നന്ദിഗ്രാമിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലന്‍ പ്രധാന് ഇടക്കാല ജാമ്യം

2007ലെ ഭൂസമരവുമായി ബന്ധപ്പെട്ട ആറ് കേസുകളിലാണ് മിലന്‍ പ്രഥാനെ കസ്റ്റഡിയിലെടുത്തത്

കൊല്‍ക്കത്ത: നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലന്‍ പ്രധാന് ഇടക്കാല ജാമ്യം അനുവദിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. ഒക്ടോബര്‍ 20 വരെയാണ് ജാമ്യം അനുവദിച്ചത്. ഹര്‍ജിക്കാരന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കണമെന്നും അതിനായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് അഭിപ്രായമെന്നും കോടതി വ്യക്തമാക്കി.

2007ലെ ഭൂസമരവുമായി ബന്ധപ്പെട്ട ആറ് കേസുകളിലാണ് മിലന്‍ പ്രഥാനെ കസ്റ്റഡിയിലെടുത്തത്. 20 വര്‍ഷം മുമ്പുള്ള കേസിലെ ഇപ്പോഴത്തെ അറസ്റ്റ് ചോദ്യം ചെയ്താണ് മിലന്‍ കോടതിയെ സമീപിച്ചത്. മിലന്‍ പ്രധാനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് അദ്ദേഹം നാമനിര്‍ദേശപത്രിക നല്‍കാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിഗണിച്ചാണ് കോടതി മിലന്‍ പ്രധാന് ജാമ്യം അനുവദിച്ചത്.

നന്ദിഗ്രാമില്‍ മിലന്‍ പ്രധാനെ പിന്തുണയ്ക്കുമെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു 2007ലെ കേസില്‍ സ്ഥാനാര്‍ത്ഥിയെ അറസ്റ്റ് ചെയ്തത്. മമതാ ബാനര്‍ജി നിശ്ചയിച്ച സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മമത നിര്‍ത്തിയ സ്ഥാനാര്‍ത്ഥി സഞ്ജിത പ്രധാന്‍ പത്രിക പിന്‍വലിച്ചതായി പ്രഖ്യാപിച്ചത്.

Content Highlights: Interim Bail Granted to Nandigram Congress Candidate Milan Pradhan

To advertise here,contact us