ലഖ്നൗ: സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന് മുന്നില്‍ നേതാക്കളുടെ തമ്മിലടി. സമാജ്വാദി പാര്‍ട്ടിയുടെ രണ്ട് ജില്ലകളിലെ മുഴുവന്‍ ഘടകങ്ങളും പിരിച്ചു വിട്ടു. യുപിയിലെ ഇറ്റാ, കാസ്ഗഞ്ച് ജില്ലാ കമ്മിറ്റികള്‍ അടക്കമാണ് പിരിച്ചുവിട്ടിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് നോതാക്കള്‍ തമ്മില്‍ അടിയും തര്‍ക്കവും ഉണ്ടായത്. എസ്പി നേതാവ് മന്‍ജീത് യാദവും, മുന്‍ ഇറ്റാ ജില്ലാ പഞ്ചായത്ത് ചെയര്മാന് യോഗേന്ദ്ര സിംഗ് യാദവും തമ്മിലാണ് തര്‍ക്കമുണ്ടായതെന്നാണ് വിവരം.
യോഗത്തിനിടെ മുന്‍ ഇറ്റാ ജില്ലാ പഞ്ചായത്ത് ചെയര്മാന് ജുഗേന്ദ്ര സിംഗ് യാദവ് നടത്തിയ ചില പരാമര്‍ശങ്ങളെ മന്‍ജീത് യാദവ് എതിര്‍ത്തതിനെത്തുടര്‍ന്നാണ് സംഘര്‍ഷം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഖിലേഷ് യാദവിന്റെയും മറ്റ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ഈ അഭിപ്രായവ്യത്യാസം പെട്ടെന്നുതന്നെ രൂക്ഷമായ വാഗ്വാദത്തിലേക്കും അധിക്ഷേപങ്ങളിലേക്കും വഴിമാറിയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇറ്റാ ജില്ലയിലെ നാല് നിയമസഭാ മണ്ഡലങ്ങളും നിലവില്‍ ബിജെപിയുടെ എംഎല്‍എമാരാണുള്ളത്. കാസ്ഗഞ്ച് ജില്ലയിലെ നാല് നിയമസഭാ സീറ്റുകളില്‍ മൂന്നെണ്ണം ബിജെപിയുടെ കൈവശമുള്ളപ്പോള്‍, ഒരെണ്ണം എസ്പിയുടെ കൈവശമാണ്.
പ്രാദേശിക നേതൃത്വത്തെ ഏകോപിപ്പിക്കാനും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി പ്രവര്‍ത്തകരെ സജ്ജരാക്കാനുമുള്ള എസ്പിയുടെ ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് സംഘടനാ ഘടകങ്ങള്‍ പിരിച്ചുവിട്ടതെന്നാണ് എസ്പിയുടെ നിലപാട്. ഈ സംഘര്‍ഷം ഒറ്റപ്പെട്ട സംഭവമായി മാത്രമല്ല, പ്രാദേശിക നേതാക്കള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളുടെ പ്രതിഫലനം കൂടിയായാണ് വിലയിരുത്തപ്പെടുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. 2027-ലെ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ജില്ലാ ഘടകങ്ങളെ പുനഃസംഘടിപ്പിക്കാനും പുതിയ ഭാരവാഹികളെ നിയമിക്കാനും പാര്‍ട്ടി നേതൃത്വം പദ്ധതിയിടുന്നുണ്ട്.
അതേസമയം ദളിത് വോട്ടുകള്‍ ഒപ്പം നിര്‍ത്താന്‍ അഖിലേഷ് യാദവ് നീക്കങ്ങള്‍ സജീവമാക്കിയിരിക്കുകയാണ്. ഉത്തര്‍ പ്രദേശില്‍ 151 അംബേദ്കര്‍ പ്രതിമകള്‍ തകര്‍ത്തു എന്ന് അഖിലേഷ് ആരോപിച്ചു. ഇതില്‍ വെറും 45 എഫ്ഐആറുകള്‍ മാത്രമാണ് ഇട്ടിട്ടുള്ളതെന്നും 14 അറസ്റ്റ് മാത്രമാണ് നടന്നിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ഓരോ മണ്ഡലത്തിലും 27,000 ബിജെപി വോട്ടുകള്‍ കുറയ്ക്കാന്‍ ലക്ഷ്യം വെച്ചാണ് സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തനം എന്നാണ് റിപ്പോര്‍ട്ട്.
Content Highlights: The Samajwadi Party has dissolved its organisational units in Uttar Pradesh’s Etah and Kasganj districts after a reported dispute among leaders during a meeting on Assembly election preparations. The disagreement reportedly involved SP leader Manjeet Yadav and former Etah district panchayat chairman Yogendra Singh Yadav.