ബാറ്റിംഗ് ടീം തന്നെ അമ്പയറിനെ തെരഞ്ഞെടുക്കുന്നതുപോലെ: ECI അം​ഗങ്ങളുടെ നിയമന നിയമത്തിൽ സുപ്രീം കോടതി ജഡ്ജി

ജസ്റ്റിസ് ദീപാങ്കർ ദത്തയും ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും ഉൾപ്പെട്ട രണ്ടംഗ ബെഞ്ചിൽ വിഷയത്തിൽ ഭിന്നാഭിപ്രായമുണ്ടായി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനവുമായി ബന്ധപ്പെട്ട 2023ലെ നിയമത്തെക്കുറിച്ച് നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ദീപാങ്കർ ദത്ത. ക്രിക്കറ്റ് മത്സരത്തിലെ അമ്പയറുമായി താരതമ്യം ചെയ്താണ് ജസ്റ്റിസ് ദീപാങ്കർ ദത്ത വിഷയത്തിന്റെ ഗൗരവം വിശദീകരിച്ചത്. ബാറ്റ് ചെയ്യുന്ന ടീം തന്നെയാണ് അമ്പയറിനെ തെരഞ്ഞെടുത്തതെങ്കിൽ, അമ്പയർ ശരിയായ തീരുമാനമെടുത്താലും അദ്ദേഹത്തിന്റെ നിഷ്പക്ഷതയെക്കുറിച്ച് സംശയം ഉയരാൻ സാധ്യതയുണ്ടാകും എന്നായിരുന്നു ദീപാങ്കർ ദത്തയുടെ നിരീക്ഷണം. അമ്പയർ ആ ടീമിനോട് പക്ഷപാതം കാണിച്ചേക്കുമെന്ന ധാരണ നിലനിൽക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബുധനാഴ്ച നിർണായക നിരീക്ഷണങ്ങൾ നടത്തി. 2023-ലെ നിയമപ്രകാരം നിയമന നടപടികൾ സർക്കാർ സ്വാധീനത്തിൽ നിന്ന് മുക്തമാണോയെന്നതിൽ വാദം കേൾക്കുന്നതിനിടെയായിരുന്നു ദീപാങ്കർ ദത്തയുടെ പ്രതികരണം.

2023ലെ നിയമമാറ്റത്തിൽ സംശയങ്ങൾക്ക് ഇടയുണ്ടെന്നും ദീപാങ്കർ ദത്ത പറഞ്ഞു. 2023ലെ നിയമപ്രകാരം തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള സമിതിയിൽ പ്രധാനമന്ത്രി, പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന കേന്ദ്രമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്നിവരാണ് അംഗങ്ങൾ. ഈ ഘടന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തിൽ സർക്കാരിന്റെ സ്വാധീനം വർധിപ്പിക്കുമോ എന്നതാണ് പ്രധാന നിയമപ്രശ്നം. പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന കേന്ദ്രമന്ത്രിക്ക് സ്വന്തം നാമനിർദേശകനെ എതിർക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാനാകുമോ എന്ന ചോദ്യമാണ് ജസ്റ്റിസ് ദത്ത ഉയർത്തിയത്. പ്രധാനമന്ത്രി അധ്യക്ഷനായ സമിതിയിൽ അദ്ദേഹത്തിന്റെ തന്നെ നാമനിർദേശത്തിലുള്ള മന്ത്രി അംഗമാകുമ്പോൾ ആ മന്ത്രിയിൽനിന്ന് സ്വതന്ത്രമായ നിലപാട് പ്രതീക്ഷിക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നാണും ജസ്റ്റിസ് ദത്ത നിരീക്ഷിച്ചു. ഇത്തരത്തിലുള്ള സാഹചര്യത്തിൽ ഒരു നിഷ്പക്ഷ അംഗത്തിന് നൽകാനാകുന്ന സ്വതന്ത്രമായ സമതുലിത നിലപാട് കേന്ദ്രമന്ത്രിയിൽനിന്ന് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സമിതിയിലെ പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തിനും കാര്യമായ പ്രായോഗിക സ്വാധീനം ഉണ്ടാകില്ലെന്ന ആശങ്കയും ജസ്റ്റിസ് ദീപാങ്കർ ദത്ത പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ യഥാർഥത്തിൽ സ്വതന്ത്രമായിരിക്കണം എന്നതുമാത്രമല്ല അത് സ്വതന്ത്രമാണെന്ന് പൊതുജനങ്ങൾക്ക് ബോധ്യപ്പെടുകയും വേണമെന്നും ജസ്റ്റിസ് ദത്ത നിരീക്ഷിച്ചു.

നിലവിലെ സംവിധാനത്തിൽ പ്രധാനമന്ത്രിക്കും അദ്ദേഹം നാമനിർദേശം ചെയ്യന്ന മന്ത്രിക്കും കൂടി രണ്ട് അംഗങ്ങളുടെ പിന്തുണയുള്ളതിനാൽ സമിതിയിൽ 2-1ൻ്റെ ഭൂരിപക്ഷം സർക്കാരിന് ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഇതോടെ പ്രതിപക്ഷ നേതാവിന്റെ പങ്ക് എത്രത്തോളം ഫലപ്രദമാകുമെന്ന ചോദ്യവും നേരത്തെ കോടതി ഉന്നയിച്ചിരുന്നു. 2023ലെ ചീഫ് ഇലക്ഷൻ കമ്മീഷണറും മറ്റ് ഇലക്ഷൻ കമ്മീഷണർമാരും (നിയമനം, സേവന വ്യവസ്ഥകൾ, കാലാവധി) നിയമത്തിനെതിരെ സമർപ്പിച്ച ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. ഈ വിഷയത്തിൽ ജസ്റ്റിസ് ദീപാങ്കർ ദത്തയും ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയും ഉൾപ്പെട്ട രണ്ടംഗ ബെഞ്ചിൽ ഭിന്നാഭിപ്രായമുണ്ടായി.

