ഭുബനേശ്വര്‍: ഒഡീഷയിലെ തീവ്ര വോട്ടർപ്പട്ടിക പരിഷ്കരണം അവസാനിച്ചതോടെ 20 ലക്ഷത്തോളം പേരെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു. ആകെ 3.16 കോടി വോട്ടര്‍മാരില്‍ 1.61 കോടി പേര് പുരുഷന്മാരും 2,774 പേര് ഭിന്നലിംഗക്കാരുമാണെന്ന് മുഖ്യ തെരഞ്ഞടുപ്പ് കമ്മീഷണര്‍ ആര് എസ് ഗോപാലന് പറഞ്ഞു. മെയ് 30 മുതല്‍ സംസ്ഥാനത്തുടനീളം രണ്ട് ഘട്ടങ്ങളിലായി നടത്തിയ പ്രത്യേക തീവ്ര പുനഃപരിശോധനാ നടപടി, തിങ്കളാഴ്ച അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതോടെ സമാപിച്ചതായി അദ്ദേഹം വിശദീകരിച്ചു.
എസ്ഐആറിന് മുമ്പ് സംസ്ഥാനത്ത് ഏകദേശം 3.34 കോടി വോട്ടര്‍മാരുണ്ടായിരുന്നു. എന്നാല്‍ ജൂലൈ 5-ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ അത് 3.13 കോടിയായി കുറഞ്ഞു. വിവരശേഖരണ ഘട്ടത്തില്‍ (മെയ് 30 മുതല്‍ ജൂണ്‍ 28 വരെ), ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വഴിയാണ് വോട്ടര്‍മാര്‍ക്ക് ഫോമുകള്‍ വിതരണം ചെയ്തത്. ആകെ വോട്ടര്‍മാരില്‍ 93.97 ശതമാനം പേരെ ഉള്‍ക്കൊള്ളുന്ന തരത്തില്‍ 3,13,87,034 ഫോമുകള്‍ പൂരിപ്പിച്ച് നല്‍കിയതായാണ് സിഇഒ പറഞ്ഞത്. വിവരശേഖരണ ഫോമുകള്‍ ലഭിക്കാത്ത ബാക്കി 20,12,557 വോട്ടര്‍മാരെ കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ട 3.13 കോടി വോട്ടര്‍മാരില്‍ മൂന്ന് കോടി പേരെ സ്വയമോ അല്ലെങ്കില്‍ അവരുടെ പിന്ഗാമികളുമായോ ബന്ധിപ്പിച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ 12.98 ലക്ഷം വോട്ടര്‍മാരെ ഇത്തരത്തില്‍ ബന്ധിപ്പിക്കാനായിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. തുടര്‍ന്ന്, വിവരങ്ങള്‍ പരിശോധിക്കുന്നതിനായി ബന്ധിപ്പിക്കപ്പെടാത്ത വോട്ടര്‍മാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. കൂടാതെ, വിവരങ്ങളില്‍ പൊരുത്തക്കേടുകളുള്ള 45.37 ലക്ഷം വോട്ടര്‍മാര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു.
അവകാശവാദങ്ങളും ആക്ഷേപങ്ങളും പരിഗണിക്കുന്നതിനിടെ, 44,777 വോട്ടര്‍മാര്‍ അര്‍ഹരല്ലെന്ന് കണ്ടെത്തി പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി സിഇഒ അറിയിച്ചു. അതേസമയം, 2.90 ലക്ഷം വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തുകയും ചെയ്തു. ക്രമീകരണ നടപടികള്‍ക്ക് ശേഷം സംസ്ഥാനത്തെ ആകെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 45,250 ആയി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Odisha has completed its Special Intensive Revision of electoral rolls, with authorities reporting that around 20 lakh names were removed from the voter list. Chief Electoral Officer R S Gopalan said the final roll has 3.16 crore voters, including 1.61 crore men and 2,774 transgender voters. The revision, conducted in two phases across the state from May 30, concluded with the publication of the final electoral roll.