാർട്ടിക്കുള്ളിലെ തർക്കം കൂടുതൽ രൂക്ഷമായത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് പ്രതാപ് സിംഗ് ബജ്വയും ഈ തീരുമാനത്തോട് യോജിച്ചിരുന്നില്ല. ചന്നിയെ പിന്തുണച്ചവരിൽ സുഖ്ജീന്ദർ സിംഗ് രൺധാവയും ഉണ്ടായിരുന്നു. സെപ്റ്റംബർ അഞ്ചോടെ പാർട്ടിയിലെ ഭിന്നതകൾ പരസ്യമായി. തുടർന്ന് രാജസ്ഥാനിലെ മുൻ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിൻ പൈലറ്റിനെ പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയായി നിയമിച്ചു. നേരത്തെ ഈ ചുമതല വഹിച്ചിരുന്ന ഭൂപേഷ് ബഘേലിന് പകരമായിരുന്നു നിയമനം. അമരീന്ദർ സിംഗ് രാജ വാറിംഗ്, മുൻ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി എന്നിവരുടെ നേതൃത്വത്തിലുള്ള വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിൽ ഭൂപേഷ് ബഘേൽ പക്ഷപാതപരമായ നിലപാട് സ്വീകരിച്ചെന്ന വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മാറ്റം.
സെപ്റ്റംബർ 15ന് ദളിത് യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ചന്നിയും വാറിംഗും ഒരേ വേദിയിലെത്തി. ഏകദേശം മൂന്ന് മാസത്തിന് ശേഷമായിരുന്നു ഇരുവരും ഒരുമിച്ച് വേദി പങ്കിട്ടത്. ഈ പരിപാടിക്കിടെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടാതെ മത്സരിക്കുമെന്ന് പ്രതാപ് സിംഗ് ബജ്വ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 30ന് രാജ വാറിംഗ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവച്ചു. രണ്ട് ദിവസത്തിന് ശേഷം പർഗത് സിംഗിനെ പുതിയ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നിയമിക്കുകയായിരുന്നു.
Content Highlights: Hockey legend Pargat Singh has been appointed as the president of the Punjab Congress, months ahead of the state assembly elections