ന്യൂഡല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തില്‍ കലുഷിതമായി രാജ്യ തലസ്ഥാനം. നിരോധനാജ്ഞ ലംഘിച്ച് ജന്തര്‍ മന്തറിലേക്കുള്ള ഡിവൈഎഫയുടെ സമരം സംഘര്‍ഷഭരിതമായി. ജന്തര്‍ മന്തറിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം, ബൃന്ദ കാരാട്ട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ബാരിക്കേട് മറിച്ചിട്ട് പ്രവര്‍ത്തകര്‍ മുന്നോട്ട് നീങ്ങുന്ന സാഹചര്യമാണ് ഉണ്ടായത്. 5000 ത്തോളം പൊലീസുകാരെ അണി നിരത്തിയെങ്കിലും പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ഡല്‍ഹി പൊലീസിന് സാധിച്ചില്ല.
ജന്തര്‍ മന്തര്‍ ലക്ഷ്യമാക്കി പ്രവര്‍ത്തകര്‍ നീങ്ങി. അറസ്റ്റ് ചെയ്ത് നീക്കുന്നതിനനുസരിച്ച് കൂടുതല്‍ പേര് പലഭാഗത്ത് നിന്നും സമരത്തിന് അണി നിരക്കുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നതിനിടെ ജനാധിപത്യ മഹിളാ അസോസിയേഷന് പ്രവര്‍ത്തകരും പ്രകടനമായി ജന്തര്‍ മന്തറിലേക്ക് എത്തുകയാണ്. പല പൊലീസ് വാഹനങ്ങളും ഡിവൈഎഫ്ഐ തടഞ്ഞു. ഇടതുപക്ഷ എംപിമാര്‍ അടക്കമുള്ള നേതാക്കളെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. യൂത്ത് ലീഗിന്റെയും എഐഎസ്എഫിന്റെയും നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിക്കുകയാണ്. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി ഷിബു മീരാനെയും ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു.
കേരളത്തില്‍ നിന്നടക്കമുള്ള മൂവായിരത്തിലധികം പ്രവര്‍ത്തകരാണ് സമരത്തില്‍ അണിനിരക്കുന്നത്. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം, ജനറല്‍ സെക്രട്ടറി ഹിമാഘ്നരാജ് ഭട്ടാചാര്യ എന്നിവരുെട നേതൃത്വത്തിലാണ് പ്രക്ഷോഭം നടക്കുന്നത്. പൊലീസ് തടഞ്ഞാലും ജന്തര്‍ മന്തറിലേക്ക് തന്നെ നീങ്ങുമെന്നാണ് എ എ റഹീം റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു. ഡിവൈഎഫ്ഐ കേരളം സംസ്ഥാന സെക്രട്ടറി എം വിജിന് പ്രസിഡന്റ് ചിന്താ ജെറോം എന്നിവരും സമരത്തില്‍ അണി നിരന്നിട്ടുണ്ട്.
ഇതിന് മുമ്പ് സമരവുമായി എത്തിയ ഐസ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജന്തര്‍ മന്തറിലേക്ക് ആരേയും കടത്തി വിടാന്‍ പൊലീസ് അനുവദിക്കുന്നില്ല. ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എന്നാല്‍ വീണ്ടും പ്രവര്‍ത്തകര്‍ തമ്പടിച്ച് മുദ്രാവാക്യം വിളിക്കുന്ന സാഹചര്യവുമുണ്ടാകുന്നുണ്ട്. ഗ്യാനേഷ് കുമാറിന്റെ രാജി ഉണ്ടാകാതെ പ്രതിഷേധ സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ജന്തര്‍ മന്തറിലേക്ക് പ്രകടനവുമായി എത്തിയ ഐസ പ്രവര്‍ത്തകരെ പൊലീസ് അടിച്ചോടിക്കുന്ന സാഹചര്യവുമുണ്ടായി.
5000 ത്തിലധികം പൊലീസുകാരെയാണ് ജന്തര്‍ മന്തറില്‍ വിന്യസിച്ചിരിക്കുന്നത്. സമരത്തെ പൂര്‍ണ തോതില്‍ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് വിമർശനം. സമര മേഖലയില്‍ ഇന്റര്‍നെറ്റ് മൊബൈല്‍ സേവനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. ന്യൂഡല്‍ഹി ജില്ലയില്‍ മുമ്പ് തന്നെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പതിനൊന്നോളം മെട്രോ സ്റ്റേഷനുകളാണ് അടച്ചിട്ടിരിക്കുന്നത്.
Content Highlights: DYFI has begun a protest march towards Jantar Mantar in Delhi seeking the resignation of Chief Election Commissioner Gyanesh Kumar, with more than 3,000 activists, including participants from Kerala, taking part. The protest is being led by A A Rahim and Himaghna Raj Bhattacharya, while M Vijin and Chintha Jerome are also participating. Rahim said the protesters would continue towards Jantar Mantar even if stopped by police.