48 മണിക്കൂര്‍ പന്ത് ഗ്യാനേഷിന്റെ കോര്‍ട്ടില്‍ ആയിരുന്നു, ഇപ്പോഴത് CJP കോർട്ടിൽ, പിന്നോട്ടില്ല: അശുതോഷ് റാങ്ക

സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന് മുംബൈ പൊലീസ് ഇതുവരെയും അനുമതി നല്‍കിയിട്ടില്ല

ന്യൂഡല്‍ഹി: ഗാന്ധി ജയന്തി ദിനത്തില്‍ ആരംഭിക്കുന്ന പ്രതിഷേധം മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കും വരെ തുടരുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അശുതോഷ് റാങ്ക. പന്ത് 48 മണിക്കൂര്‍ ഗ്യാനേഷിന്റെ കോര്‍ട്ടില്‍ ആയിരുന്നുവെന്നും ഇപ്പോള്‍ സിജെപിയുടെ കയ്യില്‍ ആണെന്നും അശുതോഷ് പറഞ്ഞു. 13 കോടി പൗരന്മാരുടെ വോട്ട് വെട്ടിയതില്‍ അടക്കം ആരോപണങ്ങളില്‍ പരസ്യമായി പ്രതികരിക്കാനും സിജെപി ഗ്യാനേഷ് കുമാറിനെ വെല്ലുവിളിച്ചു.

'48 മണിക്കൂര്‍ പന്ത് ഗ്യാനേഷിന്റെ കോര്‍ട്ടില്‍ ആയിരുന്നു. ഇപ്പോഴത് സിജെപി കോര്‍ട്ടില്‍ ആണ്. ഒക്ടോബര്‍ രണ്ടിന് ഞങ്ങള്‍ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കും. ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കുന്നതുവരെ പിന്നോട്ടില്ല', അശുതോഷ് റാങ്ക പറഞ്ഞു.

13 കോടി പൗരന്മാര്‍ വോട്ടര്‍പട്ടികയില്‍ നിന്നും പുറത്തായതുള്‍പ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങള്‍ പുറത്തുവന്നതോടെ ഗ്യാനേഷ് കുമാര്‍ 48 മണിക്കൂറിനകം രാജിവെച്ചൊഴിയണമെന്ന് സിജെപി ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം ജന്തര്‍ മന്തര്‍ 2.0 സംഘടിപ്പിക്കുമെന്നായിരുന്നു മുന്നറിയിപ്പ്.

അതേസമയം സിജെപി ആഹ്വാനം ചെയ്ത പ്രതിഷേധത്തിന് മുംബൈ പൊലീസ് ഇതുവരെയും അനുമതി നല്‍കിയിട്ടില്ല. ശിവജി പാര്‍ക്കില്‍ പരിപാടികള്‍ക്ക് അനുമതി നല്‍കുന്നത് പൊലീസിന്റെ അധികാര പരിധിയിലല്ലെന്നും ബോംബെ ഹൈക്കോടതി വിധിയോ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവോ ആവശ്യമാണെന്നാണ് മുംബൈ പൊലീസ് വ്യക്തമാക്കിയത്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാവുകയാണ്. ഡല്‍ഹി, ജയ്പൂര്‍, ലഖ്‌നൗ തുടങ്ങിയ പ്രധാന നഗരങ്ങളിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ വലിയ സംഘര്‍ഷം ഉണ്ടാവുകയും പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയും ചെയ്തു. ജയ്പൂരില്‍ ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ നരേന്ദ്ര മോദിയുടെയും ഗ്യാനേഷ് കുമാറിന്റെയും മുഖമൂടികള്‍ ധരിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത്. ജനാധിപത്യത്തിന്റെ കശാപ്പുകാര്‍ എന്ന രീതിയില്‍ വേഷം കെട്ടിയായിരുന്നു പ്രതിഷേധം.

Content Highlights: Cockroach Janta Party leader Ashutosh Ranka said the party’s protest will begin on Gandhi Jayanti and continue until Chief Election Commissioner Gyanesh Kumar resigns

To advertise here,contact us