നോയിഡയില്‍ ഓടുന്ന ബസിന് തീപിടിച്ചു; ഒമ്പത് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

നിരവധി യാത്രക്കാര്‍ക്ക് പൊള്ളലേറ്റു

നോയിഡ: യമുന എക്‌സ്പ്രസ്‌വേയില്‍ സ്വകാര്യ ബസിന് തീപിടിച്ച് ഒമ്പത് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. ബുധനാഴ്ച രാത്രി ഡല്‍ഹിയില്‍ നിന്ന് മഹോബയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിനാണ് തീപിടിച്ചത്. നിരവധി യാത്രക്കാര്‍ക്ക് പൊള്ളലേറ്റു. ഇവരെ ജെവാറിലെ കൈലാഷ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

യമുന എക്‌സ്പ്രസ് വേയുടെ 33 കിലോമീറ്റര്‍ അകലെ രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. രാജ് കല്‍പ്പന ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 35ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നതായി ഹാമിര്‍പൂര്‍ നിവാസിയായ സുനില്‍ കുമാര്‍ പൊലീസിനോട് പറഞ്ഞു.

ഡ്രൈവറുടെ ക്യാബിനില്‍ നിന്ന് കത്തുന്ന ഗന്ധം വരുന്നതായി യാത്രക്കാര്‍ പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഡ്രൈവര്‍ക്കും കണ്ടക്ടർക്കും ഇതേക്കുറിച്ച് വിവരം നല്‍കിയെങ്കിലും ഇരുവരും ബസ് നിര്‍ത്തുകയോ ദുര്‍ഗന്ധത്തിന്റെ ഉറവിടം എവിടെയാണെന്ന് പരിശോധിക്കുകയോ ചെയ്തില്ലെന്നും വിവരമുണ്ട്.

പിന്നാലെയാണ് ഡ്രൈവര്‍ സീറ്റിനടുത്ത് തീജ്വാലകള്‍ ഉയരുകയും ഉള്ളിലേക്ക് അതിവേഗം പടരുകയും ചെയ്തത്. പുലര്‍ച്ചെയുണ്ടായ അപകടമായതിനാല്‍ യാത്രക്കാരില്‍ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. ജനല്‍ച്ചില്ലുകള്‍ തകര്‍ത്ത് പുറത്തേക്ക് ചാടിയാണ് ചിലര്‍ രക്ഷപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Content Highlights: sleeper tourist bus caught fire on the Yamuna Expressway in Uttar Pradesh

To advertise here,contact us