ന്യൂഡല്‍ഹി: എസ്ഐആര്‍ വിവാദത്തില്‍ ബിജെപിക്കും കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷനുമെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ രംഗത്ത്. എസ്ഐആര്‍ നടപടിക്രമത്തെ ഒരു 'ഫ്രാങ്കന്‍സ്റ്റീന്‍ രാക്ഷസന്' (നിയന്ത്രണാതീതമായി വളര്‍ന്ന് വിപരീതഫലം ഉണ്ടാക്കുന്ന ഒന്ന്) എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പൗരന്മാരുടെ വോട്ടവകാശം നിഷേധിക്കാന്‍ ലക്ഷ്യമിട്ടുള്ള ഏകപക്ഷീയമായ നീക്കമാണ് നടക്കുന്നതെന്ന് ഖര്‍ഗെ ആരോപിച്ചു. എക്സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ വിമര്‍ശനം.
ബിഹാറില്‍ എസ്ഐആര്‍ ആയി തുടങ്ങിയത് ഇപ്പോള്‍ ഡല്‍ഹിയിലും എത്തിയിരിക്കുന്നു. ഈ നടപടിക്രമം തുടക്കം മുതല്ക്കേ പിഴവുകള്‍ നിറഞ്ഞതാണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി എന്തുകൊണ്ട് പറഞ്ഞിരുന്നു എന്ന് അധികാരികള്‍ ഇപ്പോള്‍ തിരിച്ചറിയുന്നുണ്ടാകാം. വോട്ട് തട്ടിയെടുക്കാനും ജനാധിപത്യം തകര്‍ക്കാനും ബിജെപി ഉപയോഗിക്കുന്ന ഒരു ഉപകരണം മാത്രമല്ല എസ്ഐആര്‍. അതൊരു പിഴവുള്ള നടപടിക്രമമാണെന്നും അത് ഇപ്പോള്‍ സ്വന്തം ആളുകളെത്തന്നെ കുടുക്കുന്ന ഒരു 'ഫ്രാങ്കന്‍സ്റ്റീന്‍ രാക്ഷസനായി' മാറിയിരിക്കുന്നു എന്നുമായിരുന്നു ഖര്‍ഗെ കുറിച്ചത്. അയച്ചുകൊണ്ടിരിക്കുന്ന നോട്ടീസുകളുടെ വ്യാപ്തി ചൂണ്ടിക്കാട്ടിയ കോണ്‍ഗ്രസ് അധ്യക്ഷന്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും വ്യക്തമാക്കി.
ബിജെപിയുടെ ഏറ്റവും മുതിര്‍ന്ന നേതാവായ ലാല്‍ കൃഷ്ണ അദ്വാനി, നിലവിലെ വിദേശകാര്യ മന്ത്രി, ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍, രാജ്യസഭാ എംപി, മുന്‍ കേന്ദ്രമന്ത്രി, മുന്‍ മുഖ്യമന്ത്രി തുടങ്ങിയ പ്രമുഖ ബിജെപി നേതാക്കള്‍ക്കെല്ലാം ഇപ്പോള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഭാരതരത്ന ജേതാവായ ശാസ്ത്രജ്ഞനും മുന്‍ നാവികസേനാ മേധാവിക്കും നേരത്തെ തന്നെ നോട്ടീസ് നല്‍കിയിരുന്നു എന്ന അവസ്ഥയാണുള്ളതെന്നും ഖാര്‍ഗെ പറഞ്ഞു. പശ്ചിമ ബംഗാളില്‍ വ്യാപകമായ തോതില്‍ അനധികൃതമായി വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്ന നടപടികള്‍ നടക്കുന്നുണ്ടെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. ബംഗാളില്‍ വോട്ട് ചെയ്യുന്നത് തടയാനായി പേരുകള്‍ നീക്കം ചെയ്യപ്പെട്ടവരില്‍, ഇതുവരെ തീര്‍പ്പുകല്‍പ്പിച്ച കേസുകളില്‍ 93 ശതമാനം പേരും അപ്പീലില്‍ വിജയിച്ചു. അതായത്, 1,13,943 പേരെ വോട്ടര്‍ പട്ടികയില്‍ തിരിച്ചെടുക്കും! അത്ഭുതകരം തന്നെ! എന്ത് അടിസ്ഥാനത്തിലാണ് അവരുടെ വോട്ടവകാശം എടുത്തുമാറ്റിയതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
