ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ യശ്വന്ത രായഗൗഡ വി പാട്ടീല്‍ രാജി സമര്‍പ്പിച്ചതിന് പിന്നാലെ വിജയപുരയിലെ ഇന്ദി താലൂക്കിനെ വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇന്ദി, ചഡച്ചന്‍ താലൂക്കുകളെ ഉള്‍പ്പെടുത്തണമെന്ന തന്റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ പരിഗണിച്ചില്ലെന്ന് കുറ്റപ്പെടുത്തി യശ്വന്ത ബുധനാഴ്ചയാണ് നിയമസഭയില്‍ രാജി സമര്‍പ്പിച്ചത്. യശ്വന്തയുടെ രാജിയും സര്‍ക്കാരിന്റെ വരള്‍ച്ചാ പ്രഖ്യാപനങ്ങളും നിയമസഭ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഇന്ദിയെ ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.
ഇന്ദിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നിയമസഭാംഗമായ യശ്വന്ത പാട്ടീല്‍ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിക്കുകയും മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ തന്റെ തീരുമാനം അറിയിക്കുകയും ചെയ്തിരുന്നു. ഭരണകക്ഷി എംഎല്‍എ ആയിരുന്നിട്ടും തന്റെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വില നല്‍കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
'എന്റെ ആശങ്കകള്‍ ഞാന്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്, പ്രശ്നം പരിഹരിക്കുമെന്ന് അദ്ദേഹം എനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. വിജയപുര ജില്ലയിലെ പന്ത്രണ്ട് താലൂക്കുകളെ വരള്‍ച്ചാ ബാധിതമായി പ്രഖ്യാപിച്ചു. എന്നാല്‍ എന്റെ രണ്ട് താലൂക്കുകളെ വരള്‍ച്ചാ പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നോട് ആവര്‍ത്തിച്ച് അന്യായമായി പെരുമാറുകയാണ്. മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്റെ ആശങ്ക മനസ്സിലാക്കി, അദ്ദേഹം പ്രശ്നം പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,' യശ്വന്ത പാട്ടീല്‍ പറഞ്ഞിരുന്നു.
യശ്വന്ത പാട്ടീലിന്റെ തീരുമാനത്തെ രാഷ്ട്രീയ നീക്കമായിട്ടല്ല, മറിച്ച് അദ്ദേഹത്തിന്റെ മണ്ഡലത്തിലെ കര്‍ഷകര്‍ നേരിടുന്ന സാഹചര്യവുമായി ബന്ധപ്പെട്ടാണ് കണക്കാക്കുന്നതെന്നായിരുന്നു രാജിക്ക് പിന്നാലെയുള്ള ശിവകുമാറിന്റെ ന്യായീകരണം. വരള്‍ച്ചാ പ്രഖ്യാപനങ്ങള്‍ മാനദണ്ഡങ്ങള്ക്കനുസൃതമാണെന്നും ഏകപക്ഷീയമായി ഒന്നും പ്രഖ്യാപിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ പാട്ടീലിന്റെ രാജി സ്വീകരിച്ചിട്ടില്ലെന്ന് സ്പീക്കര്‍ പിന്നീട് വ്യക്തമാക്കി. ഈ വര്‍ഷം യശ്വന്ത പാട്ടീല്‍ രണ്ടാമത്തെ തവണയാണ് രാജിവയ്ക്കുന്നത്. മന്ത്രിസഭാ വികസനത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം നേരത്തെ രാജിവെച്ചിരുന്നു, എന്നാല്‍ ശിവകുമാറിന്റെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെയും ശ്രമങ്ങളെത്തുടര്‍ന്ന് അദ്ദേഹം രാജി പിന്‍വലിക്കുകയായിരുന്നു.
Content Highlights: Karnataka Indi Taluk Declared Drought-Hit After Congress MLA Resigns