ന്യൂഡല്‍ഹി: ഗാന്ധി ജയന്തി ദിനത്തില്‍ വലിയ പോരാട്ടത്തിന് പടയൊരുക്കവുമായി രാജ്യം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കപ്പെടും. ഡല്‍ഹി ജന്തര്‍ മന്തറിലേക്ക് ഐസ, ഡിവൈഎഫ്ഐ, യൂത്ത് ലീഗ് ദേശീയ കമ്മിറ്റികളും മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹി പൊലീസ് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങാനും സാധ്യതയുണ്ടെന്നാണ് വിവരം. മുംബൈയിലാണ് കോക്രോച്ച് ജനതാ പാര്‍ട്ടി പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
ദേശീയ പതാകയേന്തിയും ഗാന്ധിജിയുടെ ചിത്രങ്ങളുള്ള വസ്ത്രങ്ങള്‍ ധരിച്ചുമാണ് യുവതി-യുവാക്കള്‍ സിജെപി സമരത്തില്‍ പങ്കെടുക്കുക. വൈകിട്ട് 4 മണിയോടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ശിവാജി പാര്‍ക്കില്‍ ഒന്നിച്ചുചേരുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തകര്‍ ജയില്‍ നിറയ്ക്കല്‍ സമരത്തിന്റെ ഭാഗമായി അറസ്റ്റ് വരിക്കുമെന്നും നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ഡല്‍ഹയിലും മുംബൈയിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സമരം ശക്തമാകുമ്പോഴും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഇപ്പോഴും മൗനം തുടരുകയാണ്.
സംഘര്‍ത്തില്‍ കുറഞ്ഞതൊന്നും ഇന്ന് ഡല്‍ഹയില്‍ സംഭവിക്കില്ല എന്നാണ് റിപ്പോര്‍ട്ട്. കേരള ഹൗസ് ഭാഗം മുതല്‍ ആളുകളെ നിയന്ത്രിക്കുന്ന സമീപനമാണ് സിആര്‍പിഎഫും പൊലീസും സ്വീകരിക്കുന്നത്. ജന്തര്‍ മന്തര്‍ ഭാഗത്തേക്ക് ആരേയും കടത്തി വിടേണ്ടതില്ലെന്നാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെയും അണിനിരത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ മാത്രം 5000 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. പല ഭാഗങ്ങളിലും ബാരിക്കേട് ഉപയോഗിച്ച് ഗതാഗതം നിയന്ത്രിക്കുകയാണ്. ധര്‍മേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച സമ്മര്‍ദ്ധ സാഹചര്യം ഇനി ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ന്യൂഡല്‍ഹി ജില്ലയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരിക്കുകയാണ്. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടരുതെന്നാണ് പൊലീസ് നല്കുന്ന നിര്‍ദ്ദേശം. മെട്രോ സ്റ്റേഷനുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജന്തര്‍ മന്തറിന് സമീപമുള്ള മെട്രോ സ്റ്റേഷനുകളിലാണ് നിയന്ത്രണം. ഗ്യാനേഷ് കുമാറിന് പ്രതിരോധം തീര്‍ക്കാനുള്ള സമീപനമാണ് ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
2013 ലെ മുംബൈ ഹൈക്കോടതി വിധിയും ട്രാഫിക്കിന്റെ പ്രശ്നവും ചൂണ്ടിക്കാട്ടിയാണ് രണ്ട് തവണയും മുബൈ പൊലീസ് സിജെപിക്ക് സമരത്തിന് അനുമതി നിഷേധിച്ചത്. ശിവജി പാര്‍ക്കില്‍ വൈകുന്നേരം നാല് മണിയോട് കൂടിയാണ് സമരം തുടരുക. യുവതീ യുവാക്കളുടെ വലിയ ഒഴുക്കാണ് മുംബൈയിലേക്ക് കാണാനാകുന്നത്. സമൂഹമാധ്യമങ്ങളില്‍ അടക്കം വലിയ ആഹ്വാനങ്ങളാണ് നടക്കുന്നത്. വീടുകളില്‍ നിന്ന് സമരത്തിനായി മുംബൈയിലേക്ക് എത്തുന്ന ദൃശ്യങ്ങള്‍ അടക്കം റീലുകളായി യുവാക്കള്‍ പ്രചരിപ്പിക്കുന്നുണ്ട്. മുംബൈയില്‍ ഉടനീളം സമരക്കാരെ നേരിടാന്‍ വലിയ നിയന്ത്രണങ്ങള്‍ പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശിവജി പാര്‍ക്കിന്റെ ഗേറ്റ് ആറിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഇവിടേക്കുള്ള പ്രവേശനം ഇതിനോടകം പൊലീസ് പൂര്‍ണമായും തടഞ്ഞിരിക്കുന്ന നിലയാണുള്ളത്.
നേരത്തെ ആസാദ് മൈദാനത്തേക്ക് സമരം മാറ്റണമെന്ന് നിര്‍ദ്ദേശം വന്നിരുന്നെങ്കിലും അഭിജീത്ത് ദീപ്കെ അടക്കമുള്ളവര്‍ ഇതിന് തയ്യാറായിരുന്നില്ല. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് ശിവജി പാര്‍ക്കില്‍ രാഷ്ട്രീയ പരിപാടികള്‍ നടത്താമെങ്കില്‍ എന്തുകൊണ്ട് തങ്ങളുടെ സമരത്തിന് അനുമതി ഇല്ലെന്ന ചോദ്യമാണ് സിജെപി ഉയര്‍ത്തുന്നത്. അതേസമയം അഭിജീത്ത് ദിപ്കെ കസ്റ്റഡിയില്‍ എന്ന വാര്‍ത്ത സിജെപി തള്ളി. മുംബൈ പൊലീസ് അഭിജീത്തിനെ കസ്റ്റഡിയിലെടുത്തെന്നായിരുന്നു പ്രചാരണം. വാര്‍ത്ത വ്യാജമാണെന്ന് എക്സിലൂടെ പാര്‍ട്ടി വ്യക്തമാക്കി. അഭിജീത്ത് ദിപ്കെ കാറിനുള്ളില്‍ നിന്നുള്ള സെല്‍ഫിയും പങ്കുവെച്ചിട്ടുണ്ട്. മറൈന്‍ ഡ്രൈവില്‍ പ്ലക്കാര്‍ഡുകളുമായി എത്തിയപ്പോള്‍ പൊലീസ് കസ്റ്റഡിയിലെടുത്തെന്നായിരുന്നു പ്രചരിച്ചത്.
Content Highlights: Nationwide protests seeking the resignation of Chief Election Commissioner Gyanesh Kumar are planned on Gandhi Jayanti. AISA, DYFI and Youth League national committees have announced marches to Jantar Mantar in Delhi, while the Cockroach Janata Party is set to organise a protest in Mumbai.