വിവാദങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് BJP; വ്യക്തതവേണമെന്ന് LJP അടക്കം 3 പാർട്ടികൾ; NDAയിൽ ഭിന്നത

ലോക് ജനശക്തി പാര്‍ട്ടി അടക്കമാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനും തെരഞ്ഞെടുപ്പ് പ്രക്രിയയുമടക്കം സംശയമുനയില്‍ നില്‍ക്കെ എന്‍ഡിഎയില്‍ ഭിന്നത. തെരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി പിന്തുണയ്ക്കുമ്പോള്‍ വിവാദങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തത വരുത്തണമെന്ന് എന്‍ഡിഎ ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു. തെലുങ്ക് ദേശം പാര്‍ട്ടി, ലോക് ജനശക്തി പാര്‍ട്ടി, രാഷ്ട്രീയ ലോക് മോര്‍ച്ച പാര്‍ട്ടി നേതാക്കളാണ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.

നിലവിലെ വിവാദങ്ങള്‍ ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാകുമെന്ന് എല്‍ജെപി (രാംവിലാസ്) നേതാവും കേന്ദ്ര മന്ത്രിയുമായ ചിരാഗ് പസ്വാന്‍ പറഞ്ഞു. ജനങ്ങളില്‍ തെരഞ്ഞെടുപ്പിലുള്ള വിശ്വാസം നഷ്ടപ്പെടുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിഷയത്തില്‍ വ്യക്തത വരുത്തണം. രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ ഉന്നയിക്കുന്ന വിഷയങ്ങളെ മാറ്റിനിര്‍ത്താം. എന്നാല്‍ ജനങ്ങളുടെ ആശങ്കകള്‍ക്ക് പരിഹാരം വേണമെന്നും ചിരാഗ് പസ്വാന്‍ പറഞ്ഞു. ഹാജിപൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചിരാഗ് പസ്വാന്‍.

ആന്ധ്രാപ്രദേശില്‍ എസ്‌ഐആര്‍ നടപടികള്‍ സുതാര്യമായാണ് നടന്നതെന്നും എന്നാല്‍ നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിക്കണമെന്നും ടിഡിപി നേതാവ് ലാലു ശ്രീ കൃഷ്ണ ദേവരായലു ആവശ്യപ്പെട്ടു. ജനാധിപത്യത്തില്‍ നിര്‍ണായക ഉത്തരവാദിത്വമുള്ള ഭരണഘടനാ സ്ഥാപനമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വിവാദങ്ങളില്‍ കൃത്യമായ മറുപടി നല്‍കിയാല്‍ അത് സ്ഥാപനത്തിന്മേലുള്ള പൊതുജന വിശ്വാസം വര്‍ദ്ധിപ്പിക്കുകയേയുള്ളൂ എന്നും ലാലു ശ്രീ കൃഷ്ണ ദേവരായലു പറഞ്ഞു.

വിവാദങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിക്കണമെന്ന് രാഷ്ട്രീയ ലോക് മോര്‍ച്ച നേതാവ് ഉപേന്ദ്ര കുശ്വാഹ എക്‌സ് പോസ്റ്റില്‍ ആവശ്യപ്പെട്ടു. ഇവിഎമ്മുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടിയില്‍ സംശയങ്ങളുണ്ടെന്ന് ഉപേന്ദ്ര കുശ്വാഹ പറഞ്ഞു. പ്രശ്‌നം പരിഹരിക്കപ്പെട്ടണം. ജനങ്ങള്‍ക്കിടയിലെ ആശയക്കുഴപ്പം മാറണമെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തത വരുത്തണമെന്നും ഉപേന്ദ്ര കുശ്വാഹ പറഞ്ഞു.

എസ്‌ഐആറില്‍ അടക്കം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായ നിലപാടാണ് സ്വീകരിച്ചതെന്ന സഹ കമ്മീഷണര്‍മാരുടെ വെളിപ്പെടുത്തല്‍ വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിവെച്ചത്. ഗ്യാനേഷ് കുമാറിന്റെ സഹ കമ്മീഷണര്‍മാരായ സുഖ്ബിര്‍ സിങ് സിന്ധു, വിവേക് ജോഷി എന്നിവരുടെ വെളിപ്പെടുത്തല്‍ സഹിതം 'ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്' ആയിരുന്നു വാര്‍ത്ത നല്‍കിയത്. എസ്‌ഐആറില്‍ പത്ത് മാസത്തിനിടെ പതിനാല് തവണയായിരുന്നു സഹകമ്മീഷണര്‍മാര്‍ വിയോജിപ്പ് അറിയിച്ച് ഗ്യാനേഷ് കുമാറിന് കത്ത് നല്‍കിയത്. എന്നാല്‍ ഇത് ഗ്യാനേഷ് കുമാര്‍ തള്ളുകയായിരുന്നു. വിഷയം കോണ്‍ഗ്രസും സിപിഐഎമ്മും സിജെപിയും അടക്കം ഏറ്റെടുത്തു. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ന് രാജ്യവ്യപക പ്രതിഷേധം അരങ്ങേറിയിരുന്നു.

Content Highlights- BJP has supported the Election Commission amid ongoing controversies, while LJP and two other parties in the NDA have sought clarity on the issues

To advertise here,contact us