വോട്ടവകാശവുമായി ബന്ധപ്പെട്ട ഭരണഘടനാപരമായ തുല്യത അട്ടിമറിക്കപ്പെടുന്നുണ്ടോ എന്ന സംശയവും ഖര്‍ഗെ പ്രകടിപ്പിച്ചു. 'വിഐപി/മാര്‍ക്ക്ഡ് ഇലക്ടര്‍മാര്‍' (VIP/marked electors) എന്ന വിഭാഗത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കി. ഇന്ത്യയിലെ സാര്‍വത്രിക പ്രായപൂര്‍ത്തി വോട്ടവകാശ സമ്പ്രദായത്തില്‍ ഇപ്പോള്‍ വോട്ടര്‍മാരുടെ പ്രത്യേക വിഭാഗങ്ങള്‍ - വിഐപി വോട്ടര്‍മാരും സാധാരണ വോട്ടര്‍മാരും - നിലവിലുണ്ടോ? 'ഒരാള്‍, ഒരു വോട്ട്, ഒരു മൂല്യം' എന്ന ഭരണഘടനാ തത്വത്തിന്റെ ലംഘനമല്ലേ ഇത്? വിഐപി വോട്ടിന് ഇപ്പോള്‍ കൂടുതല്‍ മൂല്യം കൈവന്നോ? എന്ന ചോദ്യങ്ങളാണ് ഖര്‍ഗെ പരിഹാസരൂപേണ ചോദിച്ചത്. എസ്ഐആറിന്റെ ആദ്യ മൂന്ന് ഘട്ടങ്ങളിലായി 31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13.8 കോടി വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തു. അതായത് ആകെ 94.78 കോടി വോട്ടര്‍മാരില്‍ ഏകദേശം 14.61 ശതമാനം പേരെയാണ് നീക്കിയത്. ആരുടെ നിര്‍ദ്ദേശപ്രകാരമാണ് ഇതെല്ലാം നടക്കുന്നത്, ആരാണ് കൈകെട്ടി നോക്കിനില്ക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. വിഐപികള്‍ക്ക് വാര്‍ത്താക്കുറിപ്പുകള്‍ ഇറക്കുന്ന തെരഞ്ഞടുപ്പ് കമ്മീഷന് കോടിക്കണക്കിന് സാധാരണ വോട്ടര്‍മാരുടെ കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും വിമര്‍ശനമുണ്ടായി.
അതേസമയം, വോട്ടര്‍ പട്ടികയുടെ നിലവിലുള്ള പ്രത്യേക തീവ്ര പുതുക്കല്‍ നടപടികള്‍ക്കിടെ ചില വോട്ടര്‍മാര്‍ക്ക് അയച്ച നോട്ടീസുകള്‍ അവരുടെ പേരുകള്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുമെന്ന് അർത്ഥമില്ലെന്ന് ഡല്‍ഹിയിലെ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഞായറാഴ്ച വ്യക്തമാക്കി. ബന്ധപ്പെട്ട വോട്ടര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവസരം നല്‍കും. കൃത്യമായ കാരണങ്ങള്‍ വ്യക്തമാക്കാതെയും അപ്പീല്‍ നല്കാന് സാധിക്കുന്ന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യാതെ ഒരാളുടെയും പേര് നീക്കം ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ നടക്കുന്ന ഈ പുതുക്കല്‍ നടപടിക്കിടയില്‍ വിഐപികള്‍ക്കും പ്രത്യേകമായി അടയാളപ്പെടുത്തിയ വോട്ടര്‍മാര്‍ക്കും നോട്ടീസുകള്‍ അയച്ചതിനെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് ഈ വിശദീകരണം.
Content Highlights: Congress president Mallikarjun Kharge has criticised the BJP and the Election Commission over the Special Intensive Revision process. In a post on X, Kharge described the procedure as a “Frankenstein monster” and alleged that the exercise was an arbitrary move aimed at denying citizens their voting rights.