ചെന്നൈ: തമിഴ്നാട്ട് ദേശീയപാതയില്‍ താമ്പരം-തിണ്ടിവനം പാതയിലൂടെ യാത്ര ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇനി മുതല്‍ ടോള്‍ അടയ്ക്കുന്നതിനായി പരനൂര്‍ ടോള്‍ പ്ലാസയില്‍ നിര്‍ത്തേണ്ടതില്ല. ടോള്‍ ബൂത്തില്‍ നിര്‍ത്താതെ തന്നെ വാഹനങ്ങള്‍ കടന്നുപോകാന്‍ അനുവദിക്കുന്ന, തടസ്സങ്ങളില്ലാത്ത ടോള്‍ പിരിവ് സംവിധാനം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഒക്ടോബര്‍ ഒന്ന് മുതല്‍ പരനൂരില്‍ യാഥാര്‍ത്ഥ്യമാക്കി. ദേശീയപാത 45-ല്‍ ചെങ്കല്‍പട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ഈ ടോള്‍ പ്ലാസ, 'മള്‍ട്ടി-ലെയ്ന്‍ ഫ്രീ ഫ്ലോ' സാങ്കേതികവിദ്യ ഉപയോഗിച്ച് പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ആയ ഫീസ് പിരിവ് രീതിയിലേക്ക് മാറുന്ന തമിഴ്നാട്ടിലെ ആദ്യത്തെ ടോള്‍ പ്ലാസയാണ്. 46.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള താമ്പരം - തിണ്ടിവനം പാതയിലാണ് ഈ ടോള്‍ പ്ലാസ സ്ഥിതി ചെയ്യുന്നത്.
മുംബൈ-ഡല്‍ഹി ദേശീയപാതയില്‍ സൂറത്തിനും ഭറൂച്ചിനും ഇടയിലുള്ള കാംറെജ്-ചോര്യസി പാതയില്‍ (എന്‍എച്ച് 48) രാജ്യത്തെ ആദ്യത്തെ 'ബാരിയര്‍-ഫ്രീ' (തടസ്സങ്ങളില്ലാത്ത) ടോള്‍ പ്ലാസ ഈ വര്‍ഷം മെയ് മാസത്തില്‍ പ്രവര്ത്തനസജ്ജമായിയിരുന്നു. ഫാസ്റ്റാഗുമായി (FASTag) ബന്ധിപ്പിച്ച റേഡിയോ-ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സാങ്കേതികവിദ്യയും ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ (എഎല്പിആര്) ക്യാമറകളും സംയോജിപ്പിച്ചുള്ള സംവിധാനമാണിത്. വാഹനം ടോള്‍ മേഖലയിലൂടെ കടന്നുപോകുമ്പോള്‍, മുകളില്‍ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങള്‍ ഫാസ്റ്റാഗ് വിവരങ്ങള്‍ പരിശോധിക്കുകയും വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പര്‍ പകര്‍ത്തുകയും ചെയ്യുന്നു. വാഹനം നിര്‍ത്തുകയോ പ്രത്യേക ടോള്‍ പാതയില്‍ കാത്തുനില്‍ക്കുകയോ ചെയ്യാതെ തന്നെ, ഈ വിവരങ്ങള്‍ ഉപയോഗിച്ച് വാഹനത്തെ തിരിച്ചറിയാനും ബാധകമായ ടോള്‍ തുക ഈടാക്കാനുമുള്ള നടപടികള്‍ പൂര്‍ത്തിയാക്കാനും സാധിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത.
ടോള്‍ പ്ലാസകളിലെ നീണ്ട നിരകളും കാലതാമസവും കുറയ്ക്കുകയാണ് ഈ മാറ്റത്തിന്റെ ലക്ഷ്യം. തടസ്സങ്ങളില്ലാത്ത ടോള്‍ പിരിവ് നടപ്പിലാക്കുന്നതിലൂടെ ഗതാഗതം മെച്ചപ്പെടുത്താനും ടോള്‍ ബൂത്തുകളില്‍ വാഹനങ്ങള്‍ എന്ജിന് പ്രവര്‍ത്തിപ്പിച്ച് വെറുതെ നിര്‍ത്തിയിടേണ്ട സാഹചര്യം ഒഴിവാക്കി ഇന്ധന ഉപഭോഗവും വാഹനങ്ങളില്‍ നിന്നുള്ള മലിനീകരണവും കുറയ്ക്കാനും കഴിയുമെന്ന് എന്‍എച്ച്എഐ വ്യക്തമാക്കുന്നു. കൂടാതെ, ടോള്‍ പിരിവിലെ മാനുവല്‍ ഇടപെടലുകള്‍ കുറയ്ക്കാനും ഇടപാടുകള്‍ കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ഈ സംവിധാനം ഉപയോഗിക്കുന്ന വാഹന ഉടമകള്‍ക്ക് മതിയായ ബാലന്സുള്ളതും സാധുവായതും പ്രവര്‍ത്തനക്ഷമവുമായ ഫാസ്ടാഗ് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ബാലന്‍സ് കുറവായതോ, സാധുതയില്ലാത്തതോ പ്രവര്‍ത്തനരഹിതമായതോ ആയ ഫാസ്ടാഗ് ഉപയോഗിക്കുന്ന സാഹചര്യങ്ങളില്‍ ഇലക്ട്രോണിക് നോട്ടീസ് നല്‍കുമെന്ന് എന്‍എച്ച്എഐ അറിയിച്ചു. ഇന്ത്യയിലെ ദേശീയപാതകളില്‍ തടസ്സങ്ങളില്ലാത്ത ടോള്‍ പിരിവ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പാരനൂരില് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഗുജറാത്ത്, ഡല്‍ഹി, ഹരിയാന, രാജസ്ഥാന് എന്നിവിടങ്ങളിലെ ടോള്‍ പ്ലാസകളില്‍ എന്‍എച്ച്എഐ ഇതിനകം ഈ സംവിധാനം നടപ്പിലാക്കിക്കഴിഞ്ഞു. കൂടാതെ തമിഴ്നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലും പദ്ധതികള്‍ക്കായി കരാറുകള്‍ നല്‍കിയിട്ടുണ്ട്.
Content Highlights: The Paranur toll plaza on Tamil Nadu’s Tambaram–Tindivanam route has introduced a fully automated, barrier-free toll collection system from October 1. Using multi-lane free-flow technology, vehicles can pass through without stopping at the toll booth. Located near Chengalpattu on NH 45, Paranur is the first toll plaza in Tamil Nadu to adopt this fully automated system.