ചെന്നൈ: നിരന്തരമായുള്ള പവര്‍കട്ടില്‍ തമിഴ്നാട് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്. പൊതു പരിപാടികള്‍ക്കിടയില്‍ സംസ്ഥാനത്തെ മന്ത്രിമാരെയും പവര്‍കട്ട് ബാധിക്കുകയാണെന്ന് സ്റ്റാലിന് പരിഹസിച്ചു. തമിഴ്നാട് പവര്‍ ഡിസ്ട്രിബ്യൂഷന്‍ കോര്പ്പറേഷന് ലിമിറ്റഡ് ആസ്ഥാനം മുഖ്യമന്ത്രി സന്ദര്‍ശിച്ചതിനെയും പരാമര്‍ശിച്ചായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ സ്റ്റാലിന്റെ പരിഹാസം.
'ടിവികെ സര്‍ക്കാരിലെ മന്ത്രിമാര്‍ തന്നെ പവര്‍കട്ട് നേരിടേണ്ടി വരുമ്പോള്‍, സാധാരണ ജനങ്ങളുടെ കാര്യം വിശദീകരിക്കേണ്ട കാര്യമില്ലല്ലോ? തമിഴ്നാട് പവര്‍ ഡിസ്ട്രിബ്യൂഷന്‍ കോര്പ്പറേഷന് ലിമിറ്റഡ് സന്ദര്‍ശിച്ചപ്പോള്‍ ഇതൊന്നും പരിശോധിച്ച് കാണില്ല, പകരം റീല്‍ ചിത്രീകരിച്ച് കാണും' സ്റ്റാലിന് പറഞ്ഞു. ടിവികെ സര്‍ക്കാര്‍ റീല്‍ ഭരണമാണ് നടത്തുന്നതെന്നും സ്റ്റാലിന് വിമര്‍ശിച്ചു.
നിയമമന്ത്രി ആര് നിര്‍മല്‍ കുമാര്‍ മധുരയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ പവര്കട്ടുണ്ടായപ്പോള്, തഞ്ചാവൂരില്‍ സംസാരിക്കുന്നതിനിടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി പി വിശ്വനാഥന് സമാന അനുഭവം ഉണ്ടായതെന്നും സ്റ്റാലിന് ആരോപിച്ചു. ടിവി ചാനലുകളില്‍ മന്ത്രിമാര്‍ പങ്കെടുത്ത പരിപാടികളിലെ വൈദ്യുതി തടസത്തെ കുറിച്ച് വന്ന വാര്‍ത്തകളുടെ സ്ക്രീന്‍ഷോട്ടുകളും സ്റ്റാലിന് പങ്കുവച്ചിട്ടുണ്ട്. മന്ത്രിമാരായ കെ എ സെങ്കോട്ടയ്യന്, ആദവ് അര്‍ജുന. വി ഗാന്ധിരാജ് എന്നിവര്‍ പങ്കെടുത്ത പരിപാടികളിലും പവര്‍കട്ട് ഉണ്ടായതായി മാധ്യമവാര്‍ത്തകളെ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.
Content Highlights: DMK president M K Stalin criticised the TVK government led by Tamil Nadu Chief Minister C Joseph Vijay over recurring power cuts