നിയമസഭാ തെരഞ്ഞെടുപ്പുകൾക്കായി ബിജെപി ചെലവിട്ടത് 529 കോടി രൂപ; പകുതിയിലധികവും ചെലവഴിച്ചത് ബംഗാളിൽ

ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച ചെലവ് കാണിക്കല്‍ രേഖകളിലാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി ചെലവഴിച്ചത് 529 കോടി രൂപയെന്ന് റിപ്പോര്‍ട്ട്. ഇതില്‍ പകുതിയിലധികം തുകയും ചെലവഴിച്ചത് പശ്ചിമ ബംഗാളിലാണ്. ഇവിടെ 286 കോടി രൂപയാണ് ബിജെപി ചിലവിട്ടത്. പശ്ചിമ ബംഗാളിന് പുറമേ അസമില്‍ 96 കോടി രൂപയും, കേരളത്തില്‍ 83കോടി രൂപയും തമിഴ്‌നാട് 52കോടി രൂപയും പുതുച്ചേരിയില്‍ 12 കോടിയും ബിജെപി ചിലവിട്ടു. അതേസമയം 1494 കോടിരൂപയാണ് ബിജെപിക്ക് തെരഞ്ഞെടുപ്പ് സമയം സംഭാവനയായി ലഭിച്ചത്. ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച ചെലവ് കാണിക്കല്‍ രേഖകളിലാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. 1,494 കോടി രൂപ ലഭിച്ചതിന് ശേഷം പാര്‍ട്ടിയുടെ ബാങ്ക് ബാലന്‍ തുക 7,689.06 കോടി രൂപയായിരുന്നു എന്നും രേഖകളില്‍ പറയുന്നുണ്ട്.

പശ്ചിമ ബംഗാളില്‍ ആദ്യമായി ബിജെപി അധികാരത്തിലെത്തിയ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പൊതു പ്രചാരണത്തിനായി 217.16 കോടി രൂപയും സ്ഥാനാര്‍ത്ഥികള്‍ക്കായി 69.83 കോടി രൂപയും ചെലവഴിച്ചു. ഇതില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നല്‍കിയ 58.80 കോടി രൂപയും ഉള്‍പ്പെടുന്നുണ്ട്. കൂടാതെ അസമില്‍ 96.26 കോടി രൂപയും കേരളത്തില്‍ 82.67 കോടി രൂപയും തമിഴ്നാട്ടില്‍ 51.56 കോടി രൂപയും പുതുച്ചേരിയില്‍ 11.89 കോടി രൂപയും ബിജെപി ചെലവഴിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

ഒരു സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് എത്ര തുക ചെലവഴിക്കാമെന്നതിന് പരിധിയുണ്ടെങ്കിലും, പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് പരിധിയില്ലാത്ത തുക ചെലവഴിക്കാം. ഓരോ തെരഞ്ഞെടുപ്പിനുശേഷവും, യാത്ര, റാലികള്‍, പരസ്യങ്ങള്‍, പ്രചാരണ സാമഗ്രികള്‍ എന്നിവയ്ക്കുള്ള ചെലവുകള്‍ ഉള്‍പ്പെടെ, പാര്‍ട്ടികള്‍ ചെലവഴിച്ച ചെലവുകളുടെ വിശദമായ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കേണ്ടതുണ്ട്.

Content Highlights: BJP expenditure reports submitted to the Election Commission show the party spent Rs 529.38 crore across the latest Assembly elections in five states.

To advertise here,contact us