പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിലൂടെ ഗ്യാനേഷ് കുമാർ രക്ഷപ്പെടാൻ പോകുന്നില്ല: എം എ ബേബി

ഡൽഹിയിലെ എസ്എഫ്ഐ-ഡിവൈഎഫ്ഐ സമരത്തിനെതിരായ പൊലീസ് അതിക്രമത്തെ ശക്തമായി അപലപിച്ച് എം എ ബേബി

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ സമരത്തിനെതിരായ പൊലീസ് അതിക്രമത്തെ ശക്തമായി അപലപിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. സമാധാനപരമായി പ്രതിഷേധിച്ച ജനപ്രതിനിധികളെയും യുവാക്കളെയും തെരുവിലൂടെ വലിച്ചിഴച്ചുവെന്ന് എം എ ബേബി പറഞ്ഞു. ബലം പ്രയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താമെന്ന് മോദിയും അമിത് ഷായും കരുതിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റിയെന്നും എം എ ബേബി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ത്ത ഗ്യാനേഷ് കുമാറിനെ സ്ഥാനത്ത് നിന്ന് പുറത്താക്കണം. വിയോജിപ്പിക്കുളെയും പ്രതിഷേധങ്ങളെയും അടിച്ചമര്‍ത്തുന്നതിലൂടെ ഗ്യാനേഷ് കുമാര്‍ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും എം എ ബേബി പറഞ്ഞു. എക്‌സിലൂടെയായിരുന്നു എം എ ബേബിയുടെ പ്രതികരണം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിച്ച സിപിഐഎം രാജ്യസഭാ എംപിമാരായ എ എ റഹീം, വി ശിവദാസന്‍, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദര്‍ശ് എം സജി അടക്കമുള്ളവരെയായിരുന്നു പൊലീസ് വലിച്ചിഴച്ചത്. പട്ടേല്‍ ചൗക്ക് ഗേറ്റ് നമ്പര്‍ 2 മെട്രോ സ്‌റ്റേഷന് സമീപമായിരുന്നു സിപിഐഎം രാജ്യസഭാ എംപിമാരും എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാക്കളും പ്രതിഷേധിച്ചത്. പ്രതിഷേധം അഞ്ച് മിനിറ്റ് പോലും കടക്കുന്നതിന് മുന്‍പ് പൊലീസ് ഇടപെടുകയും എ എ റഹീമിനെ അടക്കം വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു.

ഇതാണ് ജനാധിപത്യത്തിന്റെ ഇന്ത്യന്‍ കാഴ്ചകളെന്നായിരുന്നു അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ എ എ റഹീം എംപി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്. ഇന്ത്യന്‍ ജനാധിപത്യത്തെ അവര്‍ എങ്ങനെയാണ് ഇല്ലാതാക്കുന്നത് എന്നതിന്റെ ലക്ഷണമാണ് ഗ്യാനേഷ് കുമാറിന്റെ ഇടപെടലുകള്‍. ഗ്യാനേഷ് കുമാറിനെ അവര്‍ പ്രൊട്ടക്റ്റ് ചെയ്തു. പ്രൊട്ടസ്റ്റ് ചെയ്ത തങ്ങളെ പൊലീസ് ആക്രമിക്കുകയാണ് ചെയ്തത്. എംപിയെന്ന പരിഗണന പോലും നല്‍കാതെ പൊലീസ് വലിച്ചിഴച്ചു. ഇതുകൊണ്ടൊന്നും പ്രക്ഷോഭത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും എ എ റഹീം എം പി പറഞ്ഞിരുന്നു.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. ജന്തര്‍ മന്തറില്‍ ഐസയുടെ നേതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറി. നിരവധി പേര്‍ ജന്തര്‍ മന്തറിലേക്ക് ഒഴുകിയെത്തി. പ്രതിഷേധത്തിന് പിന്തുണയുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് അടക്കമുള്ളവര്‍ എത്തി. ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഐസ നേതാവ് നേഹ ബോറയേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസും പ്രതിഷേധവുമായി രംഗത്തെത്തി. അസം, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. അസമിലെ പ്രതിഷേധത്തിനിടെ ലോക്‌സഭാംഗം ഗൗരവ് ഗോഗോയ്‌യെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

Content Highlights- M A Baby said Gyanesh Kumar would not avoid criticism by suppressing protests. His remarks came amid ongoing political opposition and demonstrations concerning the Election Commission.

To advertise here,contact us