4 വർഷത്തിനിടെ പാർട്ടി മാറിയത് 111 സമാജികർ;കൂറുമാറിയെത്തിയവരുടെ എണ്ണത്തിൽ BJP രണ്ടാമത്, കേരളത്തിൽ നിന്നാരുമില്ല

പശ്ചിമബംഗാള്‍ ആണ് രണ്ടാം സ്ഥാനത്തത്. 20 (18%)സാമാജികരാണ് കൂറുമാറിയത്

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പാര്‍ട്ടി മാറിയത് 111 സാമാജികര്‍. 2022 മുതലുള്ള കണക്കാണിത്. ലോക്‌സഭാംഗമായിരിക്കെ 22 പേരും രാജ്യസഭാംഗമായിരിക്കെ ഏഴ് പേരും എംഎല്‍എയായിരിക്കെ 78 പേരുമാണ് കൂറുമാറിയതെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

2022നും 2026 നും ഇടയില്‍ നടന്നിട്ടുള്ള തെരഞ്ഞെടുപ്പുകളും ഉപതെരഞ്ഞെടുപ്പുകളും അടിസ്ഥാനമാക്കിയാണ് കണക്കുകള്‍. ഈ പട്ടികയിൽ കേരളത്തില്‍ നിന്ന് ആരുമില്ല. നാഗാലാന്റിലാണ് ഏറ്റവും കൂടുതല്‍ കൂടുമാറ്റം നടന്നിരിക്കുന്നത്. എംപിമാരോ എംഎല്‍എമാരോ ആയ 32 (29%)പേര്‍ പാര്‍ട്ടി മാറി. പശ്ചിമബംഗാള്‍ ആണ് രണ്ടാം സ്ഥാനത്തത്. 20 (18%)സാമാജികരാണ് കൂറുമാറിയത്.

നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളില്‍ നിന്നാണ് കൂടുതല്‍ പേര്‍ കൂറുമാറിയത്. എൻഡിപിപി 25, തൃണമൂൽ 20, കോൺഗ്രസ് 19 എന്നിങ്ങനെയാണ് പാർട്ടി വിട്ട സാമാജികരുടെ കണക്ക്. ആകെ 111 പേരില്‍ 64 (58%)പേരും ഈ പാര്‍ട്ടികളില്‍ നിന്നാണ്. ബിആര്‍എസ്-9, ആംആദ്മി പാര്‍ട്ടി-7, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി-7, ശിവസേന (ഉദ്ധവ് താക്കറെ)-6, ജനതാദള്‍ (യുണൈറ്റഡ്)-5, നാഷണല്‍ പീപ്പിള്‍'സ് പാര്‍ട്ടി-4 എന്നിങ്ങനെയാണ് മറ്റ് പാർട്ടികളിൽ നിന്ന് പാര്‍ട്ടിവിട്ടവരുടെ എണ്ണം.

അതേസമയം എന്‍ഡിപിപി 2025ല്‍ എന്‍പിഎഫില്‍ ലയിച്ചിരുന്നു. എന്‍ഡിപിപിയില്‍ നിന്നും 25 എംഎല്‍എമാരാണ് പാര്‍ട്ടി മാറി എന്‍പിഎഫില്‍ എത്തിയത്. നാഗാലാന്‍ഡിലെ എന്‍സിപിയില്‍ നിന്ന് ഏഴ് പേര്‍ കൂടി എത്തിയതോടെ ഏറ്റവും കൂടുതല്‍ സാമാജികര്‍ എത്തിയ പാര്‍ട്ടി എന്‍പിഎഫ് ആയി. ഏറ്റവും കൂടുതല്‍ സാമാജികര്‍ എത്തിയ രണ്ടാമത്തെ പാര്‍ട്ടി ബിജെപിയാണ്. ബിജെപിയിലേക്ക് 29 (26%)പേര് എത്തിയപ്പോള്‍ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടിയിലേക്ക് 20 പേരാണ് എത്തിയത്. ഒമ്പത് പേരാണ് ഇക്കാലയളവില്‍ മറ്റു പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസിലേക്ക് എത്തിയത്. എന്‍പിപിയിലേക്ക് ആറ് പേരും അരുണാചല്‍ പീപ്പിള്‍സ് പാര്‍ട്ടിയിലേക്ക് നാല് പേരുമാണ് എത്തിയത്. ആകെ കണക്കാക്കുമ്പോള്‍ എന്‍പിഎഫിലേക്കും ബിജെപിയിലേക്കും എന്‍സിപിഐയേക്കുമായി ആകെ 81പേരാണ് എത്തിയത്.

Content Highlights: A total of 111 legislators have switched political parties in the four years since 2022

To advertise here,contact us