മധ്യ ബംഗാളിൽ തൃണമൂലിൽ നിന്ന് കോൺ​ഗ്രസിലേയ്ക്ക് കൂറുമാറ്റം: ഉപതെരഞ്ഞെടുപ്പിൽ ആയുധമാക്കാനൊരുങ്ങി ബിജെപി

പ്രതിപക്ഷത്തിന് രാഷ്ട്രീയ ഇടം നിലനിർത്താനാകുന്നില്ലെന്ന ബിജെപിയുടെ വിമർശനങ്ങൾക്കിടെയാണ് മധ്യ ബം​ഗാളിൽ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ രൂപപ്പെടുന്നത്

കൊൽക്കത്ത: മധ്യബം​ഗാളിൽ സ്വാധീനം നിലനിർത്താൻ തൃണമൂൽ കോൺ​ഗ്രസും കോൺ​ഗ്രസും നടത്തുന്ന രാഷ്ട്രീയ നീക്കങ്ങൾ ശ്രദ്ധേയമാകുന്നു. മധ്യബം​ഗാളിലെ വിവിധ ജില്ലകളിൽ തൃണമൂൽ കോൺ​ഗ്രസിൽ നിന്ന് കോൺ​ഗ്രസിലേയ്ക്ക് നേതാക്കളും തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും കൂറുമാറുന്നത് ബം​ഗാളിൽ വിവിധ ഭാ​ഗങ്ങളിൽ നടക്കുന്ന രാഷ്ട്രീയ പുനഃക്രമീകരണത്തിൻ്റെ ഭാ​ഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷത്തിന് രാഷ്ട്രീയ ഇടം നിലനിർത്താനാകുന്നില്ലെന്ന ബിജെപിയുടെ വിമർശനങ്ങൾക്കിടെയാണ് മധ്യ ബം​ഗാളിൽ പുതിയ രാഷ്ട്രീയ സാഹചര്യങ്ങൾ രൂപപ്പെടുന്നത്. നന്ദി​ഗ്രാം, റെജി ന​ഗർ തെരഞ്ഞെടുപ്പുകളിൽ ബിജെപി ഈ കൂറുമാറ്റങ്ങൾ ഇതിനകം തെരഞ്ഞെടുപ്പ് വിഷയമാക്കിയിട്ടുണ്ട്.

മാൽഡ ജില്ലയിലെ റതുവയിലാണ് ഏറ്റവും ഒടുവിലായി തൃണമൂലിൽ നിന്ന് കോൺ​ഗ്രസിലേയ്ക്ക് ഒഴുക്ക് സംഭവിച്ചിരിക്കുന്നത്. റതുവ ഗ്രാമപഞ്ചായത്തിലെ തെരഞ്ഞെടുക്കപ്പെട്ട 12 അംഗങ്ങൾ ഞായറാഴ്ച തൃണമൂൽ കോൺഗ്രസ് വിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു. സംസ്ഥാനത്ത് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ രാഷ്ട്രീയ അന്തരീക്ഷം ഇതിനകം തന്നെ സംഘർഷഭരിതമായിരിക്കെയാണ് ഈ കൂറുമാറ്റം. പ്രതിപക്ഷ സ്ഥാനാർഥികൾക്ക് മേൽ സമ്മർദം ചെലുത്തുന്നുവെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തിലാണ് തൃണമൂലിൽ നിന്നുള്ള കൊഴിഞ്ഞ് പോക്ക്.

