ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഇൻഡ്യ സഖ്യം, ഒക്ടോബര്‍ 6ന് തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് മാർച്ച്

മാർച്ചിൽ എല്ലാ പ്രതിപക്ഷ എംപിമാരും പങ്കെടുക്കും

ന്യൂഡൽഹി: മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കാന്‍ ഇന്‍ഡ്യാ സഖ്യം. ഇരുപത് പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തിലാണ് വ്യാപക പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് വാര്‍ത്താസമ്മേളനത്തില്‍ ഇന്‍ഡ്യാ സംഖ്യത്തിന്റെ പ്രതിഷേധ പരിപാടികള്‍ വ്യക്തമാക്കിയത്. പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ ആറാം തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്ന് ഇന്‍ഡ്യ സഖ്യം അറിയിച്ചു.

എല്ലാ രാജ്യസഭ-ലോക്‌സഭ എംപിമാരും പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും. ഗ്യാനേഷ് കുമാര്‍ രാജി വെയ്ക്കും വരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ ജില്ലാതല മാര്‍ച്ച് സംഘടിപ്പിക്കും. കൂടാതെ അഞ്ച് വമ്പന്‍ റാലികള്‍ സംഘടിപ്പിക്കും. പ്രതിഷേധ റാലികളുടെ തീയതിയും സ്ഥലവും പിന്നീട് തീരുമാനിക്കുമെന്നാണ് അറിയിച്ചത്.

അതേസമയം, വോട്ട് ചോരി നടത്തിയ ഗ്യാനേഷ് കുമാർ കള്ളനാണെന്നും എത്രയും വേഗം രാജിവെയ്ക്കണമെന്നും ഇൻഡ്യ സഖ്യ യോഗത്തിൽ മമത ബാനർജി ആവശ്യപ്പെട്ടു. ഇതിനായി വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്നും മമത പ്രഖ്യാപിച്ചു. ഇവിഎമ്മിൽ പ്രശ്‌നമുണ്ടെന്നും 13 കോടി വോട്ടർമാരെ പട്ടികയിൽ നിന്ന് വെട്ടി മാറ്റിയെന്നും മമത പറഞ്ഞു. രാജ്യത്ത് ജനാതിപത്യം തിരികെ കൊണ്ട് വരണമെന്നും മമത ബാനർജി ആവശ്യപ്പെട്ടു

മോദിയും അമിത് ഷായും ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്ന് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പറഞ്ഞു. കുറച്ച് മാസങ്ങൾക്കുള്ളിൽ രാജ്യത്ത് മാറ്റങ്ങൾ ഉണ്ടാകുമെന്നും ജാധിപത്യത്തെ ആക്രമിക്കുന്നവരെ ശിക്ഷിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ കടമയെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

Content Highlights: The INDIA alliance will intensify its protest against Gyanesh Kumar and hold a march to the Election Commission on October 6.

To advertise here,contact us