ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനികളുടെ മുടിമുറിച്ചതിൽ അന്വേഷണം; സംഭവം ആന്ധ്രയിൽ

സഹപാഠികള്‍ക്ക് ഇതില്‍ പങ്കുണ്ടാകാനുള്ള സാധ്യതയാണ് നിലവില്‍ പൊലീസും സ്‌കൂള്‍ അധികൃതരും പരിശോധിക്കുന്നത്

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 9-ാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ മുടി അജ്ഞാതര്‍ മുറിച്ച നിലയില്‍. സെപ്റ്റംബര്‍ 16-ന് രാത്രിയിലാണ് ഭീമിലിയിലെ കൃഷ്ണപുരത്തുള്ള കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയ (കെജിബിവി) ഹോസ്റ്റലില്‍ സംഭവം നടന്നത്.

രണ്ട് മുറികളിലായി ഏകദേശം 38 ഓളം കുട്ടികളാണ് ഹോസ്റ്റലിലുള്ളത്. ഇതിലെ പത്ത് പെൺകുട്ടികളുടെ മുടിയാണ് മുറിച്ചത്. ആദ്യം പുറത്തുനിന്നുള്ള ഒരാള്‍ ഹോസ്റ്റലില്‍ പ്രവേശിച്ചതാകാമെന്നാണ് കരുതിയത്. എന്നാല്‍ സഹപാഠികള്‍ക്ക് ഇതില്‍ പങ്കുണ്ടാകാനുള്ള സാധ്യതയാണ് നിലവില്‍ പൊലീസും സ്‌കൂള്‍ അധികൃതരും പരിശോധിക്കുന്നത്. പൊലീസ് വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു, എന്താണ് സംഭവിച്ചതെന്ന് സ്ഥാപിക്കാന്‍ ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

ഭീമിലി എംഎല്‍എ ഗന്ത ശ്രീനിവാസ റാവു ഞായറാഴ്ച ഹോസ്റ്റല്‍ സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥികളുമായും മാതാപിതാക്കളുമായും മാനേജ്മെന്റുമായും സംസാരിച്ചു.

'പുറത്തുനിന്നുള്ള ആരെങ്കിലും ഹോസ്റ്റലിലേക്ക് പ്രവേശിക്കാനുള്ള സാധ്യത വളരെ കുറവാണ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും', എന്ന് പറഞ്ഞ എംഎല്‍എ വിശദമായ അന്വേഷണം നടത്തണമെന്നും നിര്‍ദ്ദേശിച്ചു.

പൊലീസും സ്‌കൂള്‍ അധികൃതരും വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കിയിട്ടുണ്ടെന്നും സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും ഭീമിലി ഇന്‍സ്പെക്ടര്‍ ജി ദിവാകര്‍ പറഞ്ഞു.

ഹോസ്റ്റലിലെ രാത്രികാല സുരക്ഷയിലും മേല്‍നോട്ടത്തിലും ഗുരുതരമായ വീഴ്ച വരുത്തിയതിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകര്‍, കാവല്‍ക്കാരി ഉള്‍പ്പെടെ നാല് ജീവനക്കാര്‍ എന്നിവർക്ക് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

Content Highlights: andhra pradesh hostel students hair cut while sleeping unknown persons

To advertise here,contact us