ബാങ്കുകള്‍ക്ക് അഞ്ച് പ്രവര്‍ത്തി ദിവസങ്ങള്‍: ആവശ്യം ചര്‍ച്ച ചെയ്യുന്നതിനായി ഉന്നതതല സമിതി രൂപീകരിച്ചു

ബാങ്ക് മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരുടെ യൂണിയന്‍ പ്രതിനിധികളും സമിതിയില്‍ അംഗങ്ങളായിരിക്കും

ന്യൂഡല്‍ഹി: ബാങ്കിങ് പ്രവര്‍ത്തി ദിവസങ്ങള്‍ അഞ്ചായി കുറയ്ക്കണമെന്ന ജീവനക്കാരുടെ ആവശ്യം ചര്‍ച്ച ചെയ്യുന്നതിനായി ഉന്നതതല സമിതി രൂപീകരിച്ച് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍. സെപ്റ്റംബര്‍ 27ന് ഐബിഎയുടെ ചര്‍ച്ചാ സമിതിയും യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സും തമ്മില്‍ നടത്തിയ യോഗത്തിന് പിന്നാലെയാണ് നടപടി. ബാങ്ക് മാനേജ്‌മെന്റ് പ്രതിനിധികളും ജീവനക്കാരുടെ യൂണിയന്‍ പ്രതിനിധികളും സമിതിയില്‍ അംഗങ്ങളായിരിക്കും.

ഐബിഎ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന പ്രകാരം, ബാങ്ക് ഓഫ് ഇന്ത്യയുടെ എംഡിയും സിഇഒയുമായ രജനീഷ് കര്‍ണാടകിനെ സമിതി ചെയര്‍മാനായി നിയമിച്ചു. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എംഡിയും സിഇഒയുമായ അശോക് ചന്ദ്ര പകരം ചെയര്‍മാനായി ചുമതല വഹിക്കും.

ബാങ്ക് യൂണിയനുകള്‍ അഞ്ചുദിവസത്തെ ബാങ്കിങ് പ്രവര്‍ത്തി ദിവസങ്ങള്‍ നടപ്പാക്കണമെന്ന ആവശ്യവുമായി തുടര്‍ച്ചയായി മുന്നോട്ട് പോകുന്നതിനിടെയാണ് പുതിയ സമിതി രൂപീകരിച്ചത്. പദ്ധതി നടപ്പായാല്‍ ബാങ്കുകള്‍ക്ക് എല്ലാ ശനിയാഴ്ചകളും അവധിയായിരിക്കും. അഞ്ചുദിവസത്തെ ബാങ്കിങ് സംബന്ധിച്ച നിര്‍ദേശം വര്‍ഷങ്ങളായി അസോസിയേഷന്‍ ചര്‍ച്ച ചെയ്ത് വരികയാണ്. 2023 ജനുവരി 31ന് നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍, അഞ്ചുദിവസത്തെ ബാങ്കിങ് നയം നടപ്പാക്കുന്നതിനായി ദിവസേനയുള്ള ബാങ്കിങ് സമയം 45 മിനിറ്റ് വര്‍ധിപ്പിക്കാമെന്ന് അസോസിയേഷന്‍ നിര്‍ദേശിച്ചിരുന്നു. നേരത്തെ യൂണിയനുകള്‍ 30 മിനിറ്റ് വര്‍ധനയാണ് നിര്‍ദേശിച്ചിരുന്നത്.

2023 ഫെബ്രുവരി 28ലെ യോഗത്തില്‍ അഞ്ച് പ്രവര്‍ത്തി ദിവസങ്ങള്‍ എന്നത് സാധ്യമാക്കുന്നതിനായി ബാങ്കുകളുടെ മറ്റ് ദിവസങ്ങളിലെ പ്രവര്‍ത്തന സമയം പരിഷ്‌കരിക്കുന്നതില്‍ പ്രാഥമിക ധാരണയിലെത്തിയതും യൂണിയനുകള്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ രൂപീകരിച്ച പുതിയ സമിതി, ബാങ്ക് മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെ യൂണിയനുകളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി, തുടര്‍ ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകും.

Content Highlights: The Indian Banks’ Association has formed a high-level committee to discuss the proposal for a five-day banking week. If implemented, all Saturdays would become bank holidays. The committee will include representatives from bank management and employee unions, with discussions focusing on the implementation of the proposal.

To advertise here,contact us