ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സമരത്തില്‍ പിന്തുണ ആവശ്യപ്പെട്ടുള്ള സിജെപി ക്ഷണത്തില്‍ പ്രതികരണവുമായി സോനം വാങ്ചുക്ക്. അവര്‍ ദുര്‍ബലരായിരുന്ന സമയത്തായിരുന്നു താന്‍ അവര്‍ക്ക് പിന്തുണ നല്‍കിയതെന്നും, എന്നാല്‍ ഇപ്പോള്‍ അവര്‍ ഈ രാജ്യത്തെ ഉണര്‍ത്താന്‍ പാകത്തിനുള്ള ശബ്ദമായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
കളങ്കമില്ലാത്ത തെരഞ്ഞടുപ്പ് കമ്മീഷന് രാജ്യത്തിന്റെ ഏറ്റവും വലിയ ആവശ്യകതയാണെന്ന് സോനം വാങ്ചുക്ക് പറഞ്ഞു. അതിനായുള്ള പോരാട്ടത്തില്‍ താന്‍ പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പ്രതിഷേധത്തില്‍ നേരിട്ട് പങ്കെടുക്കാന്‍ തനിക്ക് കഴിഞ്ഞേക്കില്ല. എല്ലാ സമരങ്ങളിലും വ്യക്തിപരമായി പങ്കെടുക്കാന്‍ കഴിയില്ലെങ്കിലും, അവയ്ക്ക് താന്‍ പ്രാഥമിക പിന്തുണ നല്കുന്നു. ജന്തര്‍ മന്തറില്‍ സിജെപി ദുര്‍ബലമായിരുന്ന ഘട്ടത്തില്‍ താന്‍ അവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയിരുന്നു. ഇപ്പോള്‍ അവര്‍ക്ക് ശക്തമായ ശബ്ദമുണ്ട്. ആ ശബ്ദം രാജ്യത്തെ ഉണര്‍ത്തുമെന്ന് താന്‍ പ്രത്യാശിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
സമരങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ താന്‍ അര്‍ത്ഥമാക്കുന്നത് അവ സ്വയം മുന്നോട്ട് പോകേണ്ടവയാണ് എന്നാണ്. ഇപ്പോള്‍ അവര്‍ ഉയര്‍ത്തുന്ന വിഷയത്തിനായി ധാരാളം ആളുകള്‍ രംഗത്തുണ്ട്, അത് കാണുന്നതില്‍ തനിക്ക് സന്തോഷമുണ്ട്. അതിനാല്‍ സിഇസി വിഷയത്തില്‍ തന്റെ സാന്നിധ്യം ആവശ്യമില്ലെന്നാണ് കരുതുന്നതെന്നും വാങ്ചുക്ക് പറഞ്ഞു. ജൂലൈയില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധസമയത്ത് 26 ദിവസം നീണ്ടുനിന്ന നിരാഹാര സമരം നടത്തി നിര്‍ണായക പങ്കായിരുന്നു സോനം വാങ്ചുക്ക് വഹിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്ത്തനരീതികളെച്ചൊല്ലി കമ്മീഷനുള്ളില്‍ത്തന്നെ അഭിപ്രായഭിന്നതയുണ്ടെന്ന ആരോപണങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവെച്ചില്ലെങ്കില്‍ ഒക്ടോബര്‍ 2-ന് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുമെന്ന്'കോക്രോച്ച് ജനതാ പാര്‍ട്ടി' പ്രഖ്യാപിച്ചത്. മുംബൈയില്‍ നിന്നായിരിക്കും ഈ രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുകയെന്ന് സിജെപി അറിയിച്ചു.
Content Highlights: Sonam Wangchuk has responded to the Cockroach Janata Party’s appeal seeking support for its protest demanding the resignation of Chief Election Commissioner Gyanesh Kumar. Wangchuk said he had supported the organisation when it was in a weaker position and noted that it has now become a voice capable of awakening the country.