തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ കാറിന് നേരെ കല്ലേറും മുട്ടയേറും; പിന്നില്‍ ബിജെപിയെന്ന് ആരോപണം

മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷയുമായ മമത ബാനര്‍ജി പങ്കെടുക്കുന്ന പരിപാടിയിലേക്ക് പോകുന്നതിനിടെയായിരുന്നു ആക്രമണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കുനാല്‍ ഘോഷ് സഞ്ചരിച്ച കാറിന് നേരെ കല്ലും മുട്ടയും എറിഞ്ഞ് ആക്രമണം. ഹൂഗ്ലിയിലെ ശ്രീറാപുരില്‍ മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷയുമായ മമത ബാനര്‍ജി പങ്കെടുക്കുന്ന പരിപാടിയിലേക്ക് പോകുന്നതിനിടെ ഉത്തര്‍പാറ മേഖലയില്‍ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. കരിങ്കൊടിയുമായി എത്തിയ ഒരു സംഘം 'ഗോ ബാക്ക്' എന്ന് മുദ്രാവാക്യം വിളിച്ച് വാഹനം വളയുകയായിരുന്നു. ഇതിന് പിന്നാലെയാണ് വാഹനത്തിന് നേരെ മുട്ടയും കല്ലും എറിഞ്ഞത്. ആക്രമണത്തില്‍ കാറിന്റെ പിന്‍ഭാഗത്തെ ചില്ല് തകര്‍ന്നിട്ടുണ്ട്.

സംഭവത്തില്‍ പ്രതികരണവുമായി എംഎല്‍എ രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തനിക്കെതിരെ ഉണ്ടായ ആക്രമണത്തെ ജംഗിള്‍ രാജ് എന്നായിരുന്നു ഘോഷ് വിശേഷിപ്പിച്ചത്. 'ഇത് ജംഗിള്‍ രാജ് ആണ്. അവര്‍ എന്റെ കാറിന് നേരെ കല്ലുകളും മുട്ടകളും എറിയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. അവിടെ പൊലീസുകാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. ഞാന്‍ ഇപ്പോള്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങുകയാണ്. പരാതി നല്‍കാന്‍ നേരെ ലാല്‍ ബസാറിലേക്കോ ഭവാനി ഭവനിലേക്കോ പോകും' എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ കുനാല്‍ ഘോഷ് പറഞ്ഞു.

ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണം. തന്റെ റാലിയിലേക്ക് ആളുകള്‍ എത്തുന്നത് തടയാന്‍ ബിജെപിയും പൊലീസും ശ്രമം നടത്തുകയാണെന്നാണ് സംഭവത്തില്‍ മമത ബാനര്‍ജി പ്രതികരിച്ചത്. ഇത് സാധാരണക്കാരുടെ പ്രതിഷേധമല്ലെന്നും മറിച്ച് ബിജെപി മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണെന്നും പാര്‍ട്ടി നേതാവ് അസിത് മജുംദാര്‍ ആരോപിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ സ്വാഭാവിക പ്രതികരണമെന്നാണ് ഉത്തര്‍പാറ ബിജെപി എംഎല്‍എ ദിപഞ്ജന്‍ ചക്രവര്‍ത്തി പറഞ്ഞത്.

Content Highlights: TMC MLA Kunal Ghosh was targeted with stones and eggs at his car in West Bengal

To advertise here,contact us