ന്യൂഡല്‍ഹി: ചിത്രങ്ങള്‍ പകര്‍ത്തിയ യുവാവിനെ ഡല്‍ഹി പിഡബ്ല്യുഡി മന്ത്രി പർവേശ് വര്‍മ മര്‍ദ്ദിച്ചതായി പരാതി. തിലക് നഗറില്‍ നടന്ന റോഡ് പരിശോധനയ്ക്കിടെയാണ് യുവാവിന്റെ മുഖത്ത് മന്ത്രി മര്‍ദ്ദിച്ചത്. ആം ആദ്മി പാര്‍ട്ടിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. സംഭവത്തില്‍ പർവേശ് വര്‍മയെ അറസ്റ്റ് ചെയ്യണമെന്നും എഎപി ആവശ്യപ്പെട്ടു.
ജെന്‍സിക്ക് അടുത്ത് എത്താന്‍ ബിജെപി ശ്രമിക്കുന്നതിന്റെ യഥാര്‍ത്ഥ രൂപം ഇപ്പോള്‍ കണ്ടെന്നായിരുന്നു സിജെപിയുടെ വിമര്‍ശനം. ചോദ്യം ചോദിക്കുന്നതിന് ജെന്‍സിയെ മര്‍ദ്ദിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും സിജെപി കുറ്റപ്പെടുത്തി. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട അപാകത ചൂണ്ടിക്കാട്ടിയതിനാണ് മന്ത്രി യുവാവിനെ മര്‍ദ്ദിച്ചതെന്ന ആരോപണം ഉയര്‍ന്നു.
സംഭവം മൊബൈലില്‍ പകര്‍ത്തിക്കൊണ്ടിരുന്ന യുവാവ് തിലക് നഗറിലെ ആം ആദ്മി പാര്‍ട്ടി എംഎല്‍എയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നയാളാണെന്നാണ് വിവരം. സംഭവത്തിന് ശേഷം വര്‍മ്മയുടെ അനുയായികള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ആരോപിച്ച യുവാവ്, ഇക്കാര്യത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
'റോഡിന്റെ മുകള്ഭാഗം തകര്‍ന്നുപോകുന്നത് ഞാന്‍ അദ്ദേഹത്തെ കാണിച്ചുകൊടുത്തു. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ മന്ത്രിക്ക് അത് ഉള്‍ക്കൊള്ളാനായില്ല. അദ്ദേഹം എന്റെ നേരെ കൈ ഉയര്‍ത്തുകയും, അദ്ദേഹത്തിന്റെ അനുയായികള്‍ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പൊലീസ് അവിടെത്തന്നെയുണ്ടായിരുന്നു, അവരുള്ളപ്പോഴാണ് ഇതെല്ലാം സംഭവിച്ചത്,' യുവാവ് പറഞ്ഞു. മന്ത്രി തന്നോട് മാപ്പ് പറയണമെന്നും പർവേശ് വര്‍മക്കെതിരെ നടപടി സ്വീകരിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു.
അതേസമയം നിര്‍മാണപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രദേശത്തെ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ജര്‍നൈല്‍ സിംഗ് എന്‍ജിനിയര്‍മാരോട് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നുവെന്ന് മന്ത്രി ഉന്നയിച്ചു. എന്‍ജിനീയര്‍മാര്‍ പൊലീസ് സ്റ്റേഷനില്‍ അദ്ദേഹത്തിനെതിരെ പരാതി നല്‍കിയെന്നും കഴിഞ്ഞ ദിവസം താന്‍ പ്രദേശത്തെത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നുവെന്നും മന്ത്രി പറഞ്ഞു. വളരെ മികച്ച രീതിയിലാണ് പണി നടക്കുന്നതെന്ന് കണ്ടു. ഒരുപക്ഷേ ആം ആദ്മി പാര്‍ട്ടിക്ക് ഇതില്‍ അതൃപ്തിയുണ്ടാകാം. കാരണം, കഴിഞ്ഞ 15 വര്‍ഷമായി നിര്മ്മിക്കപ്പെടാതിരുന്ന റോഡുകള്‍ ഉള്‍പ്പെടെ ഡല്‍ഹിയിലെ എല്ലാ റോഡുകളും ഇപ്പോള്‍ നിര്മ്മിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തേക്ക് താന്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ വിളിച്ചുവരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ജര്‍നൈല്‍ സിംഗ് അവിടെ എത്തിയ ഉടന്‍ തന്നെ മോശമായി പെരുമാറാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ഒരാള്‍ തന്റെ കുടുംബത്തെ അധിക്ഷേപിക്കാന്‍ തുടങ്ങി. തന്റെ കുടുംബത്തിനെതിരെ ആരെങ്കിലും എന്തെങ്കിലും പറയുമ്പോള്‍, അത്തരം സാഹചര്യത്തില്‍ ഏത് വ്യക്തിയും ദേഷ്യത്തോടെ പ്രതികരിക്കും. താനും അതുതന്നെയാണ് ചെയ്തതെന്നാണ് പ്രവേശ് വര്‍മ്മ നല്കുന്ന വിശദീകരണം.
Content Highlights: A video from a road inspection in Delhi’s Tilak Nagar has triggered a political controversy after Delhi PWD Minister Parvesh Verma was seen appearing to slap a young man who was recording the proceedings. AAP has demanded action against the minister, while Verma has disputed the allegations and offered his own account of the incident. The episode followed questions over the quality of road construction in the area.