ന്യൂഡൽഹി: കാൻസർ മരുന്നുകളുടെ നിർമ്മാതാക്കൾ റീട്ടെയിലർമാർക്ക് വിൽക്കുന്ന വിലയും മരുന്നുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന പരമാവധി ചില്ലറ വിൽപ്പന വിലയും (എംആർപി) തമ്മിലുള്ള വൻ അന്തരത്തിൽ ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. 2,700 രൂപയ്ക്ക് വാങ്ങുന്ന മരുന്ന് 27,000 രൂപ എംആർപിയിൽ വിൽക്കാൻ അനുവദിക്കുന്നത് ‘കൊള്ളയടിക്കലിന്’ തുല്യമാണെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. അത് കൊള്ളയടിക്കലല്ലെങ്കിൽ പിന്നെ മറ്റെന്താണ്? മരുന്ന് വാങ്ങുന്നതിനായി ആളുകൾ വീടും ആഭരണങ്ങളും വരെ വിൽക്കുന്നു എന്നായിരുന്നു മരുന്നുകളുടെ വില നിയന്ത്രണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെ ജസ്റ്റിസ് സന്ദീപ് മേത്ത പറഞ്ഞത്. മരുന്നുകളിൽ അച്ചടിച്ചിരിക്കുന്ന എംആർപിയെക്കാൾ കുറഞ്ഞ വിലയ്ക്കാണ് റീട്ടെയിലർമാർക്ക് വിൽക്കുന്നതെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
യഥാർഥ വിൽപ്പനവിലയേക്കാൾ പലമടങ്ങ് ഉയർന്ന എംആർപി നിശ്ചയിക്കാൻ നിർമ്മാതാക്കൾക്ക് അനുമതി നൽകുന്നത് എന്തിനാണെന്നും സുപ്രീം കോടതി ചോദിച്ചു. 'കാൻസർ ചികിത്സയ്ക്കുള്ള അവശ്യ മരുന്നുകളിൽ ചിലതിന് എംആർപി 27,000 രൂപയാണ്. എന്നാൽ പി.ടി.ആർ (Price To Retailer) 2,700 രൂപ മാത്രം. ഇത് തികഞ്ഞ അരാജകത്വമാണ്, പകൽവെളിച്ചത്തിലെ കൊള്ളയാണ്. നിർമ്മാതാവ് റീട്ടെയിലർക്ക് 2,700 രൂപയ്ക്ക് നൽകുന്ന മരുന്നിന് എംആർപി 27,000 രൂപയായി അച്ചടിച്ചിരിക്കുന്നത് എങ്ങനെയാണ്? പത്തിരട്ടി! ഇതുസംബന്ധിച്ച് തീരുമാനമെടുക്കേണ്ട അധികാരികൾ പൂർണമായും നിശ്ശബ്ദരാണെന്നത് അതിശയകരമാണ്. അതിനുള്ള കാരണം ഞങ്ങൾ പ്രത്യേകം പറയേണ്ടതില്ല' എന്നും ജസ്റ്റിസ് സന്ദീപ് മേത്ത വ്യക്തമാക്കി.
'എന്തിനാണ് ഈ വിലവ്യത്യാസം? യഥാർഥത്തിൽ ഒരു മരുന്ന് അതിന്റെ എംആർപിയുടെ 10 ശതമാനം വിലയ്ക്ക് നിർമ്മാതാവ് റീട്ടെയിലർക്ക് നൽകുന്നുണ്ടെങ്കിൽ, എന്തിനാണ് ഇത്രയും ഉയർന്ന എംആർപി നിശ്ചയിക്കുന്നത്? ഇത്തരത്തിൽ വലിയ അന്തരം എന്തിനാണ്?' എന്നും ജസ്റ്റിസ് മേത്ത ചോദിച്ചു. മരുന്നുകളുടെ വില നിയന്ത്രണം, ജനറിക് മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, മരുന്ന് കുറിപ്പടി രീതികൾ എന്നിവയുമായി ബന്ധപ്പെട്ട് കിഷൻ ചന്ദ് ജെയിനും ഡോ. സഞ്ജയ് കുൽശ്രേഷ്ഠയും സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് സന്ദീപ് മേത്തയും ജസ്റ്റിസ് വിക്രം നാഥും ഉൾപ്പെട്ട ബെഞ്ചിന്റെ നിരീക്ഷണങ്ങൾ.
മരുന്നുകളെ ഷെഡ്യൂൾഡ്, നോൺ-ഷെഡ്യൂൾഡ് വിഭാഗങ്ങളായി തിരിക്കുന്നതിലെ മറ്റൊരു വൈരുധ്യവും ജസ്റ്റിസ് സന്ദീപ് മേത്ത ചൂണ്ടിക്കാട്ടി. സാധാരണയായി ഉപയോഗിക്കുന്ന സ്റ്റാറ്റിൻ മരുന്നായ ‘റാസുവാസ്’ ഉദാഹരണമായി പറഞ്ഞ കോടതി, ഇത് നോൺ-ഷെഡ്യൂൾഡ് മരുന്നായതിനാൽ ഡിപിസിഒയുടെ വിലനിയന്ത്രണത്തിന് വിധേയമല്ലെന്നും ഒരു സ്ട്രിപ്പിന് ഏകദേശം 240 രൂപ വിലയുണ്ടെന്നും നിരീക്ഷിച്ചു. എന്നാൽ റാസുവാസ് ആസ്പിരിനുമായി ചേർന്ന കോമ്പിനേഷനായി മാറുമ്പോൾ അത് ഷെഡ്യൂൾ വിഭാഗത്തിൽ വരികയും അതേ സ്ട്രിപ്പിന്റെ വില ഏകദേശം 70 രൂപയായി കുറയുകയും ചെയ്യുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു കോമ്പിനേഷൻ മരുന്നിന് കൂടുതൽ വിലയുണ്ടാകേണ്ടതാണ്. അത് കൂടുതൽ ചെലവേറിയതായിരിക്കണം. എന്നാൽ ഇവിടെ നേരെ മറിച്ചുള്ള വിലവ്യത്യാസമാണ് കാണുന്നത്. ഇത് വളരെ സാധാരണയായി ഉപയോഗിക്കുന്ന മരുന്നാണ് എന്നും ജസ്റ്റിസ് സന്ദീപ് മേത്ത നിരീക്ഷിച്ചു.
'നിരവധി രോഗികൾ ഇപ്പോൾ പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന, ആയുഷ്മാൻ ഭാരത് തുടങ്ങിയ പദ്ധതികൾക്ക് കീഴിൽ ചികിത്സ നേടുന്നുണ്ട്. അതിനാൽ ആത്യന്തികമായി ഇതിന് ചെലവാകുന്നത് നികുതിദായകരുടെ പണമാണ്. 200 രൂപയ്ക്ക് വിൽക്കേണ്ട മരുന്ന് 2,000 രൂപയ്ക്ക് നൽകുന്നു. ആശുപത്രിക്ക് അതിന്റെ പണം തിരിച്ചുകിട്ടുന്നു, നികുതിദായകനാണ് അതിന് പണം നൽകുന്നത്. സർക്കാർ നൽകുന്ന പണമെല്ലാം ആത്യന്തികമായി നികുതിദായകന്റേതാണ്. ഇത് വ്യക്തമായ വഞ്ചന'യാണെന്നും ജസ്റ്റിസ് സന്ദീപ് മേത്ത ചൂണ്ടിക്കാണിച്ചു.
കേന്ദ്രസർക്കാർ സുപ്രീം കോടതി പരിഗണിച്ച ഹർജികളെ എതിർപ്പോടെയുള്ള നടപടിയായി കാണുന്നില്ലെന്നും നിലവിലെ സംവിധാനത്തിൽ മെച്ചപ്പെടുത്തേണ്ട മേഖലകൾ പരിശോധിക്കുമെന്നുമായിരുന്നു അഡീഷണൽ സോളിസിറ്റർ ജനറൽ കെ എം നടരാജ് സുപ്രീം കോടതിയെ അറിയിച്ചത്. കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിനായി നിലവിലുള്ള പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി പരിയോജനയെക്കുറിച്ചും സോളിസിറ്റർ ജനറൽ സുപ്രീം കോടതിയിൽ വിശദീകരിച്ചു. എന്നാൽ ജൻ ഔഷധി കേന്ദ്രങ്ങളിൽ ലഭ്യമല്ലാത്ത മരുന്നുകൾ ആവശ്യമായ രോഗികൾ എന്തുചെയ്യുമെന്നായിരുന്നു ഇതിനോടുള്ള കോടതിയുടെ ചോദ്യം.
Content Highlights: The Supreme Court has raised concerns over the steep pricing of cancer medicines, citing a case where a drug costing ₹2,700 was reportedly sold for ₹27,000