'വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തി'; ഗ്യാനേഷ് കുമാറിനെതിരെ പൊലീസില്‍ പരാതി നല്‍കി മഹുവ മൊയ്ത്ര

ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനല്‍ നടപടി വേണമെന്ന് മഹുവ മൊയ്ത്ര ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷര്‍ ഗ്യാനേഷ് കുമാറിനെതിരെ പൊലീസില്‍ പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര. ഡല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസിലാണ് മഹുവ മൊയ്ത്ര പരാതി നല്‍കിയത്. ഗ്യാനേഷ് കുമാര്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്തിയതായി മഹുവ പരാതില്‍ ചൂണ്ടിക്കാട്ടി. എസ്‌ഐആര്‍ നടപടികളിലും ഫോം ആറിലും ക്രമക്കേട് നടത്തി. ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനല്‍ നടപടി വേണമെന്നും മഹുവ മൊയ്ത്ര ആവശ്യപ്പെട്ടു.

'ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനല്‍ കുറ്റകൃത്യം നടത്തിയതിന് പൊലീസില്‍ പരാതി നല്‍കി. എന്താണ് ആ ക്രിമിനല്‍ കുറ്റം?. അധികാര സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ മൂന്ന് തെരഞ്ഞെടുപ്പ് കമ്മീഷര്‍മാരാണ് തെരഞ്ഞെടുപ്പ് കമ്മീഷനുള്ളത്. ഭൂരിപക്ഷ തീരുമാനങ്ങളാണ് നടപ്പാക്കേണ്ടത്. എന്നാല്‍ കഴിഞ്ഞ പത്ത് മാസത്തിനിടെ പതിനാല് തവണയും അതില്‍ ഒരു ദിവസം നാല് തവണയും ഗ്യാനേഷ് കുമാറിന്റെ നടപടികളോട് മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ വിയോജിപ്പ് പ്രകടിപ്പിച്ചതായി തെളിഞ്ഞിരിക്കുകയാണ്. ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കണം', മഹുവ മൊയ്ത്ര പറഞ്ഞു.

ഒരോ നിയമസഭാ മണ്ഡലത്തിലും പോളിങ് ബൂത്തുകളിലും പ്രാദേശിക ഉദ്യോഗസ്ഥാരായ ഇആര്‍ഒ, ബിഎല്‍ഒ എന്നിവരാണ് വോട്ടര്‍ പട്ടികയുടെ ചുമതല വഹിക്കുന്നത്. എന്നാല്‍ ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഐടി വിഭാഗം ഡയറക്ടര്‍ സീമ ഖന്നയും ചേര്‍ന്ന് കമ്മീഷന്‍ സോഫ്റ്റ്‌വെയര്‍ നിയമവിരുദ്ധമായും ക്രിമിനല്‍ സ്വഭാവത്തോടെയും ഉപയോഗിച്ച് വോട്ടര്‍ പട്ടിക അട്ടിമറിച്ചു. പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള ഫോം ആറില്‍ ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അട്ടിമറിച്ചെന്നും മഹുവ മൊയ്ത്ര ആരോപിച്ചു.

Content Highlights- TMC MP Mahua Moitra filed a police complaint against Chief Election Commissioner Gyanesh Kumar at Delhi’s Parliament Street Police Station

To advertise here,contact us