വോട്ട് ചോരി ആരോപണത്തിൽ പാർട്ടിയിൽ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ല;പ്രവർത്തക സമിതി യോഗത്തിൽ വിമർശിച്ച് രാഹുൽ

ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ പിന്തുണച്ചില്ലെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്

ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ അതൃപ്തി വ്യക്തമാക്കി രാഹുല്‍ ഗാന്ധി. വോട്ട് ചോരി ആരോപണത്തില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി പ്രവര്‍ത്തക സമിതി യോഗത്തില്‍ പറഞ്ഞു. ഒരു വിഭാഗം മുതിര്‍ന്ന നേതാക്കള്‍ പിന്തുണച്ചില്ലെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. വോട്ട് ചോരിയില്‍ പ്രതിഷേധവുമായി ഇറങ്ങേണ്ടതിന് പകരം വിഷയം വിശകലനം ചെയ്യല്‍ മാത്രമാണ് നടന്നതെന്നും വിമര്‍ശനമുണ്ടായി. താന്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ നേതാക്കള്‍ക്ക് ബോധ്യപ്പെട്ടത് രണ്ട് വര്‍ഷം കഴിഞ്ഞിട്ടാണെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു. പ്രവര്‍ത്തനം ഇങ്ങനെ പോയാല്‍ ശരിയാവില്ലെന്നും പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

അധികാരം നഷ്ടപ്പെടുമെന്ന് ബിജെപി മനസ്സിലാക്കുന്നു, കോണ്‍ഗ്രസ് നേതാക്കളും ഇത് തിരിച്ചറിയണം. പാര്‍ട്ടി ഉന്നയിക്കുന്ന ആരോപണങ്ങളില്‍ നേതാക്കള്‍ക്ക് വിശ്വാസം ഉണ്ടാകണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വിഷയത്തില്‍ നേതാക്കള്‍ക്ക് മേല്‍ പിടിമുറുക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിന്റെ ഭാഗമായി നേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കും. സമൂഹമാധ്യമ അക്കൗണ്ടുകളില്‍ ഇടുന്ന പോസ്റ്റുകളും അഭിപ്രായങ്ങളും നിരീക്ഷിക്കുമെന്നാണ് അറിയിച്ചത്. രാഹുല്‍ ഗാന്ധിയുടെ പോസ്റ്റുകള്‍ ആരൊക്കെ പങ്കുവെയ്ക്കുമെന്നും നിരീക്ഷിക്കും.

ഇന്നലെ നടന്ന കോണ്‍ഗ്രസ് യോഗം വളരെ പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞ ഖര്‍ഗെ ബ്രിട്ടീഷ് രാജിനെപ്പോലെ, ഇന്ത്യയുടെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള ചരിത്രപരമായ ഉത്തരവാദിത്തം കോണ്‍ഗ്രസ് ഒരിക്കല്‍ കൂടി ഏറ്റെടുക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടീഷുകാരില്‍ നിന്ന് വോട്ടവകാശം പിടിച്ചെടുത്ത നമ്മള്‍, ഇന്ന് ആ അവകാശം സംരക്ഷിക്കാന്‍ വീണ്ടും പോരാടേണ്ടതുണ്ടെന്നാണ് ഖർഗെ പറഞ്ഞത്. വോട്ടര്‍പട്ടികയിലെ കടും വെട്ടിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നുവെന്നാണ് കോണ്‍ഗ്രസ് ആരോപണം. പ്രതിഷേധ പരിപാടികള്‍ ആലോചിക്കാനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നത്. ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതും, ഇംപീച്ച്മെന്റ് നോട്ടീസിലെ തുടര്‍ നടപടികളും യോഗം ചര്‍ച്ച ചെയ്തിരുന്നു.

Content Highlights: Rahul Gandhi expressed his displeasure during the Congress Working Committee meeting.

To advertise here,contact us