ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ കോടതിയലക്ഷ്യ നടപടി നീക്കം. സുപ്രീം കോടതി അഭിഭാഷകനായ ബ്രജേഷ് സിങ്ങാണ് അറ്റോര്‍ണി ജനറല്‍ ആര് വെങ്കട്ടരമണയോട് അനുമതി തേടിയിരിക്കുന്നത്. വോട്ടര്‍ പട്ടിക തീവ്രപരിഷ്കരണ നടപടികളിലെ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ തീരുമാനത്തിലാണ് നീക്കം. കമ്മീഷനിലെ മറ്റ് അംഗങ്ങളെ ഒഴിവാക്കി ഗ്യാനേഷ് കുമാര്‍ ഒറ്റയ്ക്ക് തീരുമാനമെടുത്തത് കോടതിയലക്ഷ്യം എന്നാണ് പ്രധാന ആരോപണം. ഭരണഘടനാ സംവിധാനത്തെ ഗ്യാനേഷ് കുമാര്‍ അട്ടിമറിച്ചു, മാത്രമല്ല അദ്ദേഹത്തിന്റെ നടപടി ടി എന്‍ ശേഷന് കേസിലെ വിധിയുടെ ലംഘനമാണെന്നും അഭിഭാഷകന് ആരോപിക്കുന്നു. ഗ്യാനേഷ് കുമാറിന്റെ നടപടികള്‍ ആഭ്യന്തര ഭരണനടപടികളായി കാണാന്‍ കഴിയില്ലെന്നും അഭിഭാഷകന് പരാതിയില്‍ പറയുന്നുണ്ട്.
രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍, ഭരണഘടന സംവിധാനവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങള്‍ അനധികൃതവും നിയപരമല്ലാത്തതുമാണെന്നാണ് വ്യാഖ്യാനിച്ചിരിക്കുന്നതെന്നും അഭിഭാഷകന് എജിക്ക് നല്കിയ കത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. എസ്ഐആര്‍ അടക്കമുള്ള വിഷയങ്ങളില്‍ രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയെന്നാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്. സുഖ്ബിര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവരാണ് വിയോജിച്ചത്. 10 മാസത്തിനിടെ 14 തവണ വിയോജിപ്പ് രേഖപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗ്യാനേഷ് കുമാറിനെതിരെയുള്ള നീക്കം. പല തീരുമാനങ്ങളും ഈ രണ്ട് കമ്മീഷണര്‍മാരുടേയും അറിവില്ലാതെയാണ് കൈക്കൊള്ളുന്നതെന്നാണ് അവര്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ഇരുവരും മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ പലതും അവഗണിച്ചതായും വിവരമുണ്ട്. നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് എടുത്ത തീരുമാനങ്ങള്‍ നിയമവിരുദ്ധമാണെന്നും കമ്മീഷണര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രധാന ചുമതലകളുമായി ബന്ധപ്പെട്ടാണ് മറ്റ് രണ്ട് കമ്മീഷണര്‍മാര്‍ ആക്ഷേപങ്ങള്‍ ഉയര്‍ത്തിയത്. പുതിയ വോട്ടര്‍മാരുടെ രജിസ്ട്രേഷന്, വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുകള്‍ നീക്കം ചെയ്യലും തിരിച്ചുകൊണ്ടുവരലും, എസ്ഐആര്‍ നടപടിക്രമങ്ങളിലൂടെ വോട്ടര്‍മാരുടെ പേരുകള്‍ പുനഃസ്ഥാപിക്കുന്നതിനെതിരായ അപ്പീലുകള്‍ സമര്‍പ്പിക്കല്‍, വോട്ടര്‍ പട്ടികയുടെ സംരക്ഷണവും സുരക്ഷയും എന്നീ വിഷയങ്ങളില്‍ ഇവര്‍ അഭിപ്രായങ്ങളും വിയോജിപ്പുകളും രേഖപ്പെടുത്തിയിരുന്നു. ഇവയുമായി ബന്ധപ്പെട്ട എല്ലാ ആക്ഷേപങ്ങളുടെയും പകര്‍പ്പുകള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനും അയച്ചുനല്‍കി. ചിലത് അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലുള്ള ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും നല്കി. എന്നാല്‍ രണ്ട് കമ്മീഷണര്‍മാരുടെ രേഖാമൂലമുള്ള ഉപദേശത്തിന് വിരുദ്ധമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രവര്‍ത്തിച്ചതെന്നാണ് ആരോപണം.
അതേസമയം, ഗ്യാനേഷ് കുമാറിനെതിരെ സമരത്തിനൊരുങ്ങുകയാണ് സിജെപി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് വാർത്താ സമ്മേളനമുണ്ടാകും.
ഗ്യാനേഷിനെതിരായവർ ഒന്നിച്ചാൽ എന്താകുമെന്ന മുന്നറിയിപ്പാണ് അഭിജിത് ദീപ്കെ എക്സിലൂടെ പങ്കുവെക്കുന്നത്. കൂടാതെ വിഷയവുമായി ബന്ധപ്പെട്ട് വൈകിട്ട് നാല് മണിക്ക് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
Content Highlights: Lawyer Brajesh Singh has sought the Attorney General’s permission to initiate criminal contempt proceedings against Chief Election Commissioner Gyanesh Kumar. The move cites allegations about the functioning of the multi member Election Commission and claims that decisions were taken without institutional consensus