കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ബിജെപി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ വരുന്നത് തടയാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. ഒക്ടോബർ രണ്ടിന് ശേഷം സഖ്യത്തെക്കുറിച്ച് തീരുമാനിക്കുമെന്നും അസദുദ്ദീൻ പറഞ്ഞു. ഞായറാഴ്ച കാണ്‍പൂരിലെ കന്റോണ്‍മെന്റ് മണ്ഡലത്തില്‍ നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപി നിയമസഭയില്‍ തങ്ങളുടെ സമുദായത്തിന് ഒരു ശബ്ദം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് എഐഎംഐഎമ്മിന്റെ സാന്നിധ്യം ശക്തിപ്പെടുത്താന്‍ അദ്ദേഹം വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.
യുപിയില്‍ മൂന്നാം തവണയും ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ല. ബിജെപി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എഐഎംഐഎമ്മുമായി കൈകോര്‍ക്കൂ എന്നായിരുന്ന അദ്ദേഹം ആഹ്വാനം ചെയ്തത്. ഒക്ടോബര്‍ രണ്ട് വരെ കാത്തിരിക്കുമെന്നും അതിനുശേഷം മാത്രം സഖ്യത്തെക്കുറിച്ചുള്ള തീരുമാനം പ്രഖ്യാപിക്കുമെന്നും ഒവൈസി വ്യക്തമാക്കി. ബിഹാര്‍ തെരഞ്ഞെടുപ്പ് സമയത്ത് സമാനമായ ഒരു നിര്‍ദ്ദേശം തങ്ങള്‍ മുന്നോട്ടുവെച്ചിരുന്ന കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സഖ്യത്തിന്റെ ഭാഗമായി ആറ് സീറ്റുകളില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നെങ്കിലും പകരം തെറ്റായ ആരോപണങ്ങള്‍ നേരിടേണ്ടിവരികയാണുണ്ടായതെന്നാണ് അദ്ദേഹം പറഞ്ഞത്.
'നിങ്ങളുടെ അഖിലേഷ് ഭയ്യ അധികാരത്തിലിരുന്നപ്പോള്‍ എത്ര കലാപങ്ങളാണ് ഉണ്ടായത്?' എന്നായിരുന്നു സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ ലക്ഷ്യമിട്ട് ഒവൈസി സദസ്സിനോട് ചോദിച്ചത്. തുടര്‍ന്ന് 2013-ലെ മുസാഫര്‍നഗര്‍ കലാപത്തെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, ഏകദേശം 50,000 ആളുകള്‍ക്ക് സ്വന്തം വീടുകളും ഗ്രാമങ്ങളും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്ന സാഹചര്യവും ചൂണ്ടിക്കാട്ടി. അക്കാലത്തെ എസ്പി സര്‍ക്കാരിലെ മുസ്ലിം പ്രാതിനിധ്യത്തെക്കുറിച്ച് ഉവൈസി ചോദ്യം ഉന്നയിക്കുകയും ചെയ്തു.
മുസ്ലിങ്ങളുടെ സാമൂഹിക-സാമ്പത്തിക, വിദ്യാഭ്യാസപരമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ സംസ്ഥാനത്ത് തുടര്‍ച്ചയായി അധികാരത്തിലിരുന്ന സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്ന് ഒവൈസി കുറ്റപ്പെടുത്തി. 'ഇപ്പോള്‍ തെരഞ്ഞെടുപ്പ് വരികയാണ്. പലരും നിങ്ങളുടെ അടുത്തേക്ക് വരും. അവര്‍ പഴയ ഭയം കാണിച്ച് നിങ്ങളെ സമീപിക്കും. ബിജെപി വീണ്ടും അധികാരത്തില്‍ വരുന്നത് തടയാന്‍ നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണയ്ക്കണം', ഒവൈസി പറഞ്ഞു.
മദ്രസകളുടെ കാര്യത്തില്‍ ബിജെപി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും ഒവൈസി വിമര്‍ശിച്ചു. സ്വാതന്ത്ര്യസമരത്തില്‍ മുസ്ലിം മതപുരോഹിതന്മാരും പണ്ഡിതന്മാരും വഹിച്ച പങ്കിനെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം സ്വാതന്ത്ര്യസമര സേനാനിയും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ മൗലാന മുഹമ്മദ് അലി ജൗഹറിനെക്കുറിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശങ്ങളെ കുറിച്ചുള്ള വിമര്‍ശനവും ഉന്നയിച്ചു. കാണ്‍പൂരിലെ മദ്രസകളുടെ ചരിത്രത്തെക്കുറിച്ച് സംസാരിച്ച എഐഎംഐഎം അധ്യക്ഷന്‍, സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ മുസ്ലിം പണ്ഡിതന്മാര് ഫത്വ പുറപ്പെടുവിച്ചിരുന്നുവെന്നും അവകാശപ്പെട്ടു.
Content Highlights: AIMIM chief Asaduddin Owaisi said his party is willing to form alliances with parties that seek to prevent the BJP from returning to power for a third consecutive term in Uttar Pradesh. Speaking at a public meeting in Kanpur, Owaisi also urged voters to strengthen AIMIM’s presence in the state Assembly, saying the community needs representation.