ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം; കോണ്‍ഗ്രസും എസ്എഫ്‌ഐയും ഐസയും അടക്കം സമരമുഖത്ത്

ജന്തര്‍ മന്തർ പരിസരത്ത് കൂടുതല്‍ പൊലീസിനെയും കേന്ദ്ര സേനയേയും വിന്യസിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ വ്യാപക പ്രതിഷേധം. ജന്തര്‍ മന്തറിലും ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിന് മുന്നിലും അടക്കമാണ് പ്രതിഷേധം അരങ്ങേറിയത്. അസം, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ജമ്മു കശ്മീര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി. അസമില്‍ പ്രതിഷേധിച്ച ലോക്‌സഭാംഗം ഗൗരവ് ഗോഗോയ്‌യെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജന്തര്‍ മന്തറിന് മുന്നിൽ എസ്എഫ്ഐ, ഐസ അടക്കമുള്ള വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ജന്തര്‍ മന്തറിലെ പ്രതിഷേധത്തിന് പിന്തുണയുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് അടക്കമള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചവരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ജന്തര്‍ മന്തറിന് പരിസരത്ത് കൂടുതല്‍ പൊലീസിനെയും കേന്ദ്ര സേനയേയും വിന്യസിച്ചിട്ടുണ്ട്.

എസ്‌ഐആറില്‍ അടക്കം ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി ഇടപെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് വ്യാപക പ്രതിഷേധം ഉയര്‍ന്നത്. ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. ഗ്യാനേഷ് കുമാര്‍ അടിയന്തരമായി രാജിവെയ്ക്കണമെന്ന് ഗൗരവ് ഗോഗോയ് അസമില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ പറഞ്ഞു. ഗ്യാനേഷ് കുമാറിനെതിരെ നിയമ നപടി സ്വീകരിക്കണമെന്നും ഗൗരവ് ഗോഗോയ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് ഗൗരവ് ഗോഗോയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇതിനിടെ ഗൗരവിനെ അടക്കം കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മണിപ്പൂരില്‍ പിസിസി പ്രസിഡന്റ് ഒക്രാം ഇബോബി സിങ്, കോണ്‍ഗ്രസ് നേതാവ് കൈഷാം മേഘാചന്ദ്ര സിങ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ലാംഫെല്‍പാറ്റിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചു. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഗ്യാനേഷ് കുമാറിന്റെ കോലം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിക്കുകയും ചെയ്തു.

ഉത്തരാഖണ്ഡില്‍ പിസിസി പ്രസിഡന്റ് ഗേഷ് ഗോദിയാലിന്റെയും കോണ്‍ഗ്രസ് നേതാവ് കുമാരി സെല്‍ജയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പിസിസി ആസ്ഥാനത്ത് നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നില്‍ വന്‍ പൊലീസ് സന്നാഹത്തെ അണിനിരത്തിയിരുന്നു. ഇത് മറികടന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജമ്മു കശ്മീര്‍ നിയമസഭയ്ക്ക് അകത്ത് പ്രതിഷേധിച്ചു. ഗ്യാനേഷ് കുമാറിനെതിരെ എംഎല്‍എമാര്‍ ബാനറുകള്‍ ഉയര്‍ത്തുകയും ചെയ്തു.

ചണ്ഡിഗഡിലും ലഖ്‌നൗവിലും ഇറ്റാനഗറിലും കോണ്‍ഗ്രസ് വ്യാപക പ്രതിഷേധം സംഘടിപ്പിച്ചു. ചണ്ഡിഗഡില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചു. ഗ്യാനേഷ് കുമാര്‍ എത്രയും വേഗം രാജിവെയ്ക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലഖ്‌നൗവില്‍ പാര്‍ട്ടി ഓഫീസില്‍ ഒത്തുകൂടിയ പ്രവര്‍ത്തകര്‍ എസ്‌ഐആര്‍ നടപടികള്‍ക്കെതിരെയും ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും പ്രതിഷേധിച്ചു. ഹസ്രത്ത്ഗഞ്ചിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസ് ഉപരോധിക്കാനും പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്.

ഇറ്റാനഗറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് സമീപം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. എസ്‌ഐആര്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നും തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ അന്വേഷണം വേണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കണമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ഇറ്റാനഗറില്‍ പ്രതിഷേധം സമാധാനപരമായിരുന്നു. കൊല്‍ക്കത്തയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചു. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാന്ദര്‍ സര്‍ക്കാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കൊല്‍ക്കത്ത യൂണിവേഴ്‌സിറ്റി റോഡില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ബിബി ഗാംഗുലി സ്ട്രീറ്റിന് സമീപംവെച്ച് പൊലീസ് തടഞ്ഞു. ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ച് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

Content Highlights- Widespread protests have been reported, including at Jantar Mantar, with demonstrators demanding the resignation of Gyanesh Kumar

To advertise here,contact us