ഡല്‍ഹി SIRല്‍ വന്‍ വീഴ്ച: BLA മാര്‍ പ്രതിദിന പരിധി ലംഘിച്ചു, BJP BLA 2 ദിവസം കൊണ്ട് നൽകിയത് 35 അപേക്ഷകൾ

പരമാവധി 10 ഒഴിവാക്കാനുള്ള (ഫോം 7) അപേക്ഷകള്‍ മാത്രമേ പ്രതിദിനം സമര്‍പ്പിക്കാവൂ എന്നാണ് ചട്ടം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വോട്ടര്‍ പട്ടിക പുതുക്കലില്‍ വന്‍ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. പരമാവധി ഒരു ബിഎൽഒയ്ക്ക് പ്രതിദിനം 10 'ഫോം 7' അപേക്ഷകള്‍ മാത്രമേ സമര്‍പ്പിക്കാവൂ എന്നിരിക്കെ, ഈ പരിധി മറികടന്നു എന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓണ്‍ലൈന്‍ പോര്‍ട്ടലിലെ പഴുതുകള്‍ ഉപയോഗിച്ചാണ് ബിഎല്‍എമാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോര്‍ട്ടല്‍ വഴി അപേക്ഷ സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ 21-നും 27-നും ഇടയില്‍ നാല് പേര്‍ പ്രതിദിനം പത്തിലധികം ഫോം 7 അപേക്ഷകള്‍ സമര്‍പ്പിച്ചതായാണ് കണ്ടെത്തല്‍.

ബിജെപി ബിഎല്‍എ ചിത്രേഷ് ചന്ദോലിയ രണ്ടു ദിവസങ്ങളിലായി സമര്‍പ്പിച്ചത് 35 അപേക്ഷകളാണ്. 20 വയസ്സുകാരനായ സംഗം വിഹാര്‍ സ്വദേശി അപൂര്‍വ് ദ്വിവേദി സ്വന്തം പേര് ഒഴിവാക്കാന്‍ മരണം എന്ന് കാരണം കാണിച്ച് ഫോം സമര്‍പ്പിച്ചതായാണ് ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനേക്കാള്‍ വേഗത്തില്‍ പേര് ഒഴിവാക്കാനുള്ള അപേക്ഷകളില്‍ തീരുമാനമെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ബിജെപിയുടെ നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി എംപി യോഗേന്ദര്‍ ചന്ദോലിയയുടെ മകനാണ് ചിത്രേഷ്. ഈ ഫോമുകള്‍ സമര്‍പ്പിക്കുന്ന വ്യക്തി ഒരു പാര്‍ട്ടി നിയോഗിച്ച ബിഎല്‍എ ആണെന്ന് വ്യക്തമാക്കുന്നതിനുള്ള സൗകര്യം ഓണ്‍ലൈനില്‍ ലഭ്യമല്ലെന്നാണ് ചിത്രേഷ് പറഞ്ഞത്. ഒരു ദിവസം 10 ഫോമുകള്‍ മാത്രമേ സമര്‍പ്പിക്കാവൂ എന്ന പരിധി ഇല്ലെന്നാണ് ബിജെപി ബിഎല്‍എയുടെ വിശദീകരണം.

വോട്ടര്‍ പട്ടികയുടെ കരട് പ്രസിദ്ധീകരിച്ചതിന് ശേഷം അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് ലെവല്‍ ഏജന്റുമാര്‍ക്ക് കൂട്ടമായി അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഒരു ബിഎല്‍എക്ക് ഒരു ദിവസം പരമാവധി 10 ഫോമുകള്‍ മാത്രമേ സമര്‍പ്പിക്കാന്‍ കഴിയൂ എന്ന നിബന്ധനയുണ്ട്. ഫോം 6 (പേര് ചേര്‍ക്കല്‍), ഫോം 7 (ആക്ഷേപം അല്ലെങ്കില്‍ നീക്കം ചെയ്യല്‍), ഫോം 8 (തിരുത്തല്‍ അല്ലെങ്കില്‍ മാറ്റം വരുത്തല്‍) എന്നിവയിലൂടെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ഡിജിറ്റൈസ് ചെയ്യണമെന്നാണ് ചട്ടം. കൂടാതെ മറ്റ് ക്രോഡീകരിച്ച നിയമപരമായ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം ഡല്‍ഹി ചീഫ് ഇലക്ടറല്‍ ഓഫീസറുടെ (സിഇഒ) വെബ്സൈറ്റില്‍ ദിവസവും അപ്ലോഡ് ചെയ്യണമെന്നും ചട്ടങ്ങള്‍ അനുശാസിക്കുന്നു. എന്നിരുന്നാലും, അവകാശവാദങ്ങളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന ഘട്ടം തുടങ്ങി ഏകദേശം ഒരു മാസം പിന്നിട്ടിട്ടും, വ്യക്തിഗത അപേക്ഷകളുടെ വിശദാംശങ്ങള്‍ സിഇഒയുടെ വെബ്സൈറ്റില്‍ ലഭ്യമായിട്ടില്ലെന്ന് ഔദ്യോഗിക രേഖകള്‍ സൂചിപ്പിക്കുന്നു.

കരോള്‍ ബാഗ് നിവാസികള്‍ക്കായി ചിത്രേഷ് സമര്‍പ്പിച്ച എല്ലാ ഫോം 7-കളിലും 'സ്ഥലത്തില്ല/സ്ഥിരമായി താമസം മാറി' (absent/permanently shifted) എന്നാണ് കാരണമായി രേഖപ്പെടുത്തിയിരുന്നതെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഫോം 7 സമര്‍പ്പിക്കപ്പെട്ട വ്യക്തികള്‍ രേഖപ്പെടുത്തിയ വിലാസത്തിലല്ല താമസിക്കുന്നതെന്ന് അദ്ദേഹം വിശദീകരണം നല്‍കി. ബിജെപി ബിഎല്‍എ സമര്‍പ്പിച്ച ഫോം 7 അപേക്ഷകളുമായി ബന്ധപ്പെട്ട പല വിലാസങ്ങളും ദി ഹിന്ദു പ്രതിനിധി സന്ദര്‍ശിക്കുകയും, പട്ടികയില്‍ രേഖപ്പെടുത്തിയ വിലാസത്തില്‍ തന്നെ കര്‍നൈല്‍ സിംഗ് എന്ന ആള്‍ താമസിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. എന്നാല്‍, വോട്ടര്‍ തന്റെ ബൂത്തില്‍ നിന്ന് വളരെ അകലെയാണ് താമസിക്കുന്നത് എന്നതിനാലാണ് വോട്ടര്‍ പട്ടികയില്‍ നിന്ന് സിംഗിന്റെ പേര് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നാണ് ചിത്രേഷ് നല്‍കുന്ന വിശദീകരണം.

Content Highlights: The Hindu has reported alleged irregularities in Delhi’s voter list revision, with BLAs reportedly exceeding the prescribed daily limit of 10 Form 7 applications. Four individuals were found to have submitted more than 10 applications a day between September 21 and 27, allegedly by using loopholes in the Election Commission’s online portal.

To advertise here,contact us