കൊല്‍ക്കത്ത: നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി കോണ്‍ഗ്രസ്. ഹസിറാനി റാത്തിന്റെ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ സംബന്ധിച്ച് ഗുരുതരമായ പിശക് ഉണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന്റെ പരാതി. ബിജെപി സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിദ്യാഭ്യാസ യോഗ്യതയും പ്രായവും സംബന്ധിച്ച് ഗുരുതരമായ പൊരുത്തക്കേടുകള്‍ കണ്ടെത്തിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ സംസ്ഥാന അധ്യക്ഷന്‍ ശുഭങ്കര്‍ സര്‍ക്കാര്‍ ആരോപിച്ചു.
സത്യവാങ്മൂലത്തില്‍ ഹസിറാനിയുടെ പ്രായം 60 എന്നാണ് രേഖപ്പെടുത്തിയതെങ്കില്‍ മാധ്യമിക് പരീക്ഷ പാസ്സായ വര്‍ഷം 1965 എന്നാണുള്ളതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. പ്രായവും പരീക്ഷ പാസ്സായ വര്‍ഷവും തമ്മില്‍ വലിയ പൊരുത്തക്കേടുകള്‍ ഉണ്ടെന്നും പരീക്ഷ പാസായതായി സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്ന സ്കൂളില്‍ ഇക്കാലയളവില്‍ പത്താം തരം സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. എന്നാല്‍ തോല്‍വി ഭയന്നാണ് കോണ്‍ഗ്രസ് ഇത്തരം ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ബിജെപി പ്രതികരിച്ചു. ഇതോടെ നന്ദിഗ്രാമില്‍ രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങള്‍ ശക്തമായി.
അതിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലന് പ്രധാനെ അറസ്റ്റ് ചെയ്ത 2007ലെ ഭൂസമരവുമായി ബന്ധപ്പെട്ട കൊലക്കേസില്‍ അടുത്ത മാസം ഒമ്പതുവരെ തുടര്‍നടപടികള്‍ പാടില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി വ്യക്തമാക്കി. 2007ലെ കേസില്‍ എന്തിനാണ് മിലനെ ഇപ്പോള്‍ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹത്തെ മത്സരിക്കാന്‍ അനുവദിക്കൂവെന്നും കോടതി പറഞ്ഞു. കേസില്‍ മിലന് പ്രധാന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഒക്ടോബര്‍ അഞ്ച് വരെ കഴിഞ്ഞ ദിവസം കോടതി നീട്ടിയിരുന്നു.
മിലന് പ്രധാനെ പിന്തുണയ്ക്കുമെന്ന് മമതാ ബാനര്‍ജി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു 2007ലെ കേസില്‍ മിലനെ അറസ്റ്റ് ചെയ്തത്. മമതാ ബാനര്‍ജി നിശ്ചയിച്ച സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിച്ചതിനെ തുടര്‍ന്നായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസ് കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചത്. ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മമത നിര്‍ത്തിയ സ്ഥാനാര്‍ത്ഥി സഞ്ജിത പ്രധാന് പത്രിക പിന്‍വലിച്ചതായി പ്രഖ്യാപിച്ചത്.
Content Highlights: Congress has filed a complaint with the Election Commission against BJP’s Nandigram bypoll candidate Hasirani Rath, alleging discrepancies in her age and educational qualification details in the election affidavit