'മുഖ്യമന്ത്രി എമിറേറ്റ്‌സിൽ ചെന്നൈയിൽ നിന്ന് ലണ്ടനിലേക്കല്ല, ഇൻഡിഗോയിൽ മധുരയ്ക്കാണ് പോകേണ്ടത്': അണ്ണാമലൈ

എല്ലാക്കാര്യത്തിനും വിദേശത്തേക്ക് പോകേണ്ട കാര്യമില്ലെന്നും വിജയ്‌യെ വിമര്‍ശിച്ച് കൊണ്ട് അണ്ണാമലൈ അഭിപ്രായപ്പെട്ടു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ ലണ്ടന്‍ യാത്രയ്‌ക്കെതിരെ വിമര്‍ശനവുമായി ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. തമിഴ്‌നാട്ടിലേക്ക് നിക്ഷേപം തേടേണ്ട ശരിയായ ഇടമല്ല യുകെ എന്നാണ് അണ്ണാമലൈയുടെ വിമര്‍ശനം. രാജ്യത്ത് നിന്ന് തന്നെ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതെന്നും അണ്ണാമലൈ പ്രതികരിച്ചു. സംസ്ഥാനത്ത് നിന്ന് ഒരു സംഘം പ്രതിനിധികളുമായി സ്തംഭിച്ച സമ്പദ് വ്യവസ്ഥയുള്ള യുകെയിലേക്ക് പോകുന്നതിന് പകരം ഇന്ത്യയിലെ പ്രമുഖ നഗരങ്ങളുമായാണ് ബന്ധം സ്ഥാപിക്കേണ്ടതെന്നും അണ്ണാമലൈ പറഞ്ഞു.

'ലണ്ടന്‍ നഗരത്തെ വളരെ വ്യക്തമായി എനിക്കറിയാം. അതൊരു സ്തംഭിച്ച സമ്പദ് വ്യവസ്ഥയാണ്. യുകെയുടെ വളര്‍ച്ച വെറും ഒരു ശതമാനമാണ്. അവിടെയത്തി അവരോട് തമിഴ്‌നാട്ടിലേക്ക് പണം നിക്ഷേപിക്കണമെന്ന് പറഞ്ഞാല്‍ എവിടെ നിന്ന് എടുത്ത് നല്‍കാനാണ്?' - അണ്ണാമലൈ പരിഹസിച്ചു.

ഇതിന് പകരം വിജയ് തമിഴ്‌നാട്ടിലെ പ്രമുഖ വ്യവസായ കേന്ദ്രങ്ങളിലേക്കാണ് പോകേണ്ടതെന്നും പ്രാദേശിക വ്യവസായവുമായി നേരിട്ട് ഇടപെടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എമിറേറ്റ്സ് ഫ്‌ളൈറ്റ് പിടിച്ച് ചെന്നൈയില്‍ നിന്നും ലണ്ടനിലേക്കല്ല, മറിച്ച് ഇന്‍ഡിഗോ ഫ്‌ളൈറ്റില്‍ ചെന്നൈയില്‍ നിന്നും കോയമ്പത്തൂരിലേക്കോ മധുരയിലേക്കോ ആണ് മുഖ്യമന്ത്രി പോകേണ്ടത്. അതല്ലെങ്കില്‍ പ്രധാന ഇന്ത്യന്‍ നഗരങ്ങളായ മുംബൈ, ഡല്‍ഹി, ബെംഗളുരു എന്നിവിടങ്ങള്‍ നിക്ഷേപങ്ങള്‍ക്കായി സമീപിക്കാവുന്ന മികച്ച ഇടങ്ങളാണെന്നും അണ്ണാമലൈ പറഞ്ഞു.

മധുരയിലെ ചേമ്പര്‍ ഒഫ് കൊമേഴ്‌സുമായി സഹകരിക്കണം, അല്ലെങ്കില്‍ കോയമ്പത്തൂരിലെ ടെക്‌സ്റ്റൈല്‍ മില്ലുകളെയും ഓട്ടോമൊബൈല്‍ വ്യവസായത്തെ കുറിച്ചും അറിയാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബോംബയിലോ ഡല്‍ഹിയിലോ ബെംഗളുരുവിലോ പോയി നിക്ഷേപങ്ങള്‍ കൊണ്ടുവരണം. എല്ലാക്കാര്യത്തിനും വിദേശത്തേക്ക് പോകേണ്ട കാര്യമില്ലെന്നും അണ്ണാമലൈ അഭിപ്രായപ്പെട്ടു.

ലണ്ടനില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ നടന്‍ അജിത് കുമാറിനും നടി തൃഷയ്ക്കും ഒപ്പമുള്ള വിജയ്‌യുടെ ചിത്രങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പല വിവാദങ്ങളും ഉയര്‍ന്ന് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അണ്ണാമലൈയുടെ വിമര്‍ശനം. അതേസമയം യാത്രയ്ക്ക് പിന്നാലെ 15,000കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങളും 10,000ത്തോളം തൊഴില്‍ സാധ്യതകളും ലഭിച്ചതായാണ് തമിഴ്‌നാട് സര്‍ക്കാര്‍ അവകാശപ്പെട്ടത്.

Content Highlights: K Annamalai criticised Tamil Nadu Chief Minister C Joseph Vijay’s recent London visit aimed at attracting investments. Annamalai said the government should focus on local industries and suggested that Vijay travel to industrial centres such as Madurai and Coimbatore instead of travelling abroad

To advertise here,contact us