പശ്ചിമ ബംഗാൾ പ്രതിപക്ഷം ഇല്ലാത്ത രാഷ്ട്രീയത്തിലേക്ക് നീങ്ങുകയാണോ എന്ന ചോദ്യവും ഇതിനകം ഉയർന്ന് കഴിഞ്ഞു. പ്രതിപക്ഷ പാർട്ടികൾക്ക് സ്വന്തം രാഷ്ട്രീയ ഇടം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വമുണ്ടെന്നായിരുന്നു ബിജെപി നേതാവും സംസ്ഥാന മന്ത്രിയുമായ ദിലീപ് ഘോഷിൻ്റെ ഇത്തരം ചർച്ചകളോടുള്ള പ്രതികരണം. പ്രതിപക്ഷത്തിന് ആവശ്യമായ രാഷ്ട്രീയ ഇടം പശ്ചിമ ബംഗാളിലെ ജനങ്ങൾ നൽകിയിട്ടുണ്ടെന്നും അത് നിലനിർത്താനും പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം നിർവഹിക്കാനും അവർക്ക് കഴിയുന്നില്ലെങ്കിൽ അതിന്റെ ഉത്തരവാദിത്വം ആർക്കാണെന്നും ദിലീപ് ഘോഷ് ചോദിച്ചു. പ്രതിപക്ഷ പാർട്ടികൾ അവരുടെ രാഷ്ട്രീയ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം ജനങ്ങൾക്കോ നിലവിൽ സംസ്ഥാനത്ത് അധികാരത്തിലുള്ള ബിജെപിക്കോ ഏറ്റെടുക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. പസംസ്ഥാനത്തിന്റെ ഭരണവും വികസന പ്രവർത്തനങ്ങളുമാണ് ബിജെപിയുടെ പ്രധാന ഉത്തരവാദിത്വമെന്നും, ഇനി പ്രതിപക്ഷം എന്താണ് ചെയ്യേണ്ടതെന്ന് അവർ തന്നെ തീരുമാനിക്കണമെന്നുമായിരുന്നു ഘോഷിൻ്റെ പ്രതികരണം.റതുവയിൽ തൃണമൂൽ കോൺ​ഗ്രസ് ജനപ്രതിനിധികൾ കോൺ​ഗ്രസിൽ ചേർന്ന പശ്ചാത്തലത്തിലായിരുന്നു ഘോഷിന്റെ പ്രതികരണം.

ആഘോഷമായിട്ടായിരുന്നു തൃണമൂൽ വിട്ടെത്തിയവരെ റതുവയിൽ കോൺ​ഗ്രസ് സ്വീകരിച്ചത്. മാൽഡ സൗത്ത് എംപി ഈശ ഖാൻ ചൗധരി, മുൻ രാജ്യസഭാംഗം മൗസം നൂർ, മുൻ മണിക്‌ചക് എംഎൽഎ മൊട്ടാകിൻ ആലം, റതുവ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പരിതോഷ് സിൻഹ എന്നിവർ അടക്കമുള്ള കോൺ​ഗ്രസിൻ്റെ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. തൃണമൂൽ വിട്ടെത്തിയ 12 പഞ്ചായത്ത് അംഗങ്ങൾക്ക് കോൺഗ്രസ് നേതാക്കൾ പാർട്ടി പതാക കൈമാറി. നിരവധി തൃണമൂൽ പ്രവർത്തകരും അനുയായികളും കോൺഗ്രസിൽ ചേർന്നതായും കോൺഗ്രസ് അവകാശപ്പെട്ടു. ന്യൂനപക്ഷ വോട്ടർമാർക്ക് നിർണ്ണായക സ്വാധീനമുള്ള മാൽഡയിലും സമീപ ജില്ലകളിലും ഇവരുടെ പിന്തുണയ്ക്കായി കോൺഗ്രസും തൃണമൂൽ കോൺഗ്രസും ദീർഘകാലമായി പരസ്പര മത്സരത്തിലാണ്. ഇതിനിടയിൽ റതുവയിൽ ഉണ്ടായിരിക്കുന്ന സംഭവവികാസങ്ങൾക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ട്. മാൽഡ, മുർഷിദാബാദ്, ബിർഭൂം ജില്ലകളിലെ വിവിധ പ്രദേശങ്ങൾക്കു പുറമെ നോർത്ത് ദിനാജ്പൂർ, സൗത്ത് ദിനാജ്പൂർ, കൂച്ച് ബിഹാർ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും തൃണമൂൽ പ്രവർത്തകരും പ്രാദേശിക നേതാക്കളും കോൺഗ്രസിലേക്ക് വന്നതായാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്.

