ഫുൾ ബോഡി സ്കാനറുകൾ വരുന്നു: അഞ്ച് മെട്രോ നഗരങ്ങളിൽ ഉൾപ്പെടെ എട്ട് വിമാനത്താവളങ്ങളിൽ ഉടൻ സ്ഥാപിക്കും

വ്യോമയാന സുരക്ഷയുടെ ദേശീയ നിയന്ത്രണ അതോറിറ്റിയായ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS) നടപ്പാക്കുന്ന വിപുലമായ സുരക്ഷാ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്

ന്യൂഡൽഹി: രാജ്യത്തെ എട്ട് വിമാനത്താവളങ്ങളിൽ ഫുൾ ബോഡി സ്കാനറുകൾ സ്ഥാപിക്കാൻ അനുമതി ലഭിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ് വിമാനത്താവളങ്ങളിലാണ് സ്കാനറുകൾ സ്ഥാപിക്കുക. ഇന്ത്യൻ യാത്രക്കാരുടെ വസ്ത്രധാരണ രീതികളും സാംസ്കാരിക പ്രത്യേകതകളും കണക്കിലെടുത്ത് ഫുൾ ബോഡി സ്കാനറുകളുടെ സോഫ്റ്റ്‌വെയർ അൽഗോരിതങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിവരികയാണ്. വ്യോമയാന സുരക്ഷയുടെ ദേശീയ നിയന്ത്രണ അതോറിറ്റിയായ ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS) നടപ്പാക്കുന്ന വിപുലമായ സുരക്ഷാ പരിഷ്‌കരണങ്ങളുടെ ഭാഗമായാണ് പുതിയ സംവിധാനം കൊണ്ടുവരുന്നത്.

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പോയ ഫ്ലൈദുബായ് വിമാനത്തിന്റെ സഹപൈലറ്റ് വിമാനം തകർക്കാൻ ശ്രമിക്കുന്നതിനിടെ തടയാൻ ശ്രമിച്ച ഇന്ത്യൻ പൈലറ്റിനെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് വിമാനസുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാനുള്ള നീക്കം. തിരഞ്ഞെടുത്ത എട്ട് വിമാനത്താവളങ്ങളിൽ മൂന്നിടങ്ങളിൽ ഇതിനകം തന്നെ അത്യാധുനിക സ്കാനറുകൾ എത്തിച്ചുകഴിഞ്ഞു. ശേഷിക്കുന്ന അഞ്ച് വിമാനത്താവളങ്ങളിൽ സ്ഥാപിക്കൽ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സ്കാനറുകൾ ഉപയോഗിച്ച് ശേഖരിക്കുന്ന വിവരങ്ങൾ നിലവിൽ പരിശോധിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്നുണ്ട്. പരിശോധനാ നടപടികളിലെ പിഴവുകൾ പരമാവധി കുറയ്ക്കുന്നതിനും സംവിധാനം കൂടുതൽ കൃത്യതയോടെ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് ഈ നടപടികൾ. വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്ന ഫുൾ ബോഡി സ്കാനറുകൾ ഇന്ത്യയിലും നടപ്പാക്കാനുള്ള ശ്രമങ്ങൾ രണ്ട് പതിറ്റാണ്ടിലേറെയായി തുടരുന്നുണ്ടെങ്കിലും നേരത്തെ നടത്തിയ ചില പരീക്ഷണ പദ്ധതികളിൽ യാത്രക്കാർ ഇതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു.

യാത്രക്കാരുടെ സ്വകാര്യത സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്നാണ് വ്യക്തമാക്കപ്പെടുന്നത്. പുതിയ സ്കാനറുകൾ യഥാർഥ ശരീരചിത്രം പ്രദർശിപ്പിക്കാത്ത തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പകരം യാത്രക്കാരന്റെ ശരീരത്തിന്റെ പൊതുവായ ത്രിമാന രൂപമാണ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുക.ഇതിലൂടെ യാത്രക്കാരന്റെ വ്യക്തിത്വമോ ശരീരത്തിന്റെ പ്രത്യേകതകളോ സുരക്ഷാ പരിശോധനയ്ക്കിടെ വെളിപ്പെടുന്നത് ഒഴിവാക്കാനാകും. യാത്രക്കാരന്റെ ശരീരത്തിൽ ധരിച്ചിരിക്കുന്നതോ ഒളിപ്പിച്ചിരിക്കുന്നതോ ആയ സംശയാസ്പദ വസ്തുക്കൾ മാത്രമായിരിക്കും സ്കാനർ ചൂണ്ടിക്കാണിക്കുക.

ഇന്ത്യൻ യാത്രക്കാർ സാധാരണയായി ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും പരിഗണിച്ചാണ് സ്കാനറുകളുടെ സാങ്കേതിക സംവിധാനം ക്രമീകരിക്കുന്നത്. വസ്ത്രങ്ങളും സംശയാസ്പദമായ വസ്തുക്കളും തമ്മിൽ കൃത്യമായി തിരിച്ചറിയാൻ പ്രത്യേക അൽഗോരിതങ്ങൾ വികസിപ്പിച്ച് സ്കാനറുകളിൽ ഉൾപ്പെടുത്തിവരികയാണ്. യാത്രക്കാരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനൊപ്പം ഫലപ്രദമായ സുരക്ഷാ പരിശോധന ഉറപ്പാക്കുന്നതിനായി സംവിധാനങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ സർക്കാർ തുടർച്ചയായി വിശകലനം ചെയ്യുന്നുണ്ട്. ഇതിനുപുറമെ, വിമാനങ്ങളുടെ ബാഗേജുകൾ ത്രിമാനമായി പരിശോധിച്ച് സ്ഫോടകവസ്തുക്കൾ കണ്ടെത്താൻ സഹായിക്കുന്ന കമ്പ്യൂട്ടഡ് ടോമോഗ്രഫി എക്‌സ്-റേ (CTX) മെഷീനുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. വിദഗ്ധരുമായും വ്യവസായ മേഖലയിലെ പ്രതിനിധികളുമായും നടത്തിയ ചർച്ചകൾക്ക് ശേഷം ഈ മെഷീനുകളുടെ സാങ്കേതിക മാനദണ്ഡങ്ങൾ അന്തിമമാക്കിവരികയാണെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.

രണ്ട് പൈലറ്റുമാർ ഉൾപ്പെട്ട അടുത്തിടെയുണ്ടായ ഫ്ലൈദുബായ് സംഭവവും കേന്ദ്ര വ്യോമയാന മന്ത്രാലയം പരിശോധിച്ചുവരികയാണ്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് വ്യോമയാന മന്ത്രാലയം സെക്രട്ടറി സമീർ സിൻഹ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ മന്ത്രാലയം പരിശോധിച്ചുവരികയാണെന്നും പുതിയ നിർദേശങ്ങളോ മറ്റ് നടപടികളോ ആവശ്യമാണെന്ന് കണ്ടെത്തിയാൽ മുതിർന്ന ഉദ്യോഗസ്ഥരെ ഉടൻ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Full body scanners will soon be installed at eight airports across India, including airports in five metro cities, to strengthen passenger security screening

To advertise here,contact us