ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ എന്എസ്യുഐയുടെ പരാജയത്തില്‍ രാഹുല്‍ ഗാന്ധി കടുത്ത അതൃപ്തിയില്‍. പരാജയത്തില്‍ രാഹുല്‍ ഗാന്ധി റിപ്പോര്‍ട്ട് തേടി. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം പാളിച്ചകള്‍ ഉണ്ടായി എന്ന വിമര്‍ശനത്തിന് പിന്നാലെയാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. വിഷയത്തില്‍ വിശദമായ പരിശോധന നടത്തി എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
ഇന്‍ഡോറില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഛാത്രോം കി ഗൂഞ്ച് നടന്ന ദിവസമായിരുന്നു ഡല്‍ഹി സര്‍വകലാശാലയില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഇതേ ദിവസം തന്നെ സര്‍വകലാശാലയില്‍ എന്എസ്യുഐ പരാജയപ്പെട്ടത് രാഷ്ട്രീയ തിരിച്ചയാണെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എന്എസ്യുഐക്ക് ശക്തമായ നേതൃത്വം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധി ജെന്‍സികള്‍ക്ക് സ്വീകാര്യനാണ്. എന്നാല്‍ അത് ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുന്നില്ലെന്നും വിമര്‍ശനമുണ്ട്.
ഡല്‍ഹി സര്‍വകലാശാല യൂണിയൻ തെരഞ്ഞെടുപ്പില്‍ എബിവിപിയായിരുന്നു വിജയിച്ചത്. ജനറല്‍ സീറ്റുകളിലേക്ക് നടന്ന കനത്ത മത്സരത്തില്‍ പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലായിരുന്നു എബിവിപി വിജയിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ എബിവിപിയുടെ യഷ് ദബാസ് എന്‍എസ് യുഐ സ്ഥാനാര്‍ത്ഥി വിജയ് മീണയെ 2,053 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപിയുടെ റിയ ഛൗഡിയും ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപിയുടെ ലക്ഷ്യ രാജ് സിങുമാണ് വിജയിച്ചത്. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് എന്എസ്യുഐ വിട്ട് സ്വതന്ത്രനായി മത്സരിച്ച ദീപാന്‍ഷു ഷൗകീന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ ഡല്‍ഹി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പില്‍ അടക്കം അട്ടിമറി നടന്നുവെന്ന ആരോപണവുമായി എന്‍എസ് യുഐ രംഗത്തെത്തിയിരുന്നു. വിവിധ കോളേജുകളില്‍ കള്ളവോട്ട് നടന്നുവെന്ന് എന്‍എസ് യുഐ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന വിജയ് മീണ ആരോപിച്ചിരുന്നു. വോട്ടെടുപ്പില്‍ കൃത്രിമം കാണിച്ചു. വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് എബിവിപിക്ക് വോട്ട് ചെയ്യിച്ചു. തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടിച്ചുവെച്ചു എന്നുമാണ് ആരോപണം. വിഷയം കോടതിയില്‍ ചോദ്യം ചെയ്യുമെന്നും വിജയ് മീണ പറഞ്ഞിരുന്നു.
Content Highlights- NSUI failed to win any of the four central posts in the 2026 Delhi University Students’ Union election, while ABVP won three posts and an independent candidate secured the vice president position.