ഇതിനിടെ മാൽഡയിലെ ഇംഗ്ലീഷ് ബസാർ മുനിസിപ്പാലിറ്റി ചെയർമാൻ കൃഷ്ണേന്ദു നാരായൺ ചൗധരിയുടെ രാജിയും ഇതിനകം ചർച്ചയായിട്ടുണ്ട്. അഞ്ച് തവണ ചെയർമാനായിരുന്ന ചൗധരി സെപ്റ്റംബർ 9-നാണ് രാജിവെച്ചത്. താൻ ‘പുതിയ കുടക്കീഴിലായിരിക്കും’ എന്ന് പ്രഖ്യാപിച്ചിരിക്കുന്ന നാരായൺ ചൗധരിയുടെ അടുത്ത നീക്കം എന്താണെന്നതിലും ആകാംക്ഷയുണ്ട്. നേരത്തെ കോൺഗ്രസിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ചൗധരി പിന്നീട് തൃണമൂൽ കോൺ​ഗ്രസിൽ ചേരുകയായിരുന്നു. കൃഷ്ണേന്ദു നാരായൺ ചൗധരിയുടെ രാജി മാൽഡയിലെ രാഷ്ട്രീയ ചലനങ്ങൾക്ക് പുതിയ മാനം നൽകിയിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് വെല്ലുവിളികൾ നേരിടുന്നതിനിടെയാണ് നിലവിലെ കൂറുമാറ്റങ്ങൾ നടക്കുന്നത്. വിവിധ ജില്ലകളിൽ സംഘടനാപരമായ അടിത്തറ തിരിച്ചുപിടിക്കാൻ കോൺ​ഗ്രസ് ശ്രമിക്കുന്ന ഘട്ടത്തിലാണ് ഈ കൂറുമാറ്റങ്ങളെന്നതും ശ്രദ്ധേയമാണ്. നന്ദിഗ്രാമിലും റജീനഗറിലും സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ടിഎംസി അഭിമുഖീകരിച്ച വിഷയങ്ങൾ വലിയ ചർച്ചയാകുന്ന ഘട്ടത്തിവാണ് റതുവയിലെ കൂറുമാറ്റങ്ങൾ തൃണമൂലിനെ പ്രതിസന്ധിയിലാക്കുന്നത്. മാൽഡയിലെ ചില തൃണമൂൽ നേതാക്കളുടെ രാഷ്ട്രീയ നിലപാടുകളിലെ അനിശ്ചിതത്വം, താഴെത്തട്ടിലുള്ള നേതാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം എന്നിവ മധ്യ ബംഗാളിൽ പുതിയ രാഷ്ട്രീയ മത്സരത്തിന് വഴിതുറന്നിരിക്കുകയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. പ്രതിപക്ഷത്തിന് സ്വന്തം സംഘടനാപരമായ അടിത്തറ നിലനിർത്താൻ കഴിയുന്നുണ്ടോ എന്ന ചോദ്യം ഉയർത്താനുള്ള അവസരമാണ് ഈ സംഭവവികാസങ്ങൾ ബിജെപിക്ക് നൽകുന്നത്. അതേസമയം, തൃണമൂൽ പ്രവർത്തകരും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും കോൺഗ്രസിലേക്ക് എത്തുന്നത് താഴെത്തട്ടിൽ പാർട്ടിക്ക് തിരിച്ചുവരവിന്റെ സൂചനയായാണ് കോൺഗ്രസ് അവതരിപ്പിക്കുന്നത്.

Content Highlights: Defections from the Trinamool Congress to the Congress in West Bengal have emerged as a political issue that the BJP is preparing to highlight ahead of the upcoming by-elections.

To advertise here,contact us