എസ്ആർഎഫ്ഐടി സംഘർഷം: 'ഇതിനുവേണ്ടിയാണ് അവർ ബംഗാളിൽ വോട്ടുകൾ മോഷ്ടിച്ചത്': അനുരാഗ് കശ്യപ്

ഞായറാഴ്ച നടന്ന ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്

കൊൽക്കത്ത: സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലുണ്ടായ സംഘര്‍ത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി സംവിധായകന്‍ അനുരാഗ് കശ്യപ്. 'ഇതിനുവേണ്ടിയാണ് അവര്‍ ബംഗാളില്‍ വോട്ടുകള്‍ മോഷ്ടിച്ചത്' എന്ന പ്രസ്താവന പങ്കുവെച്ച അദ്ദേഹം അതിക്രമം നേരിട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. എസ്ആർഎഫ്ഐടിയുടെ സ്റ്റുഡൻ്റ് യൂണിയൻ്റെ പ്രസ്താവന പങ്കുവെച്ചാണ് അനുരാഗ് കശ്യപ് അഭിപ്രായം രേഖപ്പെടുത്തിയത്.

മോളിവുഡ് സംവിധായകന്‍ അമല്‍ നീരദും വിദ്യാര്‍കള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്നോട്ട് വന്നിരുന്നു. തിരുവനന്തപുരത്ത് ഐഡിഎസ്എഫ്എഫ്‌കെ വേദിയിലും വിദ്യാര്‍ത്ഥികള്‍ നേരിട്ട അതിക്രമത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

കൊല്‍ക്കത്തയിലെ സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥികൾക്ക് നേരെ സംഘപരിപാവർ സംഘടന നടത്തിയ അതിക്രമത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഏകദേശം 30 വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് ഫാക്കല്‍റ്റി അംഗങ്ങള്‍ക്കുമാണ് പരിക്കേറ്റത്. സംഘര്‍ഷത്തില്‍ മലയാളി വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ക്ക് പരുക്കേറ്റിരുന്നു. ഞായറാഴ്ച നടന്ന ആര്‍എസ്എസ് അനുകൂല സംഘടനയുടെ പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്.

പുറത്തുനിന്നുള്ള ഒരു സംഘടനയെ ക്യാമ്പസില്‍ പരിപാടി നടത്താന്‍ അനുവദിച്ചത് എന്തുകൊണ്ടാണെന്ന് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. മുന്‍ക്കൂട്ടി അറിയിക്കാതെയാണ് പരിപാടി നടത്തുന്നതെന്നും വിദ്വേഷ പ്രചാരണം നടത്തുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. ഇതോടെ സംഘാടകരായ ആളുകള്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നു. കത്തി പോലുള്ളവ ഉപയോഗിച്ച് വിദ്യാര്‍ഥികളെ ആക്രമിച്ചുവെന്നും പരാതിയുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനമേല്‍ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. 'ആര്‍എസ്എസ് ഗോ ബാക്ക്' വിളികളോടായാണ് വിദ്യാര്‍ത്ഥികൾ പ്രതിഷേധിച്ചത്.

ആര്‍എസ്എസുമായി ബന്ധമുള്ള അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്തിന്റെ(എബിജിപി) നേതൃത്വത്തില്‍ ഉപഭോക്തൃ ബോധവത്കരണ പരിപാടിക്കായി ആണ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന തീയേറ്റര്‍ ഓഡിറ്റോറിയം വിട്ടു കൊടുത്തത്. സുവേന്ദു അധികാരിയുടെ നേതൃത്വത്തില്‍ ബിജെപി ബംഗാളിന്റെ ഭരണം പിടിക്കുന്നതിന് മുമ്പ് വരെ എസ്ആര്‍എഫ്ടിഐ സിനിമ-ടെലിവിഷന്‍ പഠനത്തിന് മാത്രമായാണ് ഉപയോഗിച്ചതെന്നും കഴിഞ്ഞ നാല് മാസമായി ഇത്തരം രാഷ്ട്രീയ യോഗങ്ങള്‍ക്കുള്ള വാടക സ്ഥാലമായി മാറിയെന്നാണ് ആരോപണം.

ഞായറാഴ്ച്ച അവധി ദിവസമായതിനാലാണ് സംഘപരിവാര്‍ സംഘടന തീയേറ്റര്‍ ഓഡിറ്റോറിയം ബുക്ക് ചെയ്തത്. 15,000 രൂപ അടച്ചതിന്റെ രസീത് ഉണ്ടെന്നും സംഘടന അവകാശപ്പെട്ടിരുന്നു.

എന്നാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഞായറാഴ്ച്ചയും പ്രവര്‍ത്തിക്കുമെന്നും വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രാക്ടിക്കല്‍ അസൈമെന്റ്‌സുകള്‍ക്കായി പ്രധാന തീയേറ്റര്‍ ഉപയോഗിക്കുമെന്നും അനുമതി കൊടുത്തവര്‍ക്ക് തീര്‍ച്ചയായും അറിയാവുന്നതാണെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ ഇക്കാര്യം മറച്ച് വെച്ചെന്നാണ് രാഷ്ട്രീയ പരിപാടിക്കായി തീയേറ്റർ വിട്ട് നൽകിയതെന്നും ആരോപണം ഉണ്ട്.

പ്രതിഷേധത്തിനെത്തിയ വിദ്യാര്‍ത്ഥികളെ ആര്‍എസ്എസ് അനുകൂലികള്‍ പാറ്റകളെന്നും രാജ്യദ്രോഹികളെന്നും ബംഗ്ലാദേശികളെന്നും വിളിച്ചിരുന്നു. കൂടാതെ വിദ്യാര്‍ത്ഥികളെ അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ പ്രധാന ഗേറ്റ് പൂട്ടി കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. രാത്രി വരെ സംഘര്‍ഷം തുടര്‍ന്നിരുന്നു. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുമെന്ന് മുന്‍ക്കൂട്ടി കണ്ട എബിജിപി പ്രവർത്തകർ ആയുധങ്ങളുമായി എത്തിയെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്. അക്രമികളെ പിടികൂടാതെ പൊലീസ് വാനുകള്‍ പുറത്തേക്ക് വിടില്ലെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു. എന്നാല്‍ സംഘര്‍ഷത്തില്‍ മൂന്ന് എഫ്ഐആറുകള്‍ വൈകുന്നേരം രജിസ്റ്റര്‍ ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. രണ്ടെണ്ണം എബിജിപി അംഗങ്ങളും ഒന്ന് എസ്ആര്‍എഫ്ടിഐ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ്.

Content Highlights: Filmmaker Anurag Kashyap has reacted to the clash at the Satyajit Ray Film and Television Institute (SRFTI), making a remark about alleged vote theft in Bengal. His statement comes amid reports of injuries to students and teachers during the campus incident.

To advertise here,contact us