2023ൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച അനൂപ് ബരൺവാൾ വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ കേസിലെ വിധി പ്രസ്താവവും ഭിന്നാഭിപ്രായവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ദീപാങ്കർ ദത്ത ചൂണ്ടിക്കാണിച്ചു. സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളിലൊന്നാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനത്തിൽ എക്സിക്യൂട്ടീവിന്റെ ഏകപക്ഷീയമായ നിയന്ത്രണം ഒഴിവാക്കണമെന്നും ആ വിധിയിലൂടെ തത്വങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ജസ്റ്റിസ് ദത്ത ചൂണ്ടിക്കാട്ടിയത്. ചീഫ് ജസ്റ്റിസിനെ സമിതിയിൽ ഉൾപ്പെടുത്തിയത് നിർബന്ധമായും തുടരണം എന്നായിരുന്നു ഭരണഘടനാ ബെഞ്ചിന്റെ ഉദ്ദേശമെങ്കിൽ, അത് വിധിയിൽ വ്യക്തമായി പറയുമായിരുന്നുവെന്നും ജസ്റ്റിസ് ദത്ത നിരീക്ഷിച്ചു. അതേസമയം 2023ലെ വിധിയിൽ വ്യക്തമാക്കിയ തത്വങ്ങൾ നിലവിലെ നിയമത്തെ പരിശോധിക്കുമ്പോഴും ബാധകമാക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ പോലുള്ള നിഷ്പക്ഷ അംഗത്തെ തെരഞ്ഞെടുപ്പ് കമ്മിറ്റിയിൽനിന്ന് ഒഴിവാക്കാൻ പാർലമെന്റിന് അധികാരമുണ്ടായിരുന്നോ എന്നത് പുതിയ ഭരണഘടനാ ചോദ്യമാണെന്നും അതിനാൽ രണ്ടംഗ ബെഞ്ചിന് അത് അന്തിമമായി പരിഗണിക്കാനാകില്ലെന്നുമായിരുന്നു ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമയുടെ അഭിപ്രായം. ഭരണഘടനയിലെ ആർട്ടിക്കിൾ 145നും സുപ്രീം കോടതി ചട്ടങ്ങൾക്കും അനുസരിച്ച് ഇത്തരം വിഷയത്തിൽ രണ്ടംഗ ബെഞ്ചിന് തീരുമാനമെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം നിലപാടെടുത്തു. അതിനാൽ വിഷയത്തിൽ ഭരണഘടനാ ബെഞ്ചിന്റെ പരിഗണന ആവശ്യമാണെന്ന നിലപാടാണ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ സ്വീകരിച്ചത്. ഭിന്നാഭിപ്രായത്തെ തുടർന്ന് വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമോ എന്നതിൽ തീരുമാനം എടുക്കാനായി സുപ്രീം കോടതി ചീഫ് ജസ്റ്റിസിൻ്റെ പരിഗണനയ്ക്ക് വിട്ടു. വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കായി വിഷയം ചീഫ് ജസ്റ്റിസിന് കൈമാറുന്നതിനിടെ ജസ്റ്റിസുമാരായ ദത്തയും ശർമ്മയും ഭരണഘടനാ ബെഞ്ചുകൾക്ക് മുമ്പാകെയുള്ള റഫറൻസുകൾ തീർപ്പാക്കുന്നതിലെ നീണ്ടുനിൽക്കുന്ന കാലതാമസത്തിലും ആശങ്ക രേഖപ്പെടുത്തി. ഇത്തരം റഫറൻസുകൾ ദീർഘകാലം തീർപ്പാകാതെ കിടക്കുന്നത് സ്ഥാപനത്തിന്റെ പ്രതിച്ഛായയ്ക്ക് ഒട്ടും യോജിച്ചതല്ലെന്നും രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു

2023 മാർച്ചിൽ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ഇടക്കാല സംവിധാനമായി പ്രധാനമന്ത്രി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ എന്നിവർ ഉൾപ്പെട്ട സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ രാഷ്ട്രപതി മുഖേന ചീഫ് ഇലക്ഷൻ കമ്മീഷണറെയും മറ്റ് ഇലക്ഷൻ കമ്മീഷണർമാരെയും നിയമിക്കുന്ന സംവിധാനം നിർദേശിച്ചിരുന്നു. പാർലമെന്റ് പുതിയ നിയമം കൊണ്ടുവന്നതോടെ ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നാമനിർദേശം ചെയ്യുന്ന കേന്ദ്രമന്ത്രിയെ സമിതിയിൽ ഉൾപ്പെടുത്തി.

Content Highlights: Supreme Court Justice Dipankar Datta questioned the independence of the Election Commission appointment process, comparing it to a batting team choosing the umpire while hearing challenges to the 2023 ECI appointment law.

To advertise here,contact us