ബിഹാറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അതിക്രമം: അന്വേഷത്തിന് എസ്ഐടി

പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് അക്രമികള്‍ ലൈംഗികാതിക്രമം നടത്തുകയായിരുന്നു

പട്ന: ബിഹാറില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ അന്വേഷത്തിന് പ്രത്യേക സംഘം. ജമുയി സബ് ഡിവിഷണല്‍ പൊലീസ് ഓഫീസറുടെ മേല്‍നോട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചിരിക്കുന്നത്. ബിഹാറിലെ ജാമിയുവിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഞെട്ടിക്കുന്ന സദാചാര ആക്രമണമുണ്ടായത്. പത്താംക്ലാസ് വിദ്യാര്‍ത്ഥികളായ രണ്ടു കുട്ടികളെ തടഞ്ഞുനിര്‍ത്തുകയും പെണ്‍കുട്ടിയെ ശാരീരികമായി ആക്രമിക്കുകയുമായിരുന്നു. സംഘത്തിന് മുന്‍പില്‍ മണിക്കൂറുകളോളം യാചിച്ച ശേഷമാണ് ഇവരെ വിട്ടയച്ചത്. സംഭവത്തിൽ മൂന്ന് പേരെ ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാല് പേർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

സംഭവത്തില്‍ ജമുയി പൊലീസ് സ്റ്റേഷനില്‍ പോക്‌സോ വകുപ്പ് ഉൾപ്പടെ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തതിട്ടുണ്ട്. അറസ്റ്റിലായവരില്‍ രണ്ട് പേര്‍ പ്രായപൂർത്തിയാകാത്തവരാണെന്നും ഇവർ 17നും 18നും ഇടയില്‍ പ്രായമുള്ളവരാണെന്നും പൊലീസ് അറിയിച്ചു.

കോച്ചിങ് ക്ലാസ് കഴിഞ്ഞ ശേഷം ശനിയാഴ്ച വൈകുന്നേരം സുഹൃത്തുക്കളായ ആണ്‍കുട്ടിയും പെണ്‍കുട്ടിയും സമീപത്തെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയിരുന്നു. സ്‌കൂട്ടറില്‍ മടങ്ങുന്നതിനിടെ പ്രധാന റോഡില്‍ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റര്‍ അകലെയുള്ള കുന്നിന്‍ പ്രദേശത്ത് വച്ച് ഒരു സംഘം ഇവരെ തടഞ്ഞെന്നാണ് പരാതി. സംഘം വിദ്യാര്‍ഥികളെ അധിക്ഷേപിക്കുകയും സ്‌കൂട്ടറില്‍ നിന്ന് ഇറക്കുകയും ആക്രമിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. ഇതില്‍ ഒരാള്‍ പകര്‍ത്തിയ വിഡിയോ പിന്നീട് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ദൃശ്യങ്ങളില്‍ ഒരാള്‍ ആണ്‍കുട്ടിയുടെ ഷര്‍ട്ടില്‍ പിടിച്ച് വലിക്കുന്നതും, പെണ്‍കുട്ടിയെ മറ്റൊരാള്‍ പിടിച്ച് ഉയര്‍ത്തുന്നതും കാണാം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പെണ്‍കുട്ടി തങ്ങളെ വിട്ടയക്കണമെന്ന് അപേക്ഷിക്കുകയും പ്രദേശത്തേക്ക് ഇനി വരില്ലെന്നും പറയുന്നത് വീഡിയോയിൽ വ്യാക്തമാണ്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ മുഖമോ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങളോ ഉള്‍പ്പെട്ട വിഡിയോ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിഡിയോ പ്രചരിപ്പിച്ച സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെയും നടപടി ആരംഭിച്ചിട്ടുണ്ട്. 13 ഫേസ്ബുക്ക് അക്കൗണ്ടുകള്‍, 12 ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍, ഏഴ് എക്‌സ് അക്കൗണ്ടുകള്‍ എന്നിവ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും കണ്ടെത്തി പോക്‌സോ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: SIT investigation has been launched into the Jamui incident in Bihar, where two Class 10 students were allegedly harassed. Three minors have been arrested, and police are taking action against social media accounts that circulated the video

To advertise here